തലശ്ശേരി- മയക്കുവെടിവെച്ച് കൂട്ടിലാക്കിയ പുലി ചത്തു. പെരിങ്ങത്തൂരിലെ നിര്‍മാണത്തിലിരുന്ന വീടിന്റെ കിണറ്റില്‍ വീണ പുലിയെ പന്ത്രണ്ട് മണിക്കൂറിന് ശേഷമാണ് പുറത്തെത്തിച്ചത്.
വലയിലാക്കി കിണറ്റിന് പുറത്തെത്തിച്ച ശേഷമാണ് പുലിയെ മയക്കുവെടി വെച്ചത്. സാധാരണ പ്രായപൂര്‍ത്തിയായ ആണ് പുലിക്ക് നല്‍കുന്നതിനും ഡോസ് കുറച്ചാണ് മയക്കു വെടി വെച്ചതെന്നാണ് അധികൃതര്‍ പറയുന്നത്.
ഏറെ സമയം കിണറ്റില്‍ കിടന്നതും ആളുകളുടെ ബഹളം കേട്ട് പേടിച്ചതുകൊണ്ടും ഹൃദയാഘാതം സംഭവിച്ചതാകാം കാരണമെന്നാണ് കരുതുന്നത്. വ്യാഴാഴ്ച സുല്‍ത്താന്‍ ബത്തേരിയിലെത്തിച്ച് പുലിയുടെ പോസ്റ്റുമോര്‍ട്ടം നടത്തും.
വൈകിട്ട് ആറു മണിയോടെയാണ് പുലിയെ കിണറ്റില്‍ നിന്നും പുറത്തെത്തിച്ചത്. ഏഴുവയസ്സോളം പ്രായമുള്ള ആണ് പുലിയാണ് കിണറ്റില്‍ വീണത്. മയക്കുവെടി വെച്ച പുലിയെ കണ്ണവം ഫോറസ്റ്റ് സ്റ്റേഷനിലേക്ക് കൊണ്ടുപോകവെയാണ് ചത്തത്.