Sorry, you need to enable JavaScript to visit this website.

കൊല്ലത്ത് വീണ്ടും തട്ടിക്കൊണ്ടുപോകാൻ ശ്രമം; ഏഴാം ക്ലാസുകാരിയുടെ ഉടുപ്പ് കീറി, ബാഗ് വലിച്ചെടുത്തു, രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കൊല്ലം - ഓയൂരിലെ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിലെ പ്രതികൾ കാണാമറയത്ത് തുടരുന്നതിനിടെ ജില്ലയിൽ വീണ്ടും പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകാൻ അജ്ഞാതസംഘത്തിന്റെ ശ്രമം. കൊട്ടാരക്കര വാളകം ആർ.വി.വി.എച്ച്.എസിൽ പഠിക്കുന്ന ഏഴാം ക്ലാസുകാരിയെയാണ് ബുധനാഴ്ച വൈകുന്നേരം തട്ടിക്കൊണ്ടുപോകാൻ ശ്രമമുണ്ടായത്.
 വൈകുന്നരം നാലരയോടെ വാളകം മൂഴിയിൽ ഭാഗത്തു വച്ചാണ് സംഭവം. സ്‌കൂൾ വിട്ട് വീട്ടിലെത്തി ഭക്ഷണം കഴിച്ചശേഷം ട്യൂഷന് പോകുന്നതിനിടെയാണ് സംഭവമുണ്ടായത്. തലച്ചിറ തെറ്റിയിൽ ഭാഗത്തെ ഒരു വീട്ടിൽ ട്യൂഷന് പോകുന്ന വഴിയിൽ പാർക്ക് ചെയ്ത നീല ഓമ്‌നി വാനിൽ ഉണ്ടായിരുന്ന രണ്ടുപേരാണ് അക്രമിക്കാൻ ശ്രമിച്ചതെന്ന് പെൺകുട്ടി പറഞ്ഞു. കുട്ടിയുടെ ഉടുപ്പ് വലിച്ച് കീറുകയും ബാഗ് വലിച്ചെടുക്കുകയും ചെയ്തത അക്രമിസംഘത്തിൽനിന്നും കുട്ടി തലനാരിഴയ്ക്ക് രക്ഷപ്പെടുകയായിരുന്നു. അക്രമികളുടെ കൈ തട്ടിമാറ്റി അലറി വിളിച്ച് ഓടിയ കുട്ടി ഉടനെ അടുത്തുള്ള വീട്ടിൽ അഭയം കണ്ടെത്തുകയായിരുന്നു. 
 സംഭവത്തെ തുടർന്ന് നാട്ടുകാർ സ്ഥലത്ത് തടിച്ചുകൂടി. വിവരമറിഞ്ഞ് ഡിവൈഎസ്.പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. പെൺകുട്ടിയുടെ മൊഴി രേഖപെടുത്തിയതായും പോലീസ് പറഞ്ഞു. വാൻ അഞ്ചൽ ഭാഗത്തേക്ക് പോയതായാണ് വിവരം. സമീപ സ്ഥലങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങളടക്കം പോലീസ് പരിശോധിച്ച് വരികയാണ്.

Latest News