കോഴിക്കോട് - പറയാനുള്ളത് ആരോടും മുഖത്തു നോക്കി, ഏറനാടൻ ശൈലിയിൽ പറയുന്ന പ്രകൃതമായിരുന്നു മുസ്‌ലിം ലീഗിന്റെ സമുന്നത നേതാവും ദീർഘകാലം നിയമസഭാംഗവും ഗവ. മുൻ ചീഫ് വിപ്പുമെല്ലാമായ പി സീതി ഹാജിയുടേത്.
സീതി ഹാജി എന്ന് കേൾക്കുമ്പോൾ തന്നെ യുവതലമുറക്കും മുതിർന്നവർക്കുമെല്ലാം അദ്ദേഹത്തിന്റെ രസികൻ വർത്തമാനങ്ങൾ ഏറെ അയവിറക്കാനുണ്ടാവും. നർമത്തിൽ പൊതിഞ്ഞതും കുറിക്ക് കൊള്ളുന്നതുമായ സ്വതസിദ്ധമായ ആ ശൈലി ആരെയും ചിരിപ്പിക്കുന്നതും ഇരുത്തി ചിന്തിപ്പിക്കുന്നതും ആകർഷിക്കുന്നതായിരുന്നു. അദ്ദേഹത്തിന്റെ ആ ഇടപെടലുകൾ തനിമ ചോരാതെ അവതരിപ്പിക്കുന്നതായിരുന്നു സീതി ഹാജി നിലപാടുകളുടെ നേതാവ് എന്ന അദ്ദേഹത്തെക്കുറിച്ചുള്ള പുസ്തകത്തിന്റെ പ്രകാശന ചടങ്ങും.
സീതിഹാജിയുടെ ജീവിതവും ശ്രദ്ധേയമായ നിയമസഭാ പ്രസംഗങ്ങളും പ്രമുഖ നേതാക്കളുടെ ഓർമക്കുറിപ്പുകളുമെല്ലാം ഉൾപ്പെടുത്തി പ്രസിദ്ധീകരിച്ച പുസ്തകം കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയാണ് ഇന്ന് കോഴിക്കോട്ട് പ്രകാശനം ചെയ്തത്.
സീതി ഹാജിയെക്കുറിച്ച് എനിക്ക് നേരത്തെ പരിചയമോ അദ്ദേഹത്തെക്കുറിച്ചുള്ള പുസ്തകം ഇംഗ്ലീഷിലോ ഹിന്ദിയിലോ അല്ലാത്തതിനാൽ അതിൽ പറഞ്ഞത് എന്താണെന്നോ അറിയില്ലെന്നു പറഞ്ഞ രാഹുൽ ഗാന്ധിയുടെ ഓരോ വാക്കുകളും സദസ്സിൽ ചിരിയും ആവേശവും പടർത്തുന്നതായിരുന്നു.
ഒരു നേതാവ് എന്താണെന്ന് അറിയണമെങ്കിൽ അവരുടെ മക്കളെ നോക്കിയാൽ മതിയെന്നായിരുന്നു പി.കെ ബഷീർ എം.എൽ.എയെ ചൂണ്ടിക്കാട്ടി രാഹുൽ ഗാന്ധി പറഞ്ഞത്. ബഷീറിനെ ആദ്യമായി കണ്ടപ്പോൾ തന്നെ നല്ല ചലനാത്മകയുള്ള ആളാണെന്ന് മനസ്സിലായി. അദ്ദേഹം പിതാവ് സീതി ഹാജിയുടെ പൂർണമായ പ്രതിരൂപമാണ്. അദ്ദേഹത്തിന്റെ പിതാവിനെ കാണാൻ എനിക്ക് കഴിഞ്ഞില്ലെങ്കിലും അദ്ദേഹത്തിലേക്ക് നോക്കിയാൽ എനിക്കതിന് സാധിക്കും. നിയമസഭാ തെരഞ്ഞെടുപ്പിൽ അദ്ദേഹത്തെ സൂക്ഷിക്കണമെന്നു പോലും ഞാൻ പറഞ്ഞുവെന്ന് രാഹുൽ പറഞ്ഞപ്പോൾ സദസ്സ് നിറഞ്ഞ ചിരിയും കൈയടിയുമായി.
ഈ പുസ്തകം പ്രകാശനം ചെയ്യാൻ സാധിച്ചത് ഭാഗ്യമായി ഞാൻ കരുതുന്നു. ലളിതമായി ജീവിച്ച് സമൂഹത്തിനും സമുദായത്തിനും വേണ്ടി സേവനം അർപ്പിച്ച നേതാവായിരുന്നു സീതി ഹാജി. ലോകത്ത് എല്ലായിടത്തും പാലങ്ങൾ തകർക്കപ്പെടുന്ന കാലത്ത് സീതി ഹാജി സമൂഹത്തിൽ ഐക്യത്തിന്റെയും സ്‌നേഹത്തിന്റെയും പാലം പണിത നേതാവായിരുന്നു.
നമുക്ക് പാലങ്ങൾ കെട്ടുന്ന വ്യക്തികളെയാണ് ആവശ്യം. സീതി ഹാജിയിൽനിന്ന് ഒട്ടേറെ കാര്യങ്ങൾ പഠിക്കാനുണ്ട്. ഒരു നേതാവിന്റെ ഏറ്റവും വലിയ സവിശേഷത വിനയമാണ്. വിനയാന്വിതനാകാൻ കഴിയില്ലെങ്കിൽ അയാളൊരു നേതാവല്ല. സീതി ഹാജിക്ക് സൗമ്യതയുടെ ഗുണമുണ്ടായിരുന്നു. സ്വന്തം കുടുംബത്തിലേക്കുള്ള വരവ് പോലെയാണ് കേരളത്തിലേക്കുള്ള ഓരോ വരവും അനുഭവപ്പെടുന്നതെന്നും രാഹുൽ ചൂണ്ടിക്കാട്ടി.
അതിനിടെ, തന്റെ പ്രസംഗം അതിന്റെ തനിമയും ഗരിമയും ചോരാതെ പരിഭാഷപ്പെടുത്തിയ അബ്ദുസ്സമദ് സമദാനി എം.പിയെയും രാഹുൽ പുകഴ്ത്തി. തെലങ്കാനയിലെ തെരഞ്ഞെടുപ്പ് റാലിയിലുണ്ടായ അനുഭവം പങ്കുവെച്ചായിരുന്നു രാഹുൽ ഗാന്ധിയുടെ പരാമർശം. ചിലപ്പോൾ എന്റെ പരിഭാഷകനാവുന്നത് അപകടം പിടിച്ച പണിയാണ്. അടുത്തിടെ തെലങ്കാനയിൽ ഒരു പരിഭാഷകൻ വലിയ കുഴപ്പത്തിൽപ്പെട്ടു. ഞാൻ എന്തോ പ്രസംഗിച്ചു, അദ്ദേഹം മറ്റെന്തോ പറഞ്ഞുകൊണ്ടിരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ ഞാൻ എന്റെ വാക്കുകൾ എണ്