മണിപ്പൂരിലെ സായുധ പ്രസ്ഥാനം യു.എന്‍.എല്‍.എഫ് സമാധാന പാതയിലേക്ക്, ഉടമ്പടി ഒപ്പിട്ടു

ന്യൂദല്‍ഹി - മണിപ്പൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഏറ്റവും പഴക്കം ചെന്ന സായുധസംഘമായ യുനൈറ്റഡ് നാഷണല്‍ ലിബറേഷന്‍ ഫ്രണ്ട് (യു.എന്‍.എല്‍.എഫ്) അക്രമം ഉപേക്ഷിച്ച് സമാധാനത്തിന്റെ പാതയിലേക്ക്. ന്യൂദല്‍ഹിയില്‍ സമാധാന ഉടമ്പടിയില്‍ യു.എന്‍.എല്‍.എഫ് ഒപ്പുവെച്ചതായും ഉടന്‍ തന്നെ മുഖ്യധാരയില്‍ ചേരുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അറിയിച്ചു.

യു.എന്‍.എല്‍.എഫ് സമാധാനത്തിന്റെ പാതയിലേക്ക് എത്തുന്നത് ചരിത്രപരമായ നാഴികക്കല്ലാണെന്ന് അമിത് ഷാ വ്യക്തമാക്കി. വടക്കുകിഴക്കന്‍ മേഖലയില്‍ ശാശ്വത സമാധാനം സ്ഥാപിക്കാനുള്ള അശ്രാന്ത പരിശ്രമങ്ങള്‍ക്ക്  സര്‍ക്കാര്‍ നേതൃത്വം നല്‍കുകയാണെന്നും അദ്ദേഹം സൂചിപ്പിച്ചു. ഔദ്യോഗിക എക്‌സ് അക്കൗണ്ടിലൂടെയാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഈ കാര്യം വ്യക്തമാക്കിയത്.

ഇന്ത്യ ഗവണ്‍മെന്റും മണിപ്പൂര്‍ ഗവണ്‍മെന്റും യുഎന്‍എല്‍എഫുമായി ഇന്ന് ഒപ്പുവച്ച സമാധാന കരാര്‍ ആറ് പതിറ്റാണ്ട് നീണ്ട സായുധ പ്രസ്ഥാനത്തിന് അന്ത്യം കുറിക്കുകയാണ്. എല്ലാവരെയും ഉള്‍ക്കൊള്ളുന്ന വികസനം എന്ന പ്രധാനമന്ത്രി മോഡിയുടെ കാഴ്ചപ്പാട് സാക്ഷാത്കരിക്കുന്നതിലെ ഒരു സുപ്രധാന നേട്ടമാണ് ഇത്. വടക്കുകിഴക്കന്‍ ഇന്ത്യയിലെ യുവാക്കള്‍ക്ക് മികച്ച ഭാവിയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും അമിത്രാ വ്യക്തമാക്കി. മണിപ്പൂര്‍ മുഖ്യമന്ത്രി എന്‍ ബിരേന്‍ സിംഗും ഈ ചരിത്രപരമായ സംഭവത്തെ സ്വാഗതം ചെയ്തു.

 

Latest News