റോബിന്‍ ബസിന്റെ പെര്‍മിറ്റ് റദ്ദാക്കിയത് ഹൈക്കോടതി മരവിപ്പിച്ചു

കൊച്ചി-റോബിന്‍ ബസിന്റെ ഓള്‍ ഇന്ത്യ പെര്‍മിറ്റ് റദ്ദാക്കിയ നടപടി ഹൈക്കോടതി മരവിപ്പിച്ചു. ഡിസംബര്‍ 18 വരെ നടപടി മരവിപ്പിച്ചാണ് കോടതിയുടെ ഇടക്കാല ഉത്തരവ്. പെര്‍മിറ്റ് അവസാനിച്ചെന്ന സര്‍ക്കാര്‍ വാദത്തില്‍ ഇപ്പോള്‍ അഭിപ്രായം പറയുന്നില്ലെന്ന് കോടതി വ്യക്തമാക്കി. ബസ് പിടിച്ചെടുത്താല്‍ പിഴ ഈടാക്കി വിട്ടുനല്‍കണമെന്നും കോടതിയുടെ ഉത്തരവില്‍ പറയുന്നു.
തുടര്‍ച്ചയായി പെര്‍മിറ്റ് ചട്ടങ്ങള്‍ ലംഘിച്ചെന്ന മോട്ടര്‍ വാഹന വകുപ്പിന്റെ (എംവിഡി) റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് റോബിന്‍ ബസിന്റെ ഓള്‍ ഇന്ത്യ ടൂറിസ്റ്റ് പെര്‍മിറ്റ് (എഐടിപി) കഴിഞ്ഞ ദിവസം സ്‌റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി റദ്ദാക്കിയത്. എംവിഡി സ്‌ക്വാഡ് ചോദ്യം ചെയ്തപ്പോള്‍ ബസിലെ യാത്രക്കാര്‍ പല ആവശ്യത്തിനു പല സ്ഥലങ്ങളിലേക്കു യാത്ര ചെയ്യുന്നവരാണെന്നു ബോധ്യപ്പെട്ടു. എഐടിപി പെര്‍മിറ്റുള്ള വാഹനങ്ങള്‍ കോണ്‍ട്രാക്ട് കാരേജുകളായതിനാല്‍ അവയ്ക്കു ബാധകമായ എല്ലാ ചട്ടങ്ങളും റോബിന്‍ ബസിനു ബാധകമാണെന്നും പെര്‍മിറ്റ് റദ്ദാക്കിയുള്ള ഉത്തരവില്‍ പറഞ്ഞിരുന്നു.
എഐടിപി ചട്ടം 11 പ്രകാരം പെര്‍മിറ്റ് റദ്ദാക്കിയെന്നാണ് സ്‌റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി സെക്രട്ടറി കെ.മനോജ് കുമാറിന്റെ ഉത്തരവില്‍ പറയുന്നത്. ഹൈക്കോടതിയില്‍ ബസുടമ കോഴിക്കോട് സ്വദേശി കെ.കിഷോര്‍ നല്‍കിയിരിക്കുന്ന കേസ് അടുത്തയാഴ്ച പരിഗണിക്കാനിരിക്കെയാണു സ്‌റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി പെര്‍മിറ്റ് റദ്ദാക്കിയത്.

 

Latest News