Sorry, you need to enable JavaScript to visit this website.

മിനിമം എട്ടു കുട്ടികളെയെങ്കിലും പ്രസവിക്കണം- റഷ്യന്‍ വനിതകളോട് പുട്ടിന്‍

മോസ്‌കോ- കുറഞ്ഞത് എട്ട് കുട്ടികളെയെങ്കിലും പ്രസവിക്കണമെന്ന് റഷ്യന്‍ വനിതകളോട് പ്രസിഡന്റ് വ്‌ളാഡിമിര്‍ പുട്ടിന്‍. വരുന്ന ദശകങ്ങളില്‍ റഷ്യന്‍ ജനസംഖ്യ വര്‍ധിപ്പിക്കുന്നത് ലക്ഷ്യമാക്കി പ്രവര്‍ത്തിക്കണമെന്നും പുട്ടിന്‍ കൂട്ടിച്ചേര്‍ത്തു. മോസ്‌കോയില്‍ വേള്‍ഡ് റഷ്യന്‍ പീപ്പിള്‍സ് കൗണ്‍സില്‍ യോഗത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു പുട്ടിന്‍.
നമ്മുടെ പല ഗോത്രവര്‍ഗങ്ങളും നാലോ അഞ്ചോ അതിലധികമോ കുട്ടികള്‍ക്കു ജനനം നല്‍കുന്ന പാരമ്പര്യം തുടരുന്നുണ്ട്. റഷ്യന്‍ കുടുംബങ്ങളെ ഓര്‍മിച്ചാല്‍ നമ്മുടെ മുത്തശ്ശിമാര്‍ക്കും മറ്റും ഏഴും എട്ടും അതിലധികവും കുട്ടികളുണ്ടായിരുന്നു. ഈ പാരമ്പര്യം നമ്മള്‍ സംരക്ഷിക്കണം. വലിയ കുടുംബങ്ങളെന്നത് നമ്മുടെ രീതിയായിരിക്കണം. എല്ലാ റഷ്യക്കാരുടെയും ജീവിതരീതിയായിരിക്കണം. റഷ്യയുടെ ജനസംഖ്യ വര്‍ധിപ്പിക്കുന്നതും സംരക്ഷിക്കുന്നതുമായിരിക്കണം വരും ദശകങ്ങളിലെ നമ്മുടെ ലക്ഷ്യം. ഇതാണ് റഷ്യന്‍ ലോകത്തിന്റെ ഭാവി- വെര്‍ച്വലായി സമ്മേളനത്തെ അഭിസംബോധന ചെയ്ത് പുട്ടിന്‍ പറഞ്ഞു.
1990 മുതല്‍ റഷ്യയിലെ ജനനനിരക്ക് കുറഞ്ഞു കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ ഉക്രൈന്‍ യുദ്ധം ആരംഭിച്ചതിനുശേഷം മൂന്നു ലക്ഷത്തോളം റഷ്യക്കാര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടുവെന്ന് രാജ്യാന്തരമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

 

 

Latest News