സിക്ക് നേതാവിനെ കൊല്ലാന്‍ ശ്രമിച്ചയാള്‍ക്ക് ഇന്ത്യന്‍ ഉദ്യോഗസ്ഥനുമായി ബന്ധം, യു.എസ് ആരോപണം ഇന്ത്യയെ ഞെട്ടിച്ചു

ന്യൂദല്‍ഹി- ഖലിസ്ഥാന്‍ നേതാവ് ഗുര്‍പത്വന്ത് സിംഗ് പന്നൂനെ കൊലപ്പെടുത്താന്‍ ഇന്ത്യന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥന്‍ ഒരാളെ വാടകക്കെടുത്തുവെന്ന അമേരിക്കയുടെ ആരോപണം ഇന്ത്യക്ക് ഞെട്ടലായി. ഇത് ആശങ്കയുളവാക്കുന്ന കാര്യമാണെന്നും ഇന്ത്യയുടെ നയങ്ങള്‍ക്ക് എതിരാണെന്നും വിദേശകാര്യമന്ത്രാലയം പ്രതികരിച്ചു.
സിക്ക് നേതാവിനെ കൊലപ്പെടുത്തിയതില്‍ ഇന്ത്യക്ക് പങ്കുണ്ടെന്ന കാനഡയുടെ ആരോപണം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ ഏറെ നിഴല്‍ വീഴ്ത്തിയിരുന്നു. നയതന്ത്രബന്ധങ്ങളില്‍ വിള്ളല്‍ വീണ ആ സംഭവത്തിന് പിന്നാലെയാണ് അമേരിക്കയുടെ പ്രതികരണം.
അമേരിക്കന്‍ പോലീസ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയ ആള്‍ക്ക് ഇന്ത്യന്‍ ഇന്റലിജന്‍സ് ഉദ്യോഗസ്ഥരുമായി ബന്ധമുണ്ടെന്നാണ് യു.എസ് പ്രോസിക്യൂട്ടര്‍മാര്‍ കോടതിയില്‍ പറഞ്ഞത്. ഇത് ആശങ്കയുളവാക്കുന്നതാണെന്ന് ഇന്ത്യ പ്രതികരിച്ചു. ഇതേക്കുറിച്ച് അന്വേഷിക്കാന്‍ ഉന്നതതല സംഘം രൂപീകരിച്ചതായും വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു.

 

Latest News