Sorry, you need to enable JavaScript to visit this website.

രണ്ടു വർഷമായി മുടങ്ങിയ അക്കൗണ്ടുകൾ ഗൂഗിൾ ഡിലീറ്റ് ചെയ്യുന്നു

രണ്ടു വർഷത്തിലേറെയായി നിർജീവമായ അക്കൗണ്ടുകൾ ഗൂഗിൾ ഒഴിവാക്കിത്തുടങ്ങുന്നു. ജിമെയിൽ, ഡോക്‌സ്, ഡ്രൈവ്, മീറ്റ്, കലണ്ടർ എന്നിവ ഉൾപ്പെടുന്ന ഗൂഗിൾ വർക്ക് സ്‌പേസിലേയും യൂട്യൂബ്, ഗൂഗിൾ ഫോട്ടോസ് എന്നിവയിലേയും ഉപയോഗിക്കാത്ത അക്കൗണ്ടുകൾ ഡിലീറ്റ് ചെയ്യുമെന്ന് കമ്പനി കഴിഞ്ഞ മേയിൽ പ്രഖ്യാപിച്ചിരുന്നു. 
ഇത്തരം അക്കൗണ്ടുകൾ ഡിസംബർ ഒന്നു മുതൽ നീക്കം ചെയ്തു തുടങ്ങുമെന്ന് റിപ്പോർട്ടുകളിൽ പറയുന്നു. രണ്ട് വർഷത്തിനിടെ ഏതെങ്കിലും ഉൽപന്നം ഉപയോഗിച്ചില്ലെങ്കിൽ ഉപയോക്താക്കളുടെ ഡാറ്റകളടക്കം അക്കൗണ്ട് ഡിലീറ്റ് ചെയ്യാൻ ഗൂഗിളിന് അവകാശമുണ്ടെന്ന് ഗൂഗിൾ അക്കൗണ്ട് പോളിസിയിൽ വ്യക്തമാക്കുന്നുണ്ട്. ഉപയോക്താക്കളുടെ വ്യക്തിപരമായ ഗൂഗിൾ അക്കൗണ്ടുകൾക്ക് മാത്രമാണ് പോളിസി ബാധകം. വർക്ക്, സ്‌കൂൾ, മറ്റു സ്ഥാപനങ്ങൾ എന്നിവക്കു വേണ്ടി ആരംഭിച്ച അക്കൗണ്ടുകൾക്ക് പഴയ അക്കൗണ്ടുകൾ ഡിലീറ്റ് ചെയ്യുമെന്ന പോളിസി ബാധകമല്ല. നീട്ടിക്കൊടുത്ത സമയത്തും സജീവമാക്കാത്ത അക്കൗണ്ടുകൾ തട്ടിപ്പുകൾക്ക് വിധേയമാകുമെന്ന് ഗൂഗിൾ ഇതുസംബന്ധിച്ച പോളിസി പ്രഖ്യാപിച്ചപ്പോൾ വ്യക്തമാക്കിയിരുന്നു. ഇത്തരം പഴയ അക്കൗണ്ടുകളിൽ ഉപയോഗിക്കുന്ന പാസ്‌വേഡുകൾ തന്നെയാണ് പ്രധാന കാരണം. ടു ഫാക്ടർ ഓതന്റിക്കേഷൻ ഇല്ലാത്ത ഇത്തരം അക്കൗണ്ടുകളിൽ കുറഞ്ഞ തോതിൽ മാത്രമായിരിക്കും സുരക്ഷ.
ഗൂഗിളിന്റെ എല്ലാ ഉൽപന്നങ്ങളിലം സർവീസുകളിലും ആക്ടീവ് അല്ലാത്ത അക്കൗണ്ടുകൾ രണ്ടു വർഷം മാത്രമേ നിലനിർത്തുകയുള്ളൂവെന്ന് ഓഗസ്റ്റിൽ ഗൂഗിൾ കോടിക്കണക്കിന് ഉപയോക്താക്കൾക്ക് ഇ മെയിൽ അയച്ചിരുന്നു. 

Latest News