Sorry, you need to enable JavaScript to visit this website.

തുരങ്ക നിര്‍മാണം നിര്‍ത്തിവെക്കില്ല,  പൂര്‍ത്തിയാകാനുള്ളത് 477 മീറ്റര്‍ മാത്രം

ഡെറാഡൂണ്‍- 17 ദിവസത്തെ പരിശ്രമത്തിനൊടുവില്‍ തുരങ്കത്തില്‍ കുടുങ്ങിയ തൊഴിലാളികളെ മുഴുവന്‍ രക്ഷപ്പെടുത്തിയതിന് പിന്നാലെ സില്‍ക്യാര തുരങ്ക നിര്‍മാണവുമായി മുന്നോട്ടുപോകാനൊരുങ്ങി ദേശീപാത അടിസ്ഥാനസൗകര്യ വികസന കോര്‍പ്പറേഷന്‍ (എന്‍.എച്ച്.ഐ.ഡി.സി.എല്‍). തുരങ്ക നിര്‍മ്മാണം 90 ശതമാനവും പൂര്‍ത്തിയായിക്കഴിഞ്ഞു. ഇനി അര കിലോമീറ്ററില്‍ താഴെ മാത്രമാണ് നിര്‍മ്മാണം പൂര്‍ത്തിയാകാനുള്ളത്. 2019ല്‍ നിര്‍മാണം ആരംഭിച്ച പദ്ധതി അടുത്ത വര്‍ഷം മെയ് മാസത്തോടെ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. നിലവില്‍ പണി നിര്‍ത്തിവെക്കേണ്ട സാഹചര്യമില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. തുരങ്ക നിര്‍മാണം നിര്‍ത്തിവയ്ക്കില്ലെന്ന് എന്‍.എച്ച്.ഐ.ഡി.സി.എല്‍. സേഫ്റ്റി ആന്‍ഡ് അക്കൗണ്ട്‌സ് ഓഫീസര്‍ അന്‍ഷു മനീഷ് ഖാല്‍കോ പറഞ്ഞു. അതേസമയം, തൊഴിലാളികള്‍ കുടുങ്ങിയതിന്റെ പശ്ചാത്തലത്തില്‍ മുന്നോട്ടുള്ള നിര്‍മാണത്തിന് സമഗ്രസുരക്ഷാ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്.സമഗ്രമായ ഭൗമ-സാങ്കേതിക അന്വേഷണങ്ങള്‍ പൂര്‍ത്തിയാക്കിയതിനുശേഷമാണ് തുരങ്കത്തിന്റെ നിര്‍മാണം ആരംഭിച്ചതെന്നും പദ്ധതിയുടെ പാരിസ്ഥിതികാഘാതപഠനങ്ങള്‍ നേരത്തേ പൂര്‍ത്തിയാക്കിയതായും ദേശീയ ഹൈവേ അതോറിറ്റി അറിയിച്ചു.
നിശ്ചിതമായ ഇടവേളകളില്‍ തൊഴിലാളികളുടെ ആരോഗ്യപരിശോധന, അപകടമുണ്ടായാല്‍ രക്ഷപ്പെടുന്നതിനുള്ള രക്ഷാമാര്‍ഗങ്ങള്‍ മറ്റ് അപകടങ്ങളുണ്ടായാല്‍ സ്വീകരിക്കേണ്ട രക്ഷോപാധികള്‍ തുടങ്ങിയവ തുരങ്കത്തില്‍ സജ്ജീകരിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.തുരങ്കത്തിന്റെ ഘടനാപരമായ സുരക്ഷ ഉറപ്പാക്കുന്നതിന് ടണല്‍ സപ്പോര്‍ട്ട് സംവിധാനം നിര്‍മിച്ചിട്ടുണ്ട്. തുരങ്കത്തിനുണ്ടാകുന്ന സമ്മര്‍ദം പരിശോധിക്കുന്നതിന് സ്‌ട്രെസ് മീറ്റര്‍ ഉള്‍പ്പെടെയുള്ള ആധുനിക സാങ്കേതികവിദ്യ ഉപയോഗിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കിയിരുന്നു. ഇത് തുരങ്കത്തിനുണ്ടാകാന്‍ സാധ്യതയുള്ള ആഘാതങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ മുന്‍കൂട്ടി ലഭ്യമാക്കുമെന്നും കഴിഞ്ഞദിവസം ദേശീയ ദുരന്തനിവാരണ സേന വ്യക്തമാക്കിയിരുന്നു. തുരങ്ക നിര്‍മാണം പൂര്‍ത്തിയാകാന്‍ ഇനി 477 മീറ്റര്‍ മാത്രമാണ് ബാക്കിയുള്ളത്.
 

Latest News