Sorry, you need to enable JavaScript to visit this website.

വിടപറഞ്ഞത് ചോര പുരണ്ട അരിപ്രാവ്; യുദ്ധക്കുറ്റവാളിയായ ജൂതന്‍

അമേരിക്കയുടെ മുന്‍ വിദേശകാര്യ സെക്രട്ടറി ഹെന്റി കിസിംഗര്‍ നൂറാം വയസ്സില്‍ കഥാവശേഷനാകുമ്പോള്‍, ലോകരാഷ്ട്രീയത്തിലെ ഒരു വലിയ അധ്യായമാണ് അവസാനിക്കുന്നത്. അമേരിക്കയുടെ ക്രൂരമായ അധിനിവേശങ്ങള്‍ക്കെല്ലാം കുടപിടിച്ച, നിരവധി ലക്ഷങ്ങളുടെ കൂട്ടക്കൊലകള്‍ക്ക് ചൂട്ടുപിടിച്ച, രക്തം പുരണ്ട കൈകളുമായാണ് അദ്ദേഹം മറയുന്നത്. മറുവശത്ത് സമാധാനത്തിനുള്ള നൊബേല്‍ സമ്മാനവും അദ്ദേഹത്തിന്റെ കീശയിലുണ്ട്. എത്ര വലിയ വൈരുധ്യം.


സെലിബ്രിറ്റി ഡിപ്ലോമാറ്റ്. അന്തരിച്ച യു.എസ് മുന്‍ വിദേശകാര്യ സെക്രട്ടറി ഹെന്റി കിസിംഗറെ ഇങ്ങനെ വിശേഷിപ്പിക്കാം. അമേരിക്കയുടെ വിദേശനയ രൂപീകരണത്തെ കഴിഞ്ഞ അര നൂറ്റാണ്ടിധികമായി ഇത്രയധികം സ്വാധീനിച്ച മറ്റൊരു ജൂത വംശജനില്ലെന്ന് പറയാം. തന്റെ ദീര്‍ഘമായ കരിയറില്‍ ജോ ബൈഡന്‍ ഉള്‍പ്പെടെ ഒരു ഡസന്‍ പ്രസിഡന്റുമാര്‍ക്ക് വിദേശ കാര്യങ്ങളിലും നയരൂപീകരണത്തിലും ഉപദേശം നല്‍കിയ കിസിംഗര്‍ ഒരേസമയം സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം നേടുകയും യുദ്ധക്കുറ്റവാളിയെന്ന വിശേഷണം കേള്‍ക്കുകയും ചെയ്തു. വിയറ്റ്‌നാം യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള സംഭാഷണങ്ങള്‍ക്ക് നേതൃത്വം നല്‍കിയതാണ് കിസിംഗറെ നൊബേല്‍ സമ്മാനത്തിന് അര്‍ഹനാക്കിയത്. അതേസമയം, ഇന്ത്യയടക്കം പല രാജ്യങ്ങളിലും കുഴപ്പങ്ങള്‍ കുത്തിപ്പൊക്കാന്‍ അദ്ദേഹം ചരടുവലിക്കുകയും ചെയ്തു.

ഇരുപതാം നൂറ്റാണ്ടില്‍ യു.എസ് വിദേശനയ രൂപീകരണത്തെ സ്വാധീനിച്ച വ്യക്തികളില്‍ ഏറ്റവും പ്രമുഖനായ വ്യക്തി ആരാണെന്ന് ചോദിച്ചാല്‍ മറ്റൊരു മറുപടിയില്ല. പ്രസിഡന്റ് റിച്ചാര്‍ഡ് നിക്സന്റെ കീഴിലാണ് അദ്ദേഹം വിദേശ സെക്രട്ടറിയായി സേവനമനുഷ്ഠിച്ചതെങ്കിലും അതിന് ശേഷമുള്ള ഒരു പ്രസിഡന്റുമാരും കിസിംഗര്‍ പ്രഭാവത്തില്‍നിന്ന് മുക്തരായിരുന്നില്ല. ഒരു നൂറ്റാണ്ട് കാലം ലോകം കണ്ട ശേഷമാണ് കിസിംഗര്‍ കാലയവനികക്കുള്ളിലേക്ക് മറയുന്നത്.

