Sorry, you need to enable JavaScript to visit this website.

കണ്ണൂര്‍ വിസിയുടെ ചുമതല പ്രൊഫ.ബിജോയ് നന്ദന്

കണ്ണൂര്‍- കണ്ണൂര്‍ വിസിയുടെ ചുമതല കുസാറ്റ് പ്രൊഫസര്‍ ബിജോയ് നന്ദന്. സര്‍ക്കാരുമായി ആലോചിക്കാതെയാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ തീരുമാനമെടുത്തത്. കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ഗോപിനാഥ് രവീന്ദ്രന്റെ പുനര്‍നിയമനം സുപ്രീംകോടതി റദ്ദാക്കിയ പശ്ചാത്തലത്തിലാണ് ബിജോയ് നന്ദന് ചുമതല നല്‍കിയത്. അതേസമയം, കണ്ണൂര്‍ വിസി സ്ഥാനത്ത് നിന്ന് പുറത്തായ ഡോക്ടര്‍ ഗോപിനാഥ് രവീന്ദ്രന്‍ ഇന്ന് ദല്‍ഹിയിലേക്ക് മടങ്ങും.
വൈസ് ചാന്‍സലരെ പുനര്‍ നിയമിച്ച രീതി ചട്ടവിരുദ്ധമാണെന്നും ഗവര്‍ണ്ണര്‍ ബാഹ്യശക്തികള്‍ക്ക് വഴങ്ങിയെന്നും സുപ്രീം കോടതി ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ അനാവശ്യ ഇടപെടലിനെത്തുടര്‍ന്ന് ഗവര്‍ണര്‍ക്ക് തീരുമാനം ദുസ്സഹമായി. വൈസ് ചാന്‍സലറുടെ പുനര്‍ നിയമനം അട്ടിമറിയാണ്. സംസ്ഥാന സര്‍ക്കാരിന്റെ ഇടപെടലാണ് പുനര്‍നിയമനം അട്ടിമറിച്ചതെന്നും കോടതി നിരീക്ഷിച്ചു.
സര്‍ക്കാരിനും കണ്ണൂര്‍ വിസി ഗോപിനാഥ് രവീന്ദ്രനും ഏറെ നിര്‍ണ്ണായകമായിരുന്ന ഹര്‍ജിയിലാണ് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ച് വിധി പറഞ്ഞത്. സംസ്ഥാന സര്‍ക്കാരിനെ രൂക്ഷ ഭാഷയില്‍ സുപ്രീംകോടതി വിമര്‍ശിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ ഇടപെടല്‍ പ്രക്രിയയെ ദുഷിപ്പിച്ചു. വിസിയുടെ പുനര്‍ നിയമനം ചാന്‍സിലറിന്റെ അധികാരമാണ്. അതില്‍ സര്‍ക്കാര്‍ ഇടപെടല്‍ വന്നുവെന്നും കോടതി വ്യക്തമാക്കി.
കണ്ണൂര്‍ സര്‍വകലാശാല സെനറ്റ് അംഗം ഡോക്ടര്‍ പ്രേമചന്ദ്രന്‍ കീഴോത്ത്, അക്കാദമിക് കൗണ്‍സില്‍ അംഗം ഷിനോ പി. ജോസ് എന്നിവരാണ് ഡോ. ഗോപിനാഥ് രവീന്ദ്രന്റെ പുനര്‍നിയമനം ചോദ്യം ചെയ്ത് സുപ്രീം കോടതിയെ സമീപിച്ചത്. കഴിഞ്ഞ മാസം കേസില്‍ അന്തിമവാദം കേള്‍ക്കുന്നതിനിടയില്‍ 60 വയസ് കഴിഞ്ഞവരെ വിസിയായി എങ്ങനെ പുനര്‍നിയമിക്കാനാകുമെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബഞ്ച് ചോദിച്ചിരുന്നു.
കേസില്‍ ഹര്‍ജിക്കാര്‍ക്കായി മുതിര്‍ന്ന അഭിഭാഷകരായ ദമാ ഷേഷാദ്രി നായിഡു, ജോര്‍ജ്ജ് പൂംത്തോട്ടം, അഭിഭാഷകന്‍ അതുല്‍ ശങ്കര്‍ വിനോദ്, ചാന്‍സിലറായ ഗവര്‍ണര്‍ക്കായി അറ്റോര്‍ണി ജനറല്‍ ആര്‍. വെങ്കിട്ടരമണി, അഭിഭാഷകന്‍ വെങ്കിട്ട് സുബ്രഹ്യമണ്യം എന്നിവരും, സംസ്ഥാനസര്‍ക്കാരിനായി മുതിര്‍ന്ന അഭിഭാഷകന്‍ കെ.കെ. വേണുഗോപാല്‍, സ്റ്റാന്‍ഡിംഗ് കൌണ്‍സല്‍ നിഷേ രാജന്‍ ഷൊങ്കര്‍, അഭിഭാഷകരായ ആലിം അന്‍വര്‍, അനു കെ ജോയി എന്നിവരും ഹാജരായി.
