Sorry, you need to enable JavaScript to visit this website.

മാഹിയില്‍ നിന്നുള്ള മദ്യക്കടത്ത് പിഴ ഈടാക്കി  നിയമവിധേയമാക്കാന്‍ ശുപാര്‍ശ

തിരുവനന്തപുരം- പുതുച്ചേരിയുടെ ഭാഗമായ മാഹിയില്‍നിന്ന് കേരളത്തിലേക്ക് മദ്യം കടത്തുന്നത് ഉയര്‍ന്ന പിഴ ഈടാക്കി നിയമവിധേയമാക്കാന്‍ ശുപാര്‍ശ. കടത്തിക്കൊണ്ടുവരുന്ന മദ്യത്തിന്റെ നികുതി കേരളത്തിലേതിന് തുല്യമായി കണക്കാക്കും. ഒപ്പം നിശ്ചിതശതമാനം പിഴയും ഈടാക്കി വിട്ടയക്കാമെന്നാണ് നിര്‍ദേശം.ഇതിനായി ധനവകുപ്പുമായി ആലോചിച്ച് പ്രത്യേക സംവിധാനമുണ്ടാക്കണം. എക്‌സൈസ് വകുപ്പിന്റെ നവീകരണം സംബന്ധിച്ച് ഉദ്യോഗസ്ഥ ഭരണപരിഷ്‌കാരവകുപ്പ് നല്‍കിയ റിപ്പോര്‍ട്ടിലാണ് ഈ ശുപാര്‍ശകള്‍. ശുപാര്‍ശകള്‍ സര്‍ക്കാര്‍ അതേപടി സ്വീകരിക്കണമെന്നില്ല.
നിലവില്‍ മാഹിയില്‍നിന്ന് കേരളത്തിലേക്ക് മദ്യം കൊണ്ടുവരുന്നത് നിയമവിരുദ്ധമാണ്. പിടിക്കപ്പെട്ടാല്‍ പിഴയോ തടവോ രണ്ടുംകൂടിയോ ലഭിക്കാവുന്ന കുറ്റം.
കേരളത്തില്‍ മദ്യത്തിന്റെ വില്‍പ്പനനികുതിമാത്രം 251 ശതമാനമാണ്. ഇതിനുപുറമേ എക്‌സൈസ് ഡ്യൂട്ടി, വെയര്‍ഹൗസ് മാര്‍ജിന്‍ തുടങ്ങിയവയും വരും. മാഹിയില്‍ എക്‌സൈസ് ഡ്യൂട്ടി, അഡീഷണല്‍ എക്‌സൈസ് ഡ്യൂട്ടി, സ്പെഷ്യല്‍ എക്‌സൈസ് ഡ്യൂട്ടി എന്നിവയാണ് ഈടാക്കുന്നത്.
മറ്റു ശുപാര്‍ശകള്‍- മദ്യപിച്ച് വാഹനം ഓടിക്കുന്നവരെ പിടിക്കാനുള്ള അധികാരം എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കണമെന്നും റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നു. റെയ്ഞ്ച്, സര്‍ക്കിള്‍ ഓഫീസുകളില്‍ ലോക്കപ്പ് സൗകര്യം ഒരുക്കണം.
കുറ്റവാളികളുടെ ഫോണ്‍വിവരങ്ങള്‍ ലഭ്യമാക്കാന്‍ നടപടിവേണം.
എക്‌സൈസിലും മിനിസ്റ്റീരിയല്‍വിഭാഗം രൂപവത്കരിക്കണം.
രണ്ടാഴ്ചയിലൊരിക്കല്‍ കള്ളുഷാപ്പുകള്‍ നേരിട്ടെത്തി പരിശോധിക്കണം.
എല്ലാ പ്രധാന ചെക്‌പോസ്റ്റുകളിലും വെഹിക്കിള്‍ സ്‌കാനറുകള്‍ സ്ഥാപിക്കണം. ബാരിക്കേഡ്, സി.സി.ടി.വി. എന്നിവ സ്ഥാപിക്കുന്നതിനൊപ്പം അടിസ്ഥാനസൗകര്യമുയര്‍ത്തണം.

Latest News