കൊല്ലത്തെ തട്ടിക്കൊണ്ടുപോകല്‍, കുട്ടിയുടെ അച്ഛന്‍ താമസിച്ചിരുന്ന ഫ്‌ളാറ്റില്‍ പോലീസ് പരിശോധന നടത്തി

കൊല്ലം - കൊല്ലം ഓയൂരില്‍ നിന്ന് ആറ് വയസുകാരി അഭിഗേല്‍ സാറയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ കുട്ടിയുടെ അച്ഛന്‍ റെജി താമസിച്ചിരുന്ന പത്തനംതിട്ട നഗരത്തിലെ ഫ്‌ളാറ്റില്‍ പ്രത്യേക പോലീസ് സംഘം പരിശോധന നടത്തി. ഇവിടെയുള്ള സ്വകാര്യ ആശുപത്രിയിലെ  ജീവനക്കാരനാണ് കുട്ടിയുടെ അച്ഛനായ റെജി. റെജിയുടെ ഒരു ഫോണ്‍ അന്വേഷണസംഘം കൊണ്ടുപോയെന്നും വിവരമുണ്ട്. കുട്ടിയുടെ അച്ഛനുമായി ഏതെങ്കിലും തരത്തില്‍ വ്യക്തി വിരോധമുള്ളവര്‍ ആസൂത്രണം നടത്തിയാണ് കുട്ടിയെ തട്ടിക്കൊണ്ടു പോയതെന്ന സംശയം ഇപ്പോഴും പോലീസ് സംഘത്തിനുണ്ട്. ഇതിന്റെ ഭാഗമായാണ് ഫ്‌ളാറ്റിലെ പരിശോധന. സംഭവം നടന്ന ദിവസം രാത്രി റെജിയെ പോലീസ് സ്‌റ്റേഷനിലെത്തിച്ച് ഒരു മണിക്കൂറോളം മൊഴി എടുത്തിരുന്നു. അതിനിടെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അഭിഗേല്‍ സാറ ആശുപത്രി വിട്ടു. ചൊവ്വാഴ്ച വൈകീട്ടാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കുട്ടിയെ മജിസ്‌ട്രേറ്റിന് മുന്നില്‍ എത്തിച്ച് മൊഴിയെടുക്കുമെന്ന് പൊലീസ് അറിയിച്ചു. പൊലീസ് സുരക്ഷയിലാണ് കുടുംബം വീട്ടിലേക്ക് മടങ്ങിയത്.

 

Latest News