സെലിബ്രിറ്റി നയതന്ത്രജ്ഞന്‍ എന്ന് വിളിക്കുമ്പോഴും മനുഷ്യാവകാശങ്ങളോടുള്ള അവഹേളനവും യു.എസ് കോര്‍പറേറ്റ് താല്‍പര്യങ്ങള്‍ എന്തു വില കൊടുത്തും സംരക്ഷിക്കാനുള്ള ശ്രമവുമാണ് അദ്ദേഹത്തിന്റെ പൈതൃകത്തെ നിര്‍വചിക്കുന്നത് എന്നതാണ് വാസ്തവം. ലോകമെമ്പാടുമുള്ള വിമര്‍ശകര്‍ അദ്ദേഹത്തെ യുദ്ധക്കുറ്റവാളിയായി ചിത്രീകരിച്ചു. അത് വെറുതെയായിരുന്നില്ല. കിഴക്കന്‍ തിമൂര്‍ അധിനിവേശത്തില്‍ അദ്ദേഹം ഇന്തോനേഷ്യയുടെ സൈനിക സ്വേഛാധിപതിയെ പിന്തുണച്ചു, ദക്ഷിണാഫ്രിക്കയിലെ വര്‍ണവിവേചന ഭരണകൂടം നടത്തിയ അംഗോള അധിനിവേശത്തെ പിന്തുണച്ചു, ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ചിലി പ്രസിഡന്റിനെ അട്ടിമറിക്കാന്‍ സി.ഐ.എയുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചു. കിഴക്കന്‍ പാക്കിസ്ഥാനിലെ അതിക്രമങ്ങള്‍ക്ക് ചൂട്ടുപിടിച്ചു. ഇന്ദിരാഗാന്ധിയെക്കുറിച്ച് അദ്ദേഹം നടത്തിയ പരാമര്‍ശം ഞെട്ടലോടെയാണ് നാം കേട്ടത്. ഇന്ത്യക്കാരെ അദ്ദേഹം ബാസ്റ്റാര്‍ഡ്‌സ് എന്ന് വിളിച്ചു.

1968 ല്‍ നിക്‌സണ്‍ വൈറ്റ് ഹൗസിലേക്ക് കടന്നുവരുമ്പോള്‍  കിസിംഗറെ ദേശീയ സുരക്ഷ ഉപദേഷ്ടാവ് ആയി നിയമിച്ചു. അതിന് മുമ്പ് കിസിംഗര്‍ ഒരു ഹാര്‍വാഡ് അക്കാദമിക് ആയിരുന്നു. പ്രസിഡന്റുമായി അടുത്ത് പ്രവര്‍ത്തിച്ച അദ്ദേഹം, വിയറ്റ്‌നാം യുദ്ധവുമായി ബന്ധപ്പെട്ട സുപ്രധാന തീരുമാനങ്ങളില്‍ വലിയ സ്വാധീനം ചെലുത്തിയിരുന്നു. 1969 ലും 1970 ലും കംബോഡിയയില്‍ നടന്ന രഹസ്യ ബോംബാക്രമണങ്ങളുടെ സൂത്രധാരന്‍ കിംസിംഗറായിരുന്നു. യുദ്ധം അവസാനിപ്പിക്കാന്‍ യു.എസ് പ്രസിഡന്റ് എന്തും ചെയ്യുമെന്ന് വടക്കന്‍ വിയറ്റ്‌നാമിനെ വിശ്വസിപ്പിക്കാനുള്ള ശ്രമമായിരുന്നു നിക്‌സന്‍ തന്നെ 'ഭ്രാന്തന്‍ സിദ്ധാന്തം' എന്ന് വിളിച്ച ഈ തന്ത്രം.
 
