Sorry, you need to enable JavaScript to visit this website.

കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ്; വ്യാജ വാർത്ത നിർത്തി പ്രതികളെ പിടിക്കൂവെന്ന് നഴ്‌സിങ് സംഘടനാ നേതാവ് ജാസ്മിൻ ഷാ 

കൊല്ലം - ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ വ്യാജവാർത്തകൾ വ്യാപകമായി പ്രചരിക്കുന്നുണ്ടെന്നും ഇത് യഥാർത്ഥ പ്രതികളെ രക്ഷപ്പെടാൻ മാത്രമെ സഹായിക്കൂവെന്നും നഴ്‌സിങ് സംഘടനാ നേതാവ് ജാസ്മിൻഷാ പറഞ്ഞു.
 കുട്ടിയുടെ പിതാവ് റെജി പത്തനംതിട്ടയിലെ നഴ്‌സിങ് സംഘടനയുടെ ശക്തനായ നേതാവാണ്. സംഘടനയിൽ ഭിന്നതയില്ലെന്നും എല്ലാവരും ഒറ്റക്കെട്ടാണെന്നും അദ്ദേഹം ഫേസ്ബുക്ക് ലൈവിൽ പറഞ്ഞു. ഈ പ്രതിസന്ധി ഘട്ടത്തിൽ റെജിക്കും കുടുംബത്തിനുമൊപ്പം നഴ്‌സിങ് സമൂഹം ഒറ്റക്കെട്ടായി നിൽക്കും. യഥാർത്ഥ പ്രതികളെ പിടികൂടാതെ സംഘടനയെ ആരോപണങ്ങളിലേക്ക് വലിച്ചിഴച്ചാൽ നിലപാട് വ്യക്തമാക്കുമെന്നും ജാസ്മിൻ ഷാ പറഞ്ഞു.
 ഒ.ഇ.ടി പരീക്ഷയുമായി ബന്ധപ്പെട്ട് തട്ടിപ്പുകൾ നടക്കുന്ന കാര്യം നേരത്തെ തന്നെ യു.എൻ.എ ആരോപണം ഉന്നയിച്ചതാണ്. ഇക്കാര്യത്തിൽ ശക്തമായ നടപടി ആവശ്യമാണ്. നഴ്‌സിങ് റിക്രൂട്ട്‌മെന്റ് പരീക്ഷയിലെ ക്രമക്കേട് അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും നടപടി എടുത്തിരുന്നില്ല. ഇപ്പോൾ ഇത്തരമൊരു ആരോപണവുമായി വരുന്നത് യഥാർത്ഥ പ്രതികളെ രക്ഷിക്കാൻ മാത്രമെ സഹായിക്കൂ. കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ നാലുദിവസമായിട്ടും പ്രതികളെ പിടികൂടാനായിട്ടില്ലെങ്കിലും പോലീസിൽ തങ്ങൾക്ക് വിശ്വാസമുണ്ടെന്നും പ്രതികളെ ഉടനെ പിടികൂടുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
  ലോകത്താകെയുള്ള മലയാളി നഴ്‌സുമാരുടെ സംഘടനയാണ് യു.എൻ.എ. സംഘടന നഴ്‌സിങ് റിക്രൂട്ട്‌മെന്റ് നടത്തുന്നില്ല. നഴ്‌സിങ് റിക്രൂട്ട്‌മെന്റ് നടത്തുന്നതിന് ലൈസൻസ് ആവശ്യമാണ്. അത്തരം ലൈസൻസ് യു.എൻ.എയ്ക്കില്ല. എന്നാൽ, വിദേശ രാജ്യങ്ങളിൽ ജോലിക്ക് ശ്രമിക്കുന്ന നഴ്‌സുമാർക്ക് ആവശ്യമായ മാർഗനിർദേശങ്ങൾ നൽകാറുണ്ടെന്നും ജാസ്മിൻ ഷാ പ്രതികരിച്ചു.
 

Latest News