റാമല്ല- ഇസ്രായിലും ഹമാസും തമ്മിലുള്ള താല്‍ക്കാലിക ഗാസ കരാര്‍ പ്രകാരം വ്യാഴാഴ്ച പുലര്‍ച്ചെ മോചിപ്പിച്ച 30 തടവുകാരില്‍ പ്രമുഖ പലസ്തീനി ആക്ടടിവിസ്റ്റ് അഹദ് തമീമിയും ഉള്‍പ്പെടുന്നുവെന്ന് ഇസ്രായില്‍, ഫലസ്തീന്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചു.
അധിനിവേശ വെസ്റ്റ് ബാങ്കില്‍ കൗമാരപ്രായത്തില്‍ തന്നെ ഒരു ഹീറോ ആയി മാറിയ അഹദ് തമീമിയെ അക്രമത്തിന് പ്രേരിപ്പിച്ചുവെന്ന കുറ്റം ചുമത്തിയാണ് ഇസ്രായില്‍ സൈന്യം ഈ മാസം ആദ്യം അറസ്റ്റ് ചെയ്തത്. ആരോപണം നിഷേധിച്ച അഹദിന്റെ മാതാവ് അറസ്റ്റ് വ്യാജ സോഷ്യല്‍ മീഡിയ പോസ്റ്റിനെ അടിസ്ഥാനമാക്കിയാണെന്നും പറഞ്ഞിരുന്നു.
അഹദ് തമീമി ഉള്‍പ്പെടെ മോചിപ്പിക്കുന്ന ഫലസ്തീന്‍ തടവുകാരുടെ പട്ടിക ഇസ്രായില്‍ പ്രിസണ്‍ സര്‍വീസ് വ്യാഴാഴ്ച രാവിലെ വെബ്‌സൈറ്റില്‍ പോസ്റ്റ് ചെയ്തു. ഇസ്രായില്‍ നഗരമായ ഹൈഫയ്ക്ക് സമീപമുള്ള ഡാമണ്‍ ജയിലിലാണ് അഹദ് തമീമിെയ തടവിലാക്കിയിരുന്നതെന്ന് ഫലസ്തീന്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു.
2017ല്‍ 16ാം വയസ്സില്‍ വെസ്റ്റ് ബാങ്ക് ഗ്രാമമായ നബി സാലിഹ് റെയ്ഡ് ചെയ്യാനെത്തിയ ഇസ്രായേലി സൈനികന്റെ മുഖത്തടിച്ചതിനെ തുടര്‍ന്നാണ് ഇപ്പോള്‍ 22 വയസ്സായ അഹദ് പ്രശസ്തയായത്. വര്‍ഷങ്ങളായി ഇസ്രായേല്‍ ഭൂമി പിടിച്ചെടുക്കുന്നതിനെതിരെ പ്രതിഷേധം തുടരുന്ന സ്ഥലമാണ് നബി സാലിഹ്.
സൈനികനെ തല്ലിയതിന് ശേഷം, കുറ്റം സമ്മതിച്ചതിന് തമീമിയെ എട്ട് മാസത്തെ തടവിന് ശിക്ഷിച്ചു.
ഇസ്രായില്‍ ഗാസയില്‍ ആക്രണം തുടരുന്നതിനിടെയാണ് അഹദ് തമീമിയടക്കം സ്റ്റ്ബാങ്കിലെ നൂറുകണക്കിനാളുകളെ അറസ്റ്റ് ചെയ്തത്. ആക്രമണം തടയുന്നതിനാണ് വെസ്റ്റ്ബാങ്കിലെ റസ്റ്റുകളെന്നാണ് ഇസ്രായില്‍ അവകാശപ്പെട്ടിരുന്നത്.