Sorry, you need to enable JavaScript to visit this website.

വെടിനിര്‍ത്തല്‍ ചര്‍ച്ചയില്‍ നിഴല്‍ വീഴ്ത്തി ബന്ദികളുടെ മരണ വാര്‍ത്ത

ഗാസ - 10 മാസം പ്രായമുള്ള കുഞ്ഞ് ഉള്‍പ്പെടെ ഹമാസ് ബന്ദിയാക്കായ മൂന്നംഗ കുടുംബം ഇസ്രായിലിന്റെ വ്യോമാക്രമണത്തിനിടെ കൊല്ലപ്പെട്ടുവെന്ന വാര്‍ത്ത പുറത്തുവന്നത് ഇസ്രായില്‍-ഹമാസ് വെടിനിര്‍ത്തല്‍ നീട്ടല്‍ ചര്‍ച്ചകളില്‍ നിഴല്‍ വീഴ്ത്തി.
ഖത്തര്‍, ഈജിപ്ത് എന്നീ രാജ്യങ്ങളുടെ മാധ്യസ്ഥ്യത്തില്‍ വെടിനിര്‍ത്തല്‍ ചര്‍ച്ച അവസാന ഘട്ടത്തിലായ സന്ദര്‍ഭത്തിലാണ് ഹമാസ് ഇക്കാര്യം വെളിപ്പെടുത്തിയത്. നാലു ദിവസം കൂടി വെടിനിര്‍ത്തല്‍ നീട്ടാമെന്ന നിലയ്ക്കാണ് ചര്‍ച്ച പുരോഗമിച്ചത്. ഇസ്രായിലും ഹമാസും ഇക്കാര്യത്തില്‍ ഏകദേശ ധാരണയിലേക്ക് നീങ്ങുകയായിരുന്നു.
ഏറ്റവും പ്രായം കുറഞ്ഞ ബന്ദിയായ കുഞ്ഞ് കിഫ്ര്‍ ബിബാസ് നേരത്തെ ഇസ്രായില്‍ ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടതായി ഹമാസിന്റെ സൈനിക വിഭാഗമാണ് അറിയിച്ചത്. ഒപ്പം നാല് വയസ്സുള്ള സഹോദരന്‍ ഏരിയലും അവരുടെ അമ്മയും മരിച്ചു. പിതാവിനെക്കുറിച്ച് മൊഴിയില്‍ പരാമര്‍ശിച്ചിട്ടില്ല.
ഹമാസിന്റെ അവകാശവാദം തങ്ങള്‍ പരിശോധിച്ചുവരികയാണെന്ന് ഇസ്രായില്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു. 'ഐ.ഡി.എഫ് (ഇസ്രായേല്‍ പ്രതിരോധ സേന) വിവരങ്ങളുടെ കൃത്യത വിലയിരുത്തുകയാണ്. ഗാസയിലെ എല്ലാ ബന്ദികളുടേയും സുരക്ഷയുടെ ഉത്തരവാദിത്തം ഹമാസിനാണെന്ന് സൈന്യം പ്രസ്താവനയില്‍ പറഞ്ഞു. ബന്ദികള്‍ കൊല്ലപ്പെട്ടെന്ന വാര്‍ത്ത് ഇസ്രായിലികള്‍ പൊതുവേ വിശ്വസിക്കുന്നില്ല. ആക്രമണത്തില്‍ ബന്ദികള്‍ കൊല്ലപ്പെട്ടതായി നേരത്തെയും വാര്‍ത്തയുണ്ടായിരുന്നുവെന്നും അത് സത്യമായിരുന്നില്ലെന്നുമാണ് അവര്‍ ചൂണ്ടിക്കാട്ടുന്നത്. വെടിനിര്‍ത്തന്‍ നീട്ടാനുള്ള ഹമാസിന്റെ തന്ത്രമായിരിക്കാം ഇതെന്നും അവര്‍ പറയുന്നു.

 

Latest News