ഗാസയില്‍ വെടിനിര്‍ത്തല്‍ രണ്ട് ദിവസത്തേക്ക് കൂടി നീട്ടും

കയ്‌റോ-ഗാസയില്‍ ഇസ്രായിലും ഹമാസും തമ്മിലുളള വെടിനിര്‍ത്തല്‍ രണ്ടു ദിവസത്തേക്ക് കൂടി നീട്ടും. ഈജ്പ്ഷ്യന്‍ സുരക്ഷാ വൃത്തങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് വാര്‍ത്താ ഏജന്‍സിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

മധ്യസ്ഥര്‍ മുഖേന ബുധനാഴ്ച മുഴുവന്‍ ഇസ്രായിലും ഹമാസും ചര്‍ച്ചയിലായിരുന്നു. ആറു ദിവസത്തെ ഇടവേളക്കുശേഷം ഇസ്രായില്‍ ആക്രമണം പുനരാരംഭിക്കുമെന്ന സൂചനകള്‍ക്കിടെയാണ് ചര്‍ച്ചയില്‍ പുരോഗതി കൈവരിച്ചുവെന്ന റിപ്പോര്‍ട്ട്.
ബുധനാഴ്ച വൈകിട്ട് ഹമാസ് വിട്ടയക്കുന്ന ബന്ദികളുടെ പേരുവിവരങ്ങള്‍ കുടുംബങ്ങളെ അറിയിച്ചിരുന്നു. വെടിനിര്‍ത്തല്‍ നീട്ടാനുളള ചര്‍ച്ച വിജയിച്ചില്ലെങ്കില്‍ ഇത് ഹമാസ് വിട്ടയക്കുന്ന അവസാനസംഘമായിരിക്കുമെന്ന് ഇതെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്.
ഇസ്രായില്‍ ജയിലുകളില്‍നിന്ന് മോചിപ്പിക്കുന്ന 15 സ്ത്രീകളുടേയും 15 കൗമാരക്കാരുടേയും പട്ടിക ഹമാസും പുറത്തുവിട്ടു. അധിനിവേശ സ്ഥലങ്ങളിലുള്ളവരോടൊപ്പം ഇതാദ്യമായി ഫലസ്തീനികളായ ഇസ്രായില്‍ പൗരന്മാരും പട്ടികയില്‍ ഉള്‍പ്പെടുന്നു.
നാലു ദിവസത്തേക്ക് വെടിനിര്‍ത്തല്‍ നീട്ടാന്‍ തയാറാണെന്ന് ഹമാസ് ബുധനാഴ്ച മധ്യസ്ഥരെ അറിയിച്ചിരുന്നു.

 

 

Latest News