VIDEO ഡെങ്കിപ്പനി ബാധിച്ച് വരന്‍ ഗുരുതരാവസ്ഥയില്‍; ആശുപത്രി കതിര്‍മണ്ഡപമായി

ന്യൂദല്‍ഹി-  കല്യാണത്തിന് തൊട്ടുമുമ്പ് ഡെങ്കിപ്പനി ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ച 27കാരന് ആശുപത്രി കതിര്‍മണ്ഡപമായി.  കിഴക്കന്‍ ദല്‍ഹി സ്വദേശിയായ അവിനാശ് കുമാറിനാണ് കല്യാണത്തിന് നാലുദിവസം മുമ്പ് രോഗം ബാധിച്ചത്. കടുത്ത പനിയെ തുടര്‍ന്ന് പരിശോധിച്ചപ്പോള്‍ ഡെങ്കിപ്പനിയാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണം കുത്തനെ താഴ്ന്നതോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.  അപകടകരമായ നിലയായ 10,000ലേക്കാണ് അവിനാശിന്റെ പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണം കുറഞ്ഞത്. കടുത്ത പനിയില്‍ ആശുപത്രി കിടക്കയില്‍ അവിനാശ് കിടക്കുന്നത് കണക്കിലെടുത്ത് കല്യാണം മാറ്റിവെയ്ക്കാന്‍ വരന്റെ വീട്ടുകാര്‍ ആലോചന തുടങ്ങി. ഈസമയത്ത് പ്രതിശ്രുത വധു അനുരാധയും കുടുംബവും ആരോഗ്യവിവരങ്ങള്‍ അറിയാന്‍ മാക്‌സ് വൈശാലി ആശുപത്രിയിലെത്തി.
ഇതോടെ മുന്‍കൂട്ടി നിശ്ചയിച്ച മുഹൂര്‍ത്തത്തില്‍ തന്നെ ആശുപത്രിയില്‍ വെച്ച് കല്യാണം നടത്താനുള്ള ആശയം ഉയര്‍ന്നുവരികയായിരുന്നു. വിവാഹത്തിന് വേണ്ട ഒരുക്കങ്ങള്‍ ആരംഭിക്കുകയും അതിഥികളെ ക്ഷണിക്കുകയും ചെയ്തിട്ട് കല്യാണം മാറ്റിവെയ്ക്കുന്നത് വധുവിന്റെ വീട്ടുകാര്‍ക്ക് ബുദ്ധിമുട്ടാകുമെന്ന ആശങ്കയില്‍ നില്‍ക്കുമ്പോഴാണ് ആശുപത്രിയില്‍ വച്ച് തന്നെ പറഞ്ഞു ഉറപ്പിച്ച സമയത്ത് വിവാഹം നടത്താനുള്ള ആശയം വധുവിന്റെ വീട്ടുകാര്‍ മുന്നോട്ടുവെച്ചതെന്ന് വരന്റെ വീട്ടുകാര്‍ പറയുന്നു.  
വലിയ ഹാളില്‍ വിവാഹം നടത്താനാണ് ആദ്യം നിശ്ചയിച്ചിരുന്നത്. വരന് അസുഖം ബാധിച്ച പശ്ചാത്തലത്തില്‍ ലളിതമായി വിവാഹം നടത്താന്‍ തീരുമാനിക്കുകയായിരുന്നു. വധുവിന്റെയും വരന്റെയും ഏതാനും ബന്ധുക്കള്‍ മാത്രം പങ്കെടുത്ത് ലളിതമായ രീതിയിലാണ് വിവാഹം നടത്തിയത്. ആശുപത്രി അധികൃതരുടെ ഭാഗത്ത് നിന്ന് അനുമതി ലഭിച്ചതോടെ ആശുപത്രി ഹാളില്‍ വെച്ചായിരുന്നു വിവാഹം. ഇരുവരും വരണമാല്യം അണിയിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സോ,്‌യല്‍ മീഡിയയില്‍ പ്രചരിച്ചു.

 

 

Latest News