Sorry, you need to enable JavaScript to visit this website.

ഫലസ്തീനികളെ അക്രമിക്കുന്ന ഇസ്രായിലി കുടിയേറ്റക്കാര്‍ക്ക് വിസ നല്‍കില്ലെന്ന് യു.എസ്

ന്യൂയോര്‍ക്ക്- അധിനിവേശ വെസ്റ്റ് ബാങ്കില്‍ ഫലസ്തീനികള്‍ക്കെതിരായ അക്രമങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഇസ്രായിലി കുടിയേറ്റക്കാര്‍ക്ക് വിസ നിരോധം ഏര്‍പ്പെടുത്താന്‍ അമേരിക്ക ഒരുങ്ങുന്നതായി യു.എസ് വിദേശകാര്യ വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.
യു.എസ് സ്‌റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി വ്യാഴാഴ്ച ജറുസലമില്‍ കൂടിക്കാഴ്ച നടത്തിയപ്പോള്‍ വാഷിംഗ്ടണ്‍ ഉപരോധത്തിന് തയാറെടുക്കുകയാണെന്ന് അറിയിച്ചു.
വിസ നിരോധം അടുത്ത ആഴ്ച തന്നെ ഏര്‍പ്പെടുത്തിയേക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഗാസ മുനമ്പില്‍ ഇസ്രായിലും ഹമാസും തമ്മില്‍ പൊട്ടിപ്പുറപ്പെട്ട യുദ്ധത്തോടൊപ്പമാണ് വെസ്റ്റ് ബാങ്കില്‍ അക്രമം വര്‍ധിച്ചത്.
1967 മുതല്‍ ഇസ്രായില്‍ അധിനിവേശത്തിലുള്ള വെസ്റ്റ്ബാങ്കിലെ ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, ഒക്ടോബര്‍ 7 മുതല്‍ ഏകദേശം 240 ഫലസ്തീനികളെ ഇസ്രായില്‍ സൈനികരോ കുടിയേറ്റക്കാരോ കൊലപ്പെടുത്തിയിട്ടുണ്ട്.
ഗാസ യുദ്ധം ആരംഭിച്ചതിനുശേഷം ഈ മേഖലയിലേക്കുള്ള തന്റെ മൂന്നാമത്തെ യാത്രയില്‍, ഫലസ്തീനികള്‍ക്കെതിരെ അക്രമം നടത്തുന്ന കുടിയേറ്റക്കാരെ പ്രോസിക്യൂട്ട് ചെയ്യാന്‍ ബ്ലിങ്കെന്‍ ഇസ്രായിലിനോട് ആവശ്യപ്പെട്ടു.
'അക്രമം നിര്‍ത്തലാക്കുന്നതിന് നടപടികള്‍ കൈക്കൊള്ളാന്‍ ഞങ്ങള്‍ ഇസ്രായില്‍ ഗവണ്‍മെന്റിനോട് ആവശ്യപ്പെടുകയാണ്. അതേസമയം, ഞങ്ങള്‍ ഞങ്ങളുടെ സ്വന്തം നടപടികളും പരിഗണിക്കുന്നു- അദ്ദേഹം പറഞ്ഞു.
യുനൈറ്റഡ് നേഷന്‍സ് കാലാവസ്ഥാ സമ്മേളനത്തോടനുബന്ധിച്ച് നിരവധി അറബ് രാജ്യങ്ങളില്‍നിന്നുള്ള പ്രതിനിധികളുടെ യോഗത്തില്‍ പങ്കെടുക്കാന്‍ ബ്ലിങ്കന്‍ പിന്നീട് ദുബായിലേക്ക് പോയി.
'വെസ്റ്റ് ബാങ്കില്‍ സിവിലിയന്മാരെ ആക്രമിക്കുന്ന ഇസ്രായില്‍ തീവ്രവാദികള്‍ക്കെതിരെ വിസ നിരോധം പുറപ്പെടുവിക്കാന്‍ തന്റെ ഭരണകൂടം തയാറാണെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡനെ ഉദ്ധരിച്ച് വാഷിംഗ്ടണ്‍ പോസ്റ്റ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

 

Latest News