വാട്ടര്‍ഗേറ്റ് അഴിമതിയില്‍ നിക്സന്റെ തകര്‍ച്ചയെ അതിജീവിച്ച കിസിംഗര്‍, പിന്നീട് പ്രസിഡന്റായി വന്ന ജെറാള്‍ഡ് ഫോര്‍ഡിനൊപ്പം തുടര്‍ന്നു. 1976 ലെ ജിമ്മി കാര്‍ട്ടറിന്റെ തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷമാണ് അദ്ദേഹം സര്‍ക്കാരിന്റെ ഭാഗമല്ലാതാകുന്നത്. എങ്കിലും എല്ലാ പ്രസിഡന്റുമാര്‍ക്കും ഈ കുരുട്ടുബുദ്ധിക്കാരനെ ആവശ്യമായിരുന്നു. രഹസ്യ ഓപറേഷനുകള്‍ക്കും കുതന്ത്രങ്ങള്‍ക്കും അദ്ദേഹത്തിന്റെ സേവനം എല്ലാവര്‍ക്കും വേണമായിരുന്നു. സോവിയറ്റ് യൂനിയനോടുള്ള കിസിംഗറുടെ നയം റീഗന്‍ ഭരണകൂടത്തിന് വേണ്ടത്ര സ്വീകാര്യമായിരുന്നില്ല. 1980 കളില്‍ സര്‍ക്കാരിലേക്ക് തിരിച്ചുവരാനുള്ള അവസരം ഇല്ലാതാക്കിയത് ഇതാണ്.

രാഷ്ട്രീയവും ബൗദ്ധികവുമായി വൈരുധ്യാത്മകമാണ് അദ്ദേഹത്തിന്റെ ജീവിതം. 1938 ല്‍ ജര്‍മനി വിട്ട് അമേരിക്കയിലേക്ക് പലായനം ചെയ്ത ജൂത കുടുംബത്തിലെ അംഗമായിരുന്നു അദ്ദേഹം. അമേരിക്കന്‍ പൗരത്വം സ്വീകരിച്ച് അവിടെ സ്ഥിരതാമസമാക്കി. അമേരിക്കയുടെ താല്‍പര്യം ഉയര്‍ത്തിപ്പിടിച്ച  രാഷ്ട്രതന്ത്രജ്ഞന്‍, മികച്ച നയതന്ത്രജ്ഞന്‍, അധികാര രാഷ്ട്രീയത്തിന്റെ വക്താവ് എന്നിങ്ങനെ ശോഭിക്കുക തന്നെ ചെയ്തു. മറുവശത്ത്, രക്തം പുരണ്ടതാണ് അദ്ദേഹത്തിന്റെ കൈകള്‍. ചിലിയില്‍ സാല്‍വത്തോര്‍ അലന്‍ഡെയെ അട്ടിമറിക്കാന്‍ സി.ഐ.എയെ പ്രേരിപ്പിച്ചു. പാക്കിസ്ഥാനില്‍, മധ്യപൗരസ്ത്യദേശത്ത്, കിഴക്കന്‍ തിമൂറില്‍, സൈപ്രസില്‍ ഒക്കെ ലക്ഷക്കണക്കിന് ആളുകളുടെ കൂട്ടക്കൊലയില്‍ അദ്ദേഹവും നിക്സനും കണ്ണടച്ചു.

രണ്ടായിരാമാണ്ടിന്റെ തുടക്കത്തില്‍, കിസിംഗര്‍ ഇറാഖ് അധിനിവേശത്തില്‍ ജോര്‍ജ്് ഡബ്ല്യൂ ബുഷിനെ പിന്തുണച്ചു. അമേരിക്കയുടെയും അമേരിക്കന്‍ കോര്‍പറേറ്റുകളുടെയും എല്ലാ അധിനിവേശങ്ങള്‍ക്കും മറയില്ലാതെ, തെറ്റും ശരിയും നോക്കാതെ കുടപിടിച്ചയാളാണ് കിംസിംഗര്‍. ഇറാഖ് യുദ്ധത്തെ പിന്തുണച്ച  പത്രപ്രവര്‍ത്തകന്‍ ക്രിസ്റ്റഫര്‍ ഹിച്ചന്‍സ് തന്നെ കിസിംഗറെ യുദ്ധക്കുറ്റങ്ങള്‍ക്ക് വിചാരണ ചെയ്യണമെന്ന് എഴുതി.

