Sorry, you need to enable JavaScript to visit this website.

'വീണ്ടും സ്വാഗതം! തിരികെ സ്വാഗതം!' തടവുകാരെത്തുന്ന ഓരോ രാവിലും ആവേശം കൊണ്ട വെസ്റ്റ് ബാങ്ക്

റാമല്ല- കഴുത്തില്‍ ചുവന്ന കെഫിയ സ്‌കാര്‍ഫും മുഖത്ത് തിളങ്ങുന്ന പുഞ്ചിരിയുമായി റൂബ അസ്സി സയണിസ്റ്റ് ജയിലില്‍ നിന്ന് മോചിതയായ ശേഷം സുഹൃത്തുക്കളുടെ കരങ്ങളിലമര്‍ന്നു. ഞാന്‍ നിങ്ങളെയെല്ലാം വളരെയധികം മിസ് ചെയ്തു- 23 കാരിയായ ആക്ടിവിസ്റ്റ് പറഞ്ഞു. ചുറ്റുമുള്ള ജനക്കൂട്ടം അവളെ തോളിലേക്ക് ഉയര്‍ത്തി: 'വീണ്ടും സ്വാഗതം! തിരികെ സ്വാഗതം!'

ആറ് മാസത്തെ സയണിസ്റ്റ് ജയില്‍വാസത്തിന് ശേഷം  അവളുടെ മോചനം ഇപ്പോഴും വിശ്വസിക്കാന്‍ കഴിയാത്ത മാതാപിതാക്കള്‍ക്ക് അവളില്‍നിന്ന് കണ്ണെടുക്കാന്‍ കഴിഞ്ഞില്ല. അധിനിവേശ വെസ്റ്റ് ബാങ്ക് നഗരമായ റാമല്ലയില്‍, വെള്ളിയാഴ്ച മുതല്‍ എല്ലാ വൈകുന്നേരവും, ഇസ്രായിലും ഹമാസും തമ്മിലുള്ള തടവുകാരുടേയും ബന്ദികളുടേയും കൈമാറ്റ ഇടപാടില്‍ മോചിതരായ ഫലസ്തീനികളുടെ ഏറ്റവും പുതിയ സംഘത്തെ വീട്ടിലേക്ക് സ്വാഗതം ചെയ്യാന്‍ ജനക്കൂട്ടം തടിച്ചുകൂടുകയാണ്.

മറ്റെല്ലാ രാത്രികളെയും പോലെ കഴിഞ്ഞ ദിവസവും മോചിതരായ തടവുകാരെയും വഹിച്ചുകൊണ്ടുള്ള വെള്ള ബസ്സിന്റെ വരവ് ഫലസ്തീന്‍ പ്രദേശം സന്തോഷത്തിന്റെ വിസ്‌ഫോടനത്തോടെയാണ് സ്വീകരിച്ചത്. 'ഞാന്‍ ശരിക്കും സന്തോഷവാനാണ്. ഞാന്‍ ഒരു സിനിമയിലാണെന്ന് എനിക്ക് തോന്നുന്നു- ഹെബ്രോണില്‍ നിന്നുള്ള മുഹമ്മദ് പറഞ്ഞു, ''ഇത് വല്ലാത്ത നിമിഷമാണ്... ഫലസ്തീന്‍ തടവുകാര്‍ ഫലസ്തീനില്‍ തിരിച്ചെത്തിയിരിക്കുന്നു.

വിജയത്തിന്റെ അടയാളങ്ങള്‍

ഒക്ടോബര്‍ 7 ന്  ഹമാസ് നടത്തിയ റെയ്ഡുകളില്‍ ബന്ദികളാക്കിയ ഏകദേശം 240 പേരില്‍ ചിലര്‍ക്ക് പകരമായി വിട്ടയച്ച ഫലസ്തീന്‍ തടവുകാരെ കൊണ്ടുവരുന്ന ബസിനെ പിന്തുടരാന്‍ മറ്റു പലരെയും പോലെ മുഹമ്മദും വന്നിരുന്നു.  
തടവുകാരും ബന്ദികളുമായുള്ള കൈമാറ്റം സുഗമമാക്കുന്ന ഉടമ്പടി ഇപ്പോള്‍ ആറ് ദിവസമായി ഇരുവശത്തുമുള്ള തോക്കുകളെ വലിയ തോതില്‍ നിശബ്ദമാക്കി.

