നിയമസഹായം തേടിയെത്തിയ യുവതിയെ പീഡിപ്പിച്ച ഹൈക്കോടതിയിലെ സര്‍ക്കാര്‍ അഭിഭാഷകനെ രാജിവെപ്പിച്ചു

കൊച്ചി - പീഡനക്കേസില്‍ നിയമസഹായം തേടിയെത്തിയ യുവതിയെ പീഡിപ്പിച്ചതിന് ഹൈക്കോടതിയിലെ സര്‍ക്കാര്‍ അഭിഭാഷകനെ  രാജിവെപ്പിച്ചു. ഇയാള്‍ക്കെതിരെ ബലാത്സംഗത്തിന് കേസെടുത്തിട്ടുണ്ട്. സീനിയര്‍ ഗവ. പ്ലീഡര്‍ അഡ്വ. പി.ജി മനുവിനെയാണ്  രാജിവെപ്പിച്ചത്. ഇയാളില്‍ നിന്ന് അഡ്വക്കേറ്റ് ജനറല്‍ രാജിക്കത്ത് എഴുതി വാങ്ങി. ചോറ്റാനിക്കര പോലീസാണ് കേസെടുത്തത്. കേസിനെകുറിച്ച് സംസാരിക്കാനെത്തിയപ്പോള്‍ ലൈംഗികമായി പീഡിപ്പിച്ചെന്ന എറണാകുളം റൂറല്‍ എസ്.പിക്ക് നല്‍കിയ യുവതിയുടെ പരാതിയിലാണ് നടപടി. ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്.
2018-ല്‍ രജിസ്റ്റര്‍ ചെയ്ത പീഡനക്കേസിലെ ഇരയായ പരാതിക്കാരി കേസുമായി ബന്ധപ്പെട്ട് നിയമസഹായം തോടിയാണ് അഡ്വ. പി.ജി മനുവിനെ സമീപിച്ചത്. കേസുമായി ബന്ധപ്പെട്ട വിഷയം സംസാരിക്കാനെന്നു പറഞ്ഞ് കടവന്ത്രയിലെ ഓഫീസില്‍ വിളിച്ചുവരുത്തി പ്രതി പലതവണ പീഡിപ്പിച്ചെന്നു പരാതിയില്‍ പറയുന്നു. റൂറല്‍ എസ്.പിക്ക് നല്‍കിയ പരാതി പിന്നീട് ചോറ്റാനിക്കര പോലീസിന് കൈമാറുകയായിരുന്നു. പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് ഐ.പി.സി 354, 376, 506 എന്നീ വകുപ്പുകള്‍ പ്രകാരമാണ് മനുവിനെതിരെ കേസെടുത്തത്.

Latest News