കൊച്ചി - പീഡനക്കേസിൽ നിയമസഹായം തേടിയെത്തിയ യുവതിയെ പീഡിപ്പിച്ചതിന് ഹൈക്കോടതിയിലെ സർക്കാർ അഭിഭാഷകനെതിരെ ബലാത്സംഗത്തിന് കേസെടുത്തു. സീനിയർ ഗവ. പ്ലീഡർ അഡ്വ. പി.ജി മനുവിനെതിരെയാണ് ചോറ്റാനിക്കര പോലീസ് കേസെടുത്തത്.
കേസിനെകുറിച്ച് സംസാരിക്കാനെത്തിയപ്പോൾ ലൈംഗികമായി പീഡിപ്പിച്ചെന്ന എറണാകുളം റൂറൽ എസ്.പിക്ക് നൽകിയ യുവതിയുടെ പരാതിയിലാണ് നടപടി. ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്.
2018-ൽ രജിസ്റ്റർ ചെയ്ത പീഡനക്കേസിലെ ഇരയായ പരാതിക്കാരി കേസുമായി ബന്ധപ്പെട്ട് നിയമസഹായം തോടിയാണ് അഡ്വ. പി.ജി മനുവിനെ സമീപിച്ചത്. കേസുമായി ബന്ധപ്പെട്ട വിഷയം സംസാരിക്കാനെന്നു പറഞ്ഞ് കടവന്ത്രയിലെ ഓഫീസിൽ വിളിച്ചുവരുത്തി പ്രതി പലതവണ പീഡിപ്പിച്ചെന്നു പരാതിയിൽ പറയുന്നു. റൂറൽ എസ്.പിക്ക് നൽകിയ പരാതി പിന്നീട് ചോറ്റാനിക്കര പോലീസിന് കൈമാറുകയായിരുന്നു. പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് ഐ.പി.സി 354, 376, 506 എന്നീ വകുപ്പുകൾ പ്രകാരമാണ് മനുവിനെതിരെ കേസെടുത്തത്.