ഇന്ത്യയില്‍ ഡിജിറ്റല്‍ തട്ടിപ്പുകള്‍ തടയുന്നതിന്റെ ഭാഗമായി 70 ലക്ഷം മൊബൈല്‍ നമ്പറുകള്‍ സര്‍ക്കാര്‍ വിഛേദിച്ചതായി ധനകാര്യ സേവന സെക്രട്ടറി വിവേക് ജോഷി അറിയിച്ചു. സൈബര്‍ കുറ്റകൃത്യങ്ങളിലോ സാമ്പത്തിക തട്ടിപ്പുകളിലോ ഉള്‍പ്പെട്ട നമ്പറുകളാണിത്.
സാമ്പത്തിക സൈബര്‍ സുരക്ഷയെ കുറിച്ചും വര്‍ധിച്ചുവരുന്ന ഡിജിറ്റല്‍ പേയ്‌മെന്റ് തട്ടിപ്പുകളെ കുറിച്ചും ചര്‍ച്ച ചെയ്യുന്നതിനായി വിളിച്ചുചേര്‍ത്ത യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തട്ടിപ്പുകള്‍ തടയുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാനും ആവശ്യമായ സംവിധാനം ഏര്‍പ്പെടുത്താനും ബാങ്കുകളോട് നിര്‍ദേശിച്ചതായി അദ്ദേഹം പറഞ്ഞു. സൈബര്‍ സുരക്ഷ ലക്ഷ്യമാക്കിയുള്ള ഇത്തരം യോഗങ്ങള്‍ ഇനിയും നടക്കുമെന്നും അടുത്ത യോഗം ജനുവരിയില്‍ ഷെഡ്യൂള്‍ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
സൈബര്‍ തട്ടിപ്പുകാരില്‍നിന്ന് 900 കോടി രൂപ തിരിച്ചുപിടിച്ചതായും അദ്ദേഹം വെളിപ്പെടുത്തി. തട്ടിപ്പിനിരയായ മൂന്നര ലക്ഷം പേര്‍ക്കാണ് ഇതുവഴി ആശ്വാസം ലഭിച്ചതെന്നും വിവേക് ജോഷി വെളിപ്പെടുത്തി. ആധാര്‍ എനേബിള്‍ഡ് പേയ്‌മെന്റ് സിസ്റ്റത്തില്‍ (എഇപിഎസ്) അടുത്തിടെ സൈബര്‍ തട്ടിപ്പ് റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ വിഷയം പരിശോധിച്ച് ഡാറ്റാ പരിരക്ഷ ഉറപ്പാക്കാന്‍ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
സൈബര്‍ തട്ടിപ്പ് തടയുന്നതിന് വിവിധ ഏജന്‍സികള്‍ക്കിടയില്‍ മികച്ച ഏകോപനം എങ്ങനെ ഉറപ്പാക്കാമെന്ന വിഷയമാണ് ഫിനാന്‍ഷ്യല്‍ സര്‍വീസസ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം പ്രധാനമായും ചര്‍ച്ച ചെയ്തത്. വ്യാപാരികള്‍ക്ക് കെ.വൈ.സി മാനദണ്ഡമാക്കുന്നത് സംബന്ധിച്ചും ചര്‍ച്ച നടന്നു.
ഉപഭോക്താക്കള്‍ കബളിപ്പിക്കപ്പെടാതിരിക്കാന്‍ സമൂഹത്തില്‍ സൈബര്‍ തട്ടിപ്പിനെക്കുറിച്ച് അവബോധം സൃഷ്ടിക്കേണ്ടതുണ്ടെന്ന് ജോഷി പറഞ്ഞു.
നാഷണല്‍ സൈബര്‍ ക്രൈം റിപ്പോര്‍ട്ടിംഗ് പോര്‍ട്ടലില്‍ (എന്‍.സി.ആര്‍.പി) റിപ്പോര്‍ട്ട് ചെയ്ത ഡിജിറ്റല്‍ പേയ്‌മെന്റ് തട്ടിപ്പുകളുടെ ഏറ്റവും പുതിയ കണക്കുകളും സാമ്പത്തിക തട്ടിപ്പുകളുടെ വിവിധ സ്രോതസ്സുകളെ കുറിച്ചും പ്രവര്‍ത്തന രീതികളെ കുറിച്ചും ആഭ്യന്തര മന്ത്രാലയത്തിലെ ഇന്ത്യന്‍ സൈബര്‍ ക്രൈം കോഓര്‍ഡിനേഷന്‍ സെന്റര്‍ അധികൃതര്‍ വിശദീകരിച്ചു.
സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്ബിഐ) പ്രതിനിധികള്‍ ബാങ്ക് നടപ്പിലാക്കിയ പ്രോആക്ടീവ് റിസ്‌ക് മോണിറ്ററിംഗ് (പിആര്‍എം) സംവിധാനത്തെ കുറിച്ച് ഹ്രസ്വ അവതരണം നടത്തി. പേടിഎം, റോസര്‍പേ പ്രതിനിധികളും അവര്‍ നടപ്പിലാക്കിയ മികച്ച രീതികള്‍ പങ്കുവെച്ചു. തട്ടിപ്പുകള്‍ ലഘൂകരിക്കാന്‍ ഈ സംവിധാനങ്ങള്‍ സഹായകമായതായി അവര്‍ അവകാശപ്പെട്ടു.
