ഇന്ത്യന്‍ രൂപ ചൈനയില്‍ അച്ചടിക്കുന്നുണ്ടോ ?

ന്യൂദല്‍ഹി- ഇന്ത്യന്‍ കറന്‍സി അച്ചടിക്കുന്നതിന് ചൈനീസ് കമ്പനിക്ക് ഓര്‍ഡര്‍ ലഭിച്ചുവെന്ന വാര്‍ത്ത കേന്ദ്ര സര്‍ക്കാര്‍ നിഷേധിച്ചു. ചൈനീസ് കറന്‍സി പ്രിന്റിംഗ് കോര്‍പറേഷന് ഇന്ത്യന്‍ കറന്‍സി നോട്ട് അച്ചടിക്കുന്നതിന് ഓര്‍ഡര്‍ ലഭിച്ചുവെന്ന വാര്‍ത്തകള്‍ തീര്‍ത്തും അടിസ്ഥാനരഹിതമാണെന്ന് സാമ്പത്തിക കാര്യ വകുപ്പ് സെക്രട്ടറി സുഭാഷ് ചന്ദ്ര ഗാര്‍ഗ് അറിയിച്ചു. ഇന്ത്യന്‍ കറന്‍സി നോട്ടുകള്‍ കേന്ദ്ര സര്‍ക്കാരിന്റേയും ആര്‍.ബി.ഐയുടേയും കറന്‍സി പ്രസുകളില്‍ മാത്രമാണ് അച്ചടിക്കുന്നതെന്നും ഇനിയും അങ്ങനെ തന്നെ ആയിരിക്കുമെന്നും അദ്ദേഹം വിശദീകരിച്ചു.
 
ഇന്ത്യ, നേപ്പാള്‍, ശ്രീലങ്ക, ബംഗ്ലാദേശ്, മലേഷ്യ, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങളുടെ കറന്‍സികള്‍ അച്ചടിക്കുന്നതിന് ചൈനീസ് പ്രസിന് വന്‍ ഓര്‍ഡര്‍ ലഭിച്ചുവെന്നായിരുന്നു പ്രചരിച്ച വാര്‍ത്ത. ചൈനീസ് സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ബാങ്ക് നോട്ട് പ്രിന്റിംഗ് പ്രസിനെ ഉദ്ധരിച്ച് ചൈനീസ് മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് നല്‍കിയിരുന്നത്.
 
ഞെട്ടിക്കുന്ന വാര്‍ത്തയാണിതെന്നും കള്ളനോട്ടടിക്കാന്‍ പാക്കിസ്ഥാന് ഇതോടെ എളുപ്പമാകുമെന്നും ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് നേതാവും എം.പിയുമായ ശശി തരൂര്‍ അടക്കമുള്ളവര്‍ മന്ത്രിമാരയ അരുണ്‍ ജെയ്റ്റ്‌ലിയില്‍നിന്നും പീയൂഷ് ഗോയലില്‍നിന്നും വ്യക്തത ആവശ്യപ്പെട്ടിരുന്നു.

Latest News