വിയറ്റ്‌നാം യുദ്ധം അവസാനിപ്പിക്കുന്നതിന് കാരണമായ പാരീസ് ഉടമ്പടിയിലെ മുഖ്യ ദൂതനായി ചര്‍ച്ചകള്‍ക്ക് നേതൃത്വം കൊടുത്തതാണ് കിംസിംഗറിന് നൊബേല്‍ സമ്മാനം നേടിക്കൊടുത്തത്. കിസിംഗറിനൊപ്പം വടക്കന്‍ വിയറ്റ്‌നാമിനെ ചര്‍ച്ചയില്‍ പ്രതിനിധീകരിച്ച ലെ ഡക് തോയ്ക്കും നൊബേല്‍ സമ്മാനം പ്രഖ്യാപിച്ചെങ്കിലും പുരസ്‌കാരം സ്വീകരിക്കാന്‍ അദ്ദേഹം വിസമ്മതിക്കുകയായിരുന്നു. 1973 ല്‍ കിസിംഗറിന് നല്‍കിയ സമാധാന സമ്മാനം നൊബേല്‍ ചരിത്രത്തിലെ ഏറ്റവും വിവാദപരമായ പുരസ്്കാരങ്ങളിലൊന്നായിരുന്നു. കാരണം 1969 ല്‍ കംബോഡിയയില്‍ നിക്‌സണ്‍ നടത്തിയ ഭീകരമായ ബോംബാക്രമണത്തെ കിസിംഗര്‍ പിന്തുണച്ചിരുന്നുവെന്ന് വെളിപ്പെട്ടിരുന്നു. രണ്ട് നൊബേല്‍ കമ്മിറ്റി അംഗങ്ങള്‍ തീരുമാനത്തില്‍നിന്ന് പിന്മാറി.  'ഹെന്റി കിസിംഗറിന് സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം ലഭിച്ചപ്പോള്‍ രാഷ്ട്രീയ ആക്ഷേപഹാസ്യം കാലഹരണപ്പെട്ടു'' എന്നായിരുന്നു ഗായകനും ആക്ഷേപ ഹാസ്യകാരനുമായ ടോം ലെഹ്‌റര്‍ അന്ന് പ്രതികരിച്ചത്.

