Sorry, you need to enable JavaScript to visit this website.

മൂന്ന് സംസ്ഥാനങ്ങള്‍ കോണ്‍ഗ്രസ് നേടുമെന്ന് അഭിപ്രായ സര്‍വേ

ന്യൂദല്‍ഹി-നിയമസഭാ തെരഞ്ഞെടുപ്പു നടക്കാനിരിക്കുന്ന ഛത്തീസ്ഗഢ്, മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് വിജയിക്കുമെന്ന് അഭിപ്രായ സര്‍വേ. എബിപി ന്യൂസും സി വോട്ടറും സംയുക്തമായാണ് സര്‍വേ നടത്തിയത്.
 
ഛത്തീസ്ഗഢ്, മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളിലെ  നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് വ്യക്തമായ ഭൂരിപക്ഷം നേടും. മധ്യപ്രദേശിലെ 230 നിയമസഭാ സീറ്റുകളില്‍ 117 എണ്ണവും ഛത്തീസ്ഗഢിലെ 90 സീറ്റുകളില്‍ 54 എണ്ണവും രാജസ്ഥാനിലെ 200 സീറ്റുകളില്‍ 130 എണ്ണവും കോണ്‍ഗ്രസ് നേടുമെന്ന് സര്‍വേ പ്രവചിക്കുന്നു. യഥാക്രമം 106, 33, 57 സീറ്റുകളാണ് മധ്യപ്രദേശ്, ഛത്തീസ്ഗഢ്, രാജസ്ഥാന്‍ സംസ്ഥാനങ്ങളില്‍ ബി.ജെ.പിക്ക് ലഭിക്കുക.

അതേസമയം, 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഈ മൂന്നുസംസ്ഥാനങ്ങളിലും മോഡി പ്രഭാവം ബി.ജെ.പിയെ വിജയത്തിലെത്താന്‍ സഹായിക്കുമെന്നും സര്‍വേ വ്യക്തമാക്കുന്നു.
28000 പേരാണ് സര്‍വേയില്‍ പങ്കെടുത്തത്. മൂന്നുസംസ്ഥാനങ്ങളിലുള്ളവര്‍ തീര്‍ത്തും വ്യത്യസ്തമായ താത്പര്യമാണ് കേന്ദ്രസര്‍ക്കാരിനെ തിരഞ്ഞെടുക്കുന്ന കാര്യത്തില്‍ പ്രകടിപ്പിച്ചത്.

മൂന്നു സംസ്ഥാനങ്ങളില്‍നിന്നുള്ളവരുടേയും പ്രധാനമന്ത്രി പദത്തിലേക്കുള്ള ആദ്യ പരിഗണന നരേന്ദ്ര മോഡിക്കാണ്. രാഹുല്‍ ഗാന്ധി രണ്ടാംസ്ഥാനത്താണ്. ആകെ 65 ലോക്സഭാ മണ്ഡലങ്ങളാണ് മൂന്നു സംസ്ഥാനങ്ങളിലുമായുള്ളത്.

നിയമസഭാ തെരഞ്ഞെടുപ്പില്‍ രാജസ്ഥാനില്‍ കോണ്‍ഗ്രസ് 51 ശതമാനം വോട്ടുകള്‍ നേടുമെന്നും ബി.ജെ.പി 37 ശതമാനത്തിലേക്ക് ചുരുങ്ങുമെന്നും സര്‍വേ പറയുന്നു.  2013ല്‍ ബി.ജെ.പി 163 സീറ്റുകളാണ് നേടിയത്.

രാജസ്ഥാനിലെ ആറ് നിയമസഭാ മണ്ഡലങ്ങളില്‍ ഈ വര്‍ഷം ആദ്യം ഉപതെരഞ്ഞെടുപ്പുകള്‍ നടന്നിരുന്നു. ഇതില്‍ ആറുസീറ്റുകളിലും കോണ്‍ഗ്രസിനായിരുന്നു ജയം. രണ്ട് ലോക്സഭാ ഉപതെരഞ്ഞെടുപ്പുകളിലും കോണ്‍ഗ്രസ് വിജയിച്ചു.

സംസ്ഥാനത്ത് ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി 47 ശതമാനം വോട്ടുകള്‍ നേടും. കോണ്‍ഗ്രസിന് 43 ശതമാനം വോട്ടുകളേ നേടാനാകു. നരേന്ദ്ര മോഡി വീണ്ടും പ്രധാനമന്ത്രിയാകാണമെന്ന് 55 ശതമാനം പേര്‍  ആഗ്രഹിക്കുമ്പോള്‍ 22 ശതമാനം പേര്‍ മാത്രമാണ് രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകണമെന്ന് ആഗ്രഹിക്കുന്നതെന്നും സര്‍വേ പറയുന്നു.
മധ്യപ്രദേശില്‍  നിയസഭാ തെരഞ്ഞെടുപ്പില്‍ 42 ശതമാനം വോട്ടുകള്‍ കോണ്‍ഗ്രസ് നേടും. 40 ശതമാനം വോട്ടുകളേ ബി.ജെ.പിക്ക് നേടാന്‍ കഴിയൂ. ആകെ 230 സീറ്റുകളില്‍ 117 സീറ്റുകള്‍ കോണ്‍ഗ്രസിന് നേടാന്‍ കഴിയും. ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് 46 ശതമാനം വോട്ടുകളും കോണ്‍ഗ്രസിന് 39 ശതമാനം വോട്ടുകളും ലഭിക്കുമെന്ന് സര്‍വേ കണക്കാക്കുന്നു. 
നരേന്ദ്ര മോഡി പ്രധാനമന്ത്രിപദത്തില്‍ തുടരണമെന്ന് 54 ശതമാനം പേര്‍ ആഗ്രഹിക്കുമ്പോള്‍ 25 ശതമാനം പേര്‍ മാത്രമാണ് രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകണമെന്ന് ആഗ്രഹിക്കുന്നത്.
 
ഛത്തീസ്ഗഢ് നിയമസാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 40ശതമാനം വോട്ടും ബി.ജെ.പിക്ക് 39 ശതമാനം വോട്ടും ലഭിക്കുമെന്ന് സര്‍വേ കണക്കാക്കുന്നു. 90 സീറ്റുകളുള്ള നിയമസഭയില്‍ കോണ്‍ഗ്രസ് 54 എണ്ണത്തില്‍ വിജയിക്കും. ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് 46 ശതമാനം വോട്ടും കോണ്‍ഗ്രസിന് 36 ശതമാനം വോട്ടുമാണ് സര്‍വേ പ്രവചിക്കുന്നത്.
 
 

Latest News