60 വയസ് കഴിഞ്ഞ കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ഗോപിനാഥ് രവീന്ദ്രന് സര്‍ക്കാര്‍ പുനര്‍ നിയമനം നല്‍കിയതിനെതിരെ വലിയ പ്രതിഷേധമായിരുന്നു ഉയര്‍ന്നത്. സര്‍ക്കാര്‍ ചട്ടങ്ങള്‍ ലംഘിച്ച് നിയമനം നടത്തിയെന്നായിരുന്നു ആരോപണം. 2021 നവംബര്‍ 23 നാണ് സംസ്ഥാന സര്‍ക്കാരിന്റെ ശുപാര്‍ശ അംഗീകരിച്ച് കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലറായി ഡോ. ഗോപിനാഥ് രവീന്ദ്രന് നാലു വര്‍ഷത്തേക്ക് പുനര്‍നിയമനം നല്‍കിയത്. കീഴ്വഴക്കങ്ങള്‍ ലംഘിച്ചുകൊണ്ടുളള നടപടിക്കെതിരെ കണ്ണൂര്‍ സര്‍വകലാശാല സെനറ്റംഗം ഡോ.പ്രേമചന്ദ്രന്‍ കീഴോത്ത്, അക്കാദമിക് കൗണ്‍സില്‍ അംഗം ഷിനോ പി.ജോസ് എന്നിവര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. 2021 ഡിസംബര്‍ 15 ന് വിസിയുടെ പുനര്‍നിയമനം ഹൈക്കോടതി ശരിവച്ചു.
2021 ഡിസംബര്‍ 16 ന് ഗോപിനാഥ് രവീന്ദ്രന്റെ പുനര്‍നിയമനം ശരിവച്ച സിംഗിള്‍ ബഞ്ച് ഉത്തരവിനെതിരെ ഹര്‍ജിക്കാര്‍ അപ്പീല്‍ സമര്‍പ്പിച്ചു. 2021 ഡിസംബര്‍ 17 ന് നല്‍കിയ അപ്പീലില്‍ ഗവര്‍ണര്‍ക്ക് ഹൈക്കോടതി നോട്ടീസ് നല്‍കി. സംസ്ഥാന സര്‍ക്കാരിനോടും നിലപാട് അറിയിക്കാന്‍ കോടതി നിര്‍ദേശിച്ചു. പുനര്‍നിയമനത്തിന് രാജ്ഭവന്‍ നിര്‍ദേശം നല്‍കിയിട്ടില്ലെന്ന് ഗവര്‍ണര്‍ അറിയിച്ചു. താന്‍ നിര്‍ദേശിച്ചതുകൊണ്ടാണ് പുനര്‍നിയമനത്തിന് ഗോപിനാഥിന്റെ പേര് ശുപാര്‍ശ ചെയ്തു കൊണ്ടുളള കത്ത് ഉന്നത വിദ്യാഭ്യാസ വകുപ്പ് തന്നതെന്ന വാര്‍ത്തയും ഗവര്‍ണര്‍ നിഷേധിച്ചു.
പിന്നാലെ പുനര്‍ നിയമനം ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ശരിവച്ചു. പിന്നാലെ ഹൈക്കോടതി വിധിക്കെതിരെ കണ്ണൂര്‍ സര്‍വകലാശാല സെനറ്റംഗം ഡോ.പ്രേമചന്ദ്രന്‍ കീഴോത്ത്, അക്കാദമിക് കൗണ്‍സില്‍ അംഗം ഷിനോ പി.ജോസ് എന്നിവര്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി. പുനര്‍ നിയമനത്തിനെതിരായ ഹര്‍ജിയില്‍ ഗവര്‍ണര്‍ക്കും സംസ്ഥാന സര്‍ക്കാരിനും കണ്ണൂര്‍ സര്‍വകലാശാലയ്ക്കും വിസിക്കും സുപ്രീംകോടതി നോട്ടീസ് നല്‍കി. യുജിസി ചട്ടങ്ങള്‍ പാലിച്ചാണ് കണ്ണൂര്‍ സര്‍വകലാശാലയില്‍ തനിക്ക് പുനര്‍നിയമനം നല്‍കിയതെന്ന് ഗോപിനാഥ് രവീന്ദ്രന്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കി. വാദം പൂര്‍ത്തിയായ ശേഷം ഇന്ന് വിധി പറയുകയായിരുന്നു.

Latest News