ബംഗ്ലാദേശിന്റെ പിറവിക്ക് കാരണമായ 1971 ലെ ഇന്ത്യ-പാക്കിസ്ഥാന്‍ യുദ്ധത്തിന് തൊട്ടുമുമ്പ്, പ്രസിഡന്റ് നിക്സനും ഹെന്റി കിസിംഗറും തമ്മിലുള്ള രഹസ്യ സംഭാഷണത്തിന്റെ ടേപ്പ് 2005 ജൂലൈയില്‍ പുറത്തു വന്നിരുന്നു. മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുമായുള്ള കൂടിക്കാഴ്ചക്ക് തൊട്ടുപിന്നാലെ ഇരുവരും സംസാരിക്കുന്നതാണ്് ടേപ്പുകളില്‍ കേള്‍ക്കുന്നത്. ചൂടേറിയ സംഭാഷണത്തിനിടയില്‍, നിക്‌സണ്‍ ഇന്ദിരാഗാന്ധിയെ ദുര്‍മന്ത്രവാദിയായ കിഴവി എന്ന് വിശേഷിപ്പിച്ചു. മറ്റു മോശമായ പദപ്രയോഗങ്ങളും ഇന്ദിരയെക്കുറിച്ച് കിസിംഗര്‍ നടത്തി. 'ഇന്ത്യക്കാര്‍ എന്തായാലും തെണ്ടികളാണ്'  എന്നും കിസിംഗര്‍ പറയുന്നുണ്ട്. ഇന്ത്യന്‍ സ്ത്രീകള്‍ക്കെതിരായ നിക്സന്റെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങളും ടേപ്പുകള്‍ വെളിച്ചത്തു കൊണ്ടുവന്നു. ഇത്
പരസ്യമായതിന് തൊട്ടുപിന്നാലെ, തന്റെ പരാമര്‍ശത്തില്‍ ഖേദിക്കുന്നുവെന്നും ശ്രീമതി ഗാന്ധിയെ താന്‍ ബഹുമാനിക്കുന്നുവെന്നും കിസിംഗര്‍ പറഞ്ഞു.
കിഴക്കന്‍ പാക്കിസ്ഥാനിലെ മനുഷ്യാവകാശ ലംഘനങ്ങളില്‍ പാക്കിസ്ഥാനെ വിമര്‍ശിക്കാന്‍ നിക്‌സനോ കിസിംഗറോ തയാറാകാതിരുന്നതിന് ഒരു പശ്ചാത്തലമുണ്ട്. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ സോവിയറ്റ് സ്വാധീനം വ്യാപിക്കുന്നതിനെക്കുറിച്ച് നിക്‌സണ്‍ ഭരണകൂടം ആശങ്കാകുലരായിരുന്നു, പ്രത്യേകിച്ചും സോവിയറ്റ് യൂനിയനുമായുള്ള ഇന്ത്യയുടെ ശക്തമായ ബന്ധങ്ങള്‍ക്കിടയില്‍. ഇതിനെ പ്രതിരോധിക്കാന്‍, ഇന്ത്യയുമായും യു.എസ്.എസ്.ആറുമായും പിരിമുറുക്കമുള്ള ചൈനയുമായി അമേരിക്ക സഹകരിക്കാന്‍ തുടങ്ങി. പാക്കിസ്ഥാന്‍ വഴിയായിരുന്നു ഈ പ്രവര്‍ത്തനം ആരംഭിച്ചത്. കിഴക്കന്‍ പാക്കിസ്ഥാനിലെ അതിക്രമങ്ങളോട് പ്രതികരിക്കുന്നത് ഈ സഹകരണത്തെ തടയുമെന്ന് യു.എസ് ഭയപ്പെട്ടു.

എന്തായാലും ബുധനാഴ്ച കണക്റ്റിക്കട്ടിലെ വീട്ടില്‍ വെച്ച് ജീവിതത്തിന് തിരശ്ശീല വീഴുമ്പോള്‍, കിംസിംഗര്‍ അമേരിക്കയുടെ രാഷ്ട്രീയത്തില്‍ വലിയ പാദമുദ്ര പതിപ്പിച്ചിരുന്നു. നിരവധി പുസ്തകങ്ങളുടെ കര്‍ത്താവുമാണദ്ദേഹം. ന്യൂയോര്‍ക്ക് സിറ്റി ആസ്ഥാനമായി 1982 ല്‍ തന്റെ ജിയോപൊളിറ്റിക്കല്‍ കണ്‍സള്‍ട്ടിംഗ് സ്ഥാപനം സ്ഥാപിച്ച് അവസാന കാലം വരെ രാഷ്ട്രീയത്തില്‍ സജീവമായി. റിപ്പബ്ലിക്കന്‍മാര്‍ക്കും ഡെമോക്രാറ്റുകള്‍ക്കും ഒരുപോലെ ഉപദേശം നല്‍കിയ അദ്ദേഹം ഡോണള്‍ഡ് ട്രംപിന്റെ വൈറ്റ് ഹൗസില്‍ നിരവധി തവണ പ്രത്യക്ഷപ്പെട്ടിരുന്നു.
തന്റെ വിദേശനയത്തെ ഒരു തരം 'ക്രിമിനലിറ്റി' ആയി വീക്ഷിച്ചവരെക്കുറിച്ച് നൂറാം ജന്മദിനത്തിന് മുന്നോടിയായി നല്‍കിയ അഭിമുഖത്തില്‍ കിസിംഗര്‍ പറഞ്ഞത് ഇങ്ങനെയാണ്: 'അത് അവരുടെ അറിവില്ലായ്മയുടെ പ്രതിഫലനമാണ്, അത് യഥാര്‍ഥത്തില്‍ അങ്ങനെയല്ല.'

 

 

 

Latest News