സാമ്പത്തികകാര്യ വകുപ്പ്, റവന്യൂ വകുപ്പ്, ടെലികോം വകുപ്പ്, ഇലക്‌ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയം, ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ, നാഷണല്‍ പേയ്‌മെന്റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ എന്നിവയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു.
ഡിജിറ്റല്‍ പണമിടപാട് തട്ടിപ്പുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തെ കുറിച്ചും നേരിടുന്നതില്‍ ബാങ്കുകളുടെയും മറ്റ് ധനകാര്യ സ്ഥാപനങ്ങളുടെയും തയാറെടുപ്പുകളെ കുറിച്ചും യോഗം വിലയിരുത്തി. സാമ്പത്തിക സേവന മേഖലയിലെ സൈബര്‍ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നടപടികളിലാണ് യോഗം പ്രധാനമായും ശ്രദ്ധ ഊന്നിയത്.
വിവിധ ഏജന്‍സികളില്‍നിന്ന് ലഭിക്കുന്ന ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകളെക്കുറിച്ചുള്ള അലര്‍ട്ടുകള്‍ കൈകാര്യം ചെയ്യുന്നതിനുള്ള പ്രതികരണ സമയം ബാങ്കുകള്‍ മെച്ചപ്പെടുത്തണമെന്ന നിര്‍ദേശം ഉയര്‍ന്നു. ബാങ്കുകള്‍ സ്വീകരിക്കുന്ന തന്ത്രങ്ങളും നടപടികളും വിശദമായി തന്നെ ചര്‍ച്ച ചെയ്തു.
ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും സംസ്ഥാന തലങ്ങളില്‍ നോഡല്‍ ഓഫീസര്‍മാരെ നിയമിക്കുന്നതിനെ കുറിച്ചും ബന്ധപ്പെട്ട പങ്കാളികളുമായി കൂടിയാലോചിച്ച് ഡിജിറ്റല്‍ ലെന്‍ഡിംഗ് ആപ്പുകള്‍ പരിശോധിക്കുന്നതിനെ കുറിച്ചും ചര്‍ച്ച നടന്നു.
യുകോ ബാങ്കും ബാങ്ക് ഓഫ് ബറോഡയും സമീപകാലത്ത് നേരിട്ട ഡിജിറ്റല്‍ തട്ടിപ്പുകള്‍ കണക്കിലെടുക്കുമ്പോള്‍ ഈ യോഗത്തിന് ഏറെ പ്രാധാന്യമുണ്ട്. ഈ മാസം ആദ്യം കൊല്‍ക്കത്ത ആസ്ഥാനമായുള്ള പൊതുമേഖല ബാങ്കായ യുകോ ബാങ്ക്, ഇമ്മീഡിയറ്റ് പേയ്‌മെന്റ് സര്‍വീസ് (ഐഎംപിഎസ്) വഴി അക്കൗണ്ട് ഉടമകള്‍ക്ക് 820 കോടി രൂപ തെറ്റായി ക്രെഡിറ്റ് ചെയ്തുവെന്ന റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു.
നവംബര്‍ 10 നും 13 നുമിടയില്‍ ഐ.എം.പി.എസ് സാങ്കേതിക പ്രശ്‌നങ്ങള്‍ കാരണം മറ്റു ബാങ്കുകളിലെ ഇടപാടുകാര്‍ നടത്തിയ ട്രാന്‍സ്ഫറുകള്‍ ബാങ്കുകളില്‍ നിന്ന് പണം ലഭിക്കാതെ തന്നെ യൂകോ ബാങ്കിലെ അക്കൗണ്ട് ഉടമകള്‍ക്ക് ക്രെഡിറ്റ് ചെയ്യുകയായിരുന്നു. യാതൊരു ഇടപെടലും കൂടാതെ നടക്കുന്ന തത്സമയ ഇന്റര്‍ബാങ്ക് ഇലക്ട്രോണിക് ഫണ്ട് ട്രാന്‍സ്ഫര്‍ സംവിധാനമാണ് ഐഎംപിഎസ്.
ഇങ്ങനെ പണം കൈമാറ്റം ചെയ്യപ്പെട്ട അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്താണ് 820 കോടി രൂപയില്‍ 649 കോടി രൂപ ബാങ്ക് വീണ്ടെടുത്തത്. ഈ സാങ്കേതിക തകരാറിനു കാരണം ജീവനക്കാരുടെ പിഴവാണോ അതോ ഹാക്കിംഗാണോ എന്ന് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ബാങ്ക് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിട്ടില്ലെങ്കിലും ആവശ്യമായ നടപടികള്‍ക്കായി ബാങ്ക് ഇക്കാര്യം നിയമ നിര്‍വഹണ ഏജന്‍സികള്‍ക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.