Sorry, you need to enable JavaScript to visit this website.

ദല്‍ഹിയില്‍ അഖിലേന്ത്യാ മുസ്ലിം മഹാ പഞ്ചായത്ത് നടത്താന്‍ പോലീസ് അനുമതി നല്‍കി

ന്യൂദല്‍ഹി- ദല്‍ഹി രാംലീല മൈതാനത്ത് ഈ മാസം 18ന് അഖിലേന്ത്യാ മുസ്ലിം പഞ്ചായത്ത് സംഘടിപ്പിക്കാന്‍ അനുമതി നല്‍കിയതായി ദല്‍ഹി പോലീസ് ദല്‍ഹി ഹൈക്കോടതിയെ അറിയിച്ചു.
പൗരാവകാശ സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്നുവെന്ന് അവകാശപ്പെട്ട് രംഗത്തുള്ള മിഷന്‍ സേവ് കോണ്‍സ്റ്റിറ്റിയൂഷന്‍ എന്ന സംഘടനയാണ് രാംലീല ഗ്രൗണ്ടില്‍ അഖിലേന്ത്യാ മുസ്ലീം മഹാപഞ്ചായത്ത് സംഘടിപ്പിക്കുന്നത്.
പരിപാടിയുടെ സുരക്ഷിതവും സുഗമവുമായ നടത്തിപ്പിന് ചില നിബന്ധനകള്‍ക്ക് വിധേയമായാണ് അനുമതി നല്‍കിയിരിക്കുന്നതന്ന് പോലീസ് കോടതിയെ അറിയിച്ചു.
ദല്‍ഹി പോലീസ് നല്‍കിയ മറുപടിയുടെ അടിസ്ഥാനത്തില്‍ സംഘടന സമര്‍പ്പിച്ച ഹരജി ജസ്റ്റിസ് സുബ്രഹ്മണ്യം  പ്രസാദ് തീര്‍പ്പാക്കി.

മഹാപഞ്ചായത്ത് സംഘടിപ്പിക്കുന്നതിനുള്ള നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് (എന്‍ഒസി) ആവശ്യപ്പെട്ട് സമര്‍പ്പിച്ച അപേക്ഷ സെന്‍ട്രല്‍ ഡിസ്ട്രിക്ട് ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ വെച്ചുതാമസിപ്പിക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് മിഷന്‍ സേവ് കോണ്‍സ്റ്റിറ്റിയൂഷന്‍ കോടതിയെ സമീപിച്ചിരുന്നത്.ഡിസംബര്‍ നാലിന് രാംലീല മൈതാനം മുസ്ലിം പഞ്ചായത്ത് ചേരാന്‍ അനുവദിക്കണമെന്നാണ് ആദ്യം ആവശ്യപ്പെട്ടിരുന്നത്.

ഡിസംബര്‍ നാലിന് മൈതാനം ലഭ്യമല്ലെങ്കില്‍ പുതിയ തീയതി നല്‍കണമെന്ന് കോടതി പോലീസിനോട് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് ഡിസംബര്‍ 18 സംഘടന തിരഞ്ഞെടുക്കുകയായിരുന്നു.
പരിപാടി സുരക്ഷിതമായും സുഗമമായും നടക്കുന്നതിന് 10,000 പേരില്‍ കൂടുതല്‍ പേര്‍ പങ്കെടുക്കില്ല എന്നതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ഉറപ്പ് നല്‍കാന്‍ പോലീസിനു വേണ്ടി ഹാജരായ അഭിഭാഷകനായ അരുണ്‍ പന്‍വാര്‍ ഹരജിക്കാരോട് ആവശ്യപ്പെട്ടു.
അധികൃതരെ അറിയിച്ചിട്ടുള്ള പ്രസംഗകളുടെ എണ്ണം കൂട്ടില്ലെന്നും ഇന്ത്യന്‍ നിയമങ്ങള്‍ക്ക് വിരുദ്ധമായി പ്രസംഗമുണ്ടാകില്ലെന്നും പ്രദേശത്തിന്റെ പൊതു സൗഹാര്‍ദ്ദത്തിനും സമാധാനത്തിനും ഭംഗം വരുത്തുന്ന വിദ്വേഷ പ്രസംഗം നടത്തില്ലെന്നും ഉറപ്പുവരുത്താന്‍ സിറ്റി പോലീസ് നിര്‍ദേശിച്ചു.സമ്മിശ്ര ജനസംഖ്യയുള്ള പ്രദേശത്ത് ഒരു വലിയ മതസമ്മേളനം സാമുദായിക സൗഹാര്‍ദ്ദത്തേയും ക്രമസമാധാനത്തേയും ബാധിക്കുമെന്നും പരിപാടിയുടെ സ്ഥലം മാറ്റണമെന്നുമാണ്   സിറ്റി പോലീസ് നേരത്തെ പറഞ്ഞിരുന്നത്. ഡിസംബര്‍ മൂന്ന് മുതല്‍ അഞ്ചു വരെ രാംലീല ഗ്രൗണ്ടില്‍ 'വിശ്വ ജന്‍ കല്യാണ് മഹായജ്ഞം' സംഘടിപ്പിക്കുന്നതിന് മഹാ ത്യാഗി സേവാ സന്‍സ്ഥാന് നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് (എന്‍ഒസി) നല്‍കിയിട്ടുണ്ടെന്നും അതിനാല്‍ വേദി ലഭ്യമല്ലെന്നും പോലീസ് അറിയിച്ചിരുന്നു.
ടിച്ചമര്‍ത്തപ്പെട്ട എല്ലാവരുടെയും ശബ്ദം അതിന്റെ യോഗങ്ങളില്‍ ഉയരുമെന്നും ന്യൂനപക്ഷ സമുദായങ്ങളില്‍ തുടങ്ങി പട്ടികജാതി (എസ്‌സി), പട്ടികവര്‍ഗം (എസ്ടി), മറ്റ് പിന്നാക്ക വിഭാഗങ്ങള്‍ (ഒബിസി) തുടങ്ങിയ സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങളെ ശക്തിപ്പെടുത്തുന്നതിന് നിരവധി പരിപാടികള്‍ ആരംഭിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് സംഘടനയുടെ അപേക്ഷയില്‍ പറയുന്നു.
ദുരിതങ്ങളും കഷ്ടപ്പാടുകളും ലഘൂകരിക്കുന്നതിന് ഭരണഘടനാപരവും നിയമപരവുമായ വ്യവസ്ഥകള്‍ ഉപയോഗപ്പെടുത്തുന്നതിന് ബഹുജനങ്ങളില്‍ പ്രത്യേകിച്ച് അടിച്ചമര്‍ത്തപ്പെട്ട വിഭാഗങ്ങളില്‍ അവബോധം വളര്‍ത്തുന്നതിനാണ് പ്രവര്‍ത്തിക്കുന്നതെന്ന് അഭിഭാഷകന്‍ മഹ്്മൂദ് പ്രാച്ചയുടെ നേതൃത്വത്തിലുള്ള സംഘടന പറയുന്നു.

 

Latest News