ന്യൂദല്‍ഹി-ഇന്ത്യയിലെ ഭരണകക്ഷിയായ ബിജെപി ഇസ്രായില്‍-ഗാസ യുദ്ധം രാജ്യത്തെ മുസ്ലിംകളെ പൈശാചികവല്‍കരിക്കാന്‍ ഉപയോഗിക്കുകയാണെന്ന് വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് പറയുന്നു. നവംബര്‍ 29നാണ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.
ഒക്ടോബര്‍ 7 ന് ഹമാസ് പോരാളികള്‍ ഇസ്രായിലില്‍ നടത്തിയ ആക്രമണത്തിനു പിന്നാലെ ഇന്ത്യയിലെ മോഡിക്ക് മുമ്പുള്ള സാഹചര്യവുമായി താരതമ്യപ്പെടുത്തി ബി.ജെ,പി എക്‌സില്‍ ഒരു വീഡിയോ പോസ്റ്റ് ചെയ്തിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ എടുത്തുപറയുന്നു. ഇന്ന് ഇസ്രായില്‍ നേരിടുന്നത്, 2004നും 2014നും ഇടയില്‍ ഇന്ത്യ അനുഭവിച്ചതാണ്. ഒരിക്കലും പൊറുക്കരുത്, മറക്കരുത്, എന്നായിരുന്നു അടിക്കുറിപ്പ്.
ലോകത്ത് ഏറ്റവും വലിയ രണ്ടാമത്തെ മുസ്ലിം ജനസംഖ്യയുള്ള രാജ്യമായ ഇന്ത്യയില്‍ ഇസ്‌ലാമിക ഭീകരത എന്ന തെറ്റായ വിവരണമാണ് ബി.ജെ.പിയുടെ പോസ്റ്റ് മുന്നോട്ട് വയ്ക്കുന്നതെന്ന് അമേരിക്കന്‍ പത്രമായ വാഷിംഗ്ടണ്‍ പോസ്റ്റിലെ റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു.
എക്‌സില്‍ നല്‍കിയ പോസ്റ്റിനു പിന്നാലെ ആക്രമണത്തെ സര്‍ക്കാര്‍ അനുകൂല മാധ്യമങ്ങളും ഇസ്ലാമിക ജിഹാദായി ചിത്രീകരിച്ചു. ഇസ്‌ലാമിനെ പൊതുശത്രു എന്ന് വിളിച്ചാണ് ഇന്ത്യയിലെയും ഇസ്രായിലിലെയും സാഹചര്യങ്ങള്‍ സമാന്തരമാണെന്ന് വിവരിച്ചത്. ഇസ്‌ലാം വിരുദ്ധ പ്രചാരണത്തെ പിന്തുണച്ചും ഇസ്രായിലിനോട്് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും ദശലക്ഷക്കണക്കിന് സന്ദേശങ്ങളാണ് എക്‌സില്‍ പ്രചരിച്ചത്.
സ്വാതന്ത്ര്യത്തിനു മുമ്പുള്ള കാലഘട്ടത്തില്‍ അഡോള്‍ഫ് ഹിറ്റ്‌ലറെ ഹീറോ ആയി ആരാധിച്ച ചരിത്രമാണ് ഹിന്ദു ദേശീയവാദികള്‍ക്കുള്ളതെന്നത് കൗതുകകരമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
വംശീയ ആധിപത്യത്തെക്കുറിച്ചുള്ള ഹിറ്റ്‌ലറുടെ 'മെയിന്‍ കാംഫ്' ഇന്ത്യയില്‍ ബെസ്റ്റ് സെല്ലറായി തുടരുന്നുണ്ടെങ്കിലും രാജ്യത്തുടനീളമുള്ള നിരവധി തീവ്ര വലതുപക്ഷ ഹിന്ദു ദേശീയവാദികള്‍ ഇസ്രായിലിനെയും പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെയും ആവേശത്തോടെ പിന്തുണക്കുന്നു.
ആര്‍എസ്എസ് നേതാക്കളില്‍ ഒരാളായിരുന്ന എംഎസ് ഗോള്‍വാള്‍ക്കര്‍ ജൂതപ്രശ്‌നത്തിനുള്ള നാസികളുടെ അന്തിമ പരിഹാരത്തെ പ്രശംസിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യയിലുള്ളവര്‍ക്ക് ഒരു 'നല്ല പാഠം' ആയി അദ്ദേഹം അതിനെ കണക്കാക്കി.
ഹിന്ദു അനുകൂല ദേശീയവാദികളുടെ റാലി ദല്‍ഹിയിലെ ഇസ്രായില്‍ എംബസിക്ക് പുറത്ത് എത്തി പൊതുശത്രു എന്ന് വിളിക്കപ്പെടുന്നവരോട് യുദ്ധം ചെയ്യാന്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. രാഷ്ട്രീയ പ്രേരിത തീവ്രവാദത്തിനെതിരെ നിലകൊണ്ടില്ലെങ്കില്‍ ഇസ്രായില്‍ ഇന്ന് അഭിമുഖീകരിക്കുന്ന സാഹചര്യം നാം അഭിമുഖീകരിച്ചേക്കാമെന്ന് ഒരു ബിജെപി നേതാവ് സോഷ്യല്‍ മീഡിയയില്‍ പറഞ്ഞുവെന്നും വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു.