Sorry, you need to enable JavaScript to visit this website.

ആരിഫിനെ മാതൃകയാക്കി തമിഴ്‌നാട് ഗവര്‍ണറും; 10 ബില്ലുകള്‍ രാഷ്ട്രപതിക്ക് അയച്ചു

ചെന്നൈ - കേരളത്തിന് പിന്നാലെ തമിഴ്‌നാട്ടിലും ഗവര്‍ണറുടെ ആക്ഷന്‍. നിയമസഭ പാസാക്കിയ 10 ബില്ലുകള്‍ തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍.എന്‍.രവി രാഷ്ട്രപതിക്ക് അയച്ചു. ഗവര്‍ണര്‍ക്കെതിരെ തമിഴ്‌നാട് സര്‍ക്കാര്‍ നല്‍കിയ ഹരജിയില്‍ സുപ്രീം കോടതി വാദം കേള്‍ക്കാനിരിക്കെയാണ് നടപടി. ബില്ലുകളില്‍ തീരുമാനമെടുക്കാതെ വൈകിപ്പിക്കുന്നതില്‍ സുപ്രീം കോടതി ഗവര്‍ണറെ വിമര്‍ശിച്ചിരുന്നു.
ഹരജി നേരത്തേ പരിഗണിക്കവേ, സര്‍ക്കാര്‍ കോടതിയെ സമീപിച്ച ശേഷം മാത്രം ബില്ലുകള്‍ പരിഗണിച്ച ഗവര്‍ണര്‍ 3 വര്‍ഷം എന്തെടുക്കുകയായിരുന്നുവെന്നു സുപ്രീം കോടതി ചോദിച്ചിരുന്നു. സര്‍ക്കാര്‍ കോടതിയെ സമീപിക്കുംവരെ ഗവര്‍ണര്‍ കാത്തുനിന്നത് എന്തുകൊണ്ടാണെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് ആരാഞ്ഞു.
ഹരജിയില്‍, നവംബര്‍ 10നു ഗവര്‍ണര്‍ക്കു സുപ്രീം കോടതി നോട്ടിസയച്ചിരുന്നു. പിന്നാലെ, 2020 മുതല്‍ കൈവശമിരിക്കുന്ന 10 ബില്ലുകള്‍ ഒന്നിച്ചു പരിഗണിച്ച ഗവര്‍ണര്‍ ഇവ തിരിച്ചയച്ചു. സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള സര്‍വകലാശാലകളുടെ ചാന്‍സലര്‍ പദവി പരിമിതപ്പെടുത്തുന്നതുള്‍പ്പെടെയുള്ള ബില്ലുകളാണ് ഗവര്‍ണര്‍ തിരിച്ചയച്ചത്. ഗവര്‍ണര്‍ തിരിച്ചയച്ച 10 ബില്ലുകളും നവംബര്‍ 18ന് മാറ്റങ്ങളില്ലാതെ തമിഴ്‌നാട് നിയമസഭ പ്രത്യേക സമ്മേളനത്തില്‍ വീണ്ടും പാസാക്കിയിരുന്നു. ഇതില്‍ ഗവര്‍ണറുടെ തീരുമാനം വരുന്നതുവരെ കാത്തിരിക്കാനാണു കോടതി ഹരജി മാറ്റിയത്.
കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കേരള നിയമസഭ പാസാക്കിയ 7 ബില്ലുകള്‍ രാഷ്ട്രപതിക്ക് അയച്ചിരുന്നു.

 

Latest News