ജയിലില്‍നിന്ന് മോചിതരായ ഒരു കൂട്ടം യുവതികള്‍  ജനക്കൂട്ടത്തെ സല്യൂട്ട് ചെയ്യുകയും വിജയ ചിഹ്നം കാണിക്കുകയും ബസിനു മുന്നില്‍ നൃത്തം ചെയ്യുകയും ചെയ്തു. ഇതെല്ലാം മുഹമ്മദ് തന്റെ ഫോണില്‍ ചിത്രീകരിച്ചു. ചില ആളുകള്‍ പലസ്തീന്‍ പ്രസ്ഥാനങ്ങളുടെ നിറങ്ങളുള്ള പതാകയേന്തിയിരിക്കുന്നു. അവരില്‍ ഇടതുപക്ഷ പോപ്പുലര്‍ ഫ്രണ്ട് ഫോര്‍ ദി ലിബറേഷന്‍ ഓഫ് ഫലസ്തീന്‍, പ്രസിഡന്റ് മഹ്‌മൂദ് അബ്ബാസിന്റെ ഫതഹ് പാര്‍ട്ടി എന്നിവയുണ്ട്. എന്നാല്‍ ഹമാസിന്റെ പച്ച പതാകയാണ് ഏറ്റവും ജനപ്രിയമായത്. 'ഞങ്ങള്‍ മുഹമ്മദ് ദീഫിന്റെ ആളുകളാണ്!- ഒക്ടോബര്‍ 7-ലെ ആക്രമണത്തിന്റെ മുഖ്യസൂത്രധാരന്മാരില്‍ ഒരാളായ ഹമാസിന്റെ സായുധ വിഭാഗത്തിന്റെ നേതാവിനെ പരാമര്‍ശിച്ച് ജനക്കൂട്ടം മുദ്രാവാക്യമുയര്‍ത്തി.
180 ഫലസ്തീനികളെ മോചിപ്പിക്കാന്‍ ഇസ്രായിലിനെ നിര്‍ബന്ധിച്ചത് വലിയ വിജയമാണ്, എന്നാല്‍ ഒക്ടോബര്‍ 7 മുതല്‍ ഏകദേശം 3,300 പേരെ അറസ്റ്റ് ചെയ്തതായി ഫലസ്തീനിയന്‍ പ്രിസണേഴ്സ് ക്ലബ് അഡ്വക്കസി ഗ്രൂപ്പ് കുറിക്കുന്നു. അനിശ്ചിതകാലത്തേക്ക് കുറ്റമോ വിചാരണയോ ഇല്ലാതെയാണ് ഇവരെ തടവില്‍ പാര്‍പ്പിക്കുന്നത്.

അന്യായമായ നീതിവ്യവസ്ഥ

അന്താരാഷ്ട്ര നിയമമനുസരിച്ച്, കരുതല്‍ തടങ്കല്‍ സമ്പ്രദായം അസാധാരണ സാഹചര്യങ്ങളില്‍ മാത്രമേ ഉപയോഗിക്കാവൂ. എന്നാല്‍, അന്താരാഷ്ട്ര മനുഷ്യാവകാശ ഗ്രൂപ്പുകള്‍ രേഖപ്പെടുത്തുന്നതുപോലെ, വെസ്റ്റ് ബാങ്കില്‍ ഇത് സാധാരണമായി മാറിയിരിക്കുന്നു. ഒക്ടോബര്‍ 7ന് മുമ്പുതന്നെ, വെസ്റ്റ്ബാങ്കിലെ പുകയുന്ന പിരിമുറുക്കങ്ങളും അക്രമങ്ങളും കരുതല്‍ തടങ്കലിന്റെ കാര്യത്തില്‍ മൂന്ന് പതിറ്റാണ്ടിന്റെ ഏറ്റവും ഉയര്‍ന്ന നിലയിലേക്കെത്തി.

സയണിസ്റ്റ് മനുഷ്യാവകാശ സംഘടനയായ ഹാമോകെഡിന്റെ അഭിപ്രായത്തില്‍, കരുതല്‍ തടങ്കലിലുള്ള മൊത്തം ഫലസ്തീനികളുടെ എണ്ണം ഒക്ടോബര്‍ 1 ന് 1,319 ആയിരുന്നത് നവംബര്‍ 1 ന് 2,070 ആയി ഉയര്‍ന്നു. മൊത്തം ഫലസ്തീന്‍ തടവുകാരുടെ മൂന്നിലൊന്ന്. സയണിസ്റ്റ് ജയിലുകളില്‍ ഏഴായിരത്തിലധികം ഫലസ്തീന്‍ തടവുകാരുണ്ട്.

കുറ്റകൃത്യങ്ങള്‍ ആരോപിക്കപ്പെടുന്നവര്‍ പോലും വളച്ചൊടിച്ചതും അന്യായവുമായ നീതിന്യായ വ്യവസ്ഥയെ അഭിമുഖീകരിക്കുന്നു എന്നതാണ് സത്യം. വെസ്റ്റ്ബാങ്കിലെ ഫലസ്തീനികള്‍ ഇസ്രായിലി സൈനിക കോടതികള്‍ക്ക് വിധേയരാണ്, അവര്‍ക്കിടയില്‍ താമസിക്കുന്ന അര ദശലക്ഷം ജൂത കുടിയേറ്റക്കാരില്‍നിന്ന് വ്യത്യസ്തമായി.

ഒഫര്‍ ജയിലിനെ അഭിമുഖീകരിക്കുന്ന ഒരു കുന്നിന്‍ മുകളില്‍, ഡസന്‍ കണക്കിന് ആളുകള്‍ തടവുകാരുടെ മോചനം കാണാന്‍ മണിക്കൂറുകളോളം കാത്തുനിന്നു. മറ്റുള്ളവര്‍ കാറുകളിലും മോട്ടോര്‍ സൈക്കിളുകളിലും അടുത്തുള്ള ഹൗസിംഗ് ബ്ലോക്കുകള്‍ക്ക് ചുറ്റും കറങ്ങി. അപ്പോഴെല്ലാം, ജയിലിനുചുറ്റും വഴിയിലുടനീളം കാത്തുനിന്ന ഫലസ്തീനികളും സയണിസ്റ്റ് പട്ടാളക്കാരും ഒരു  ഡ്രോണ്‍ തലയ്ക്ക് മുകളിലൂടെ കറങ്ങുമ്പോള്‍ പരസ്പരം ജാഗ്രതയോടെ നോക്കി. ഒരിക്കലും തിരിച്ചുവരാത്ത സമാധാനത്തിന്റെ പ്രതീകമാണ് എപ്പോഴും മുകളില്‍ വട്ടമിടുന്ന ആ ഡ്രോണുകള്‍... അത് ഫലസ്തീനികള്‍ക്കായാലും ഇസ്രായിലികള്‍ക്കായാലും.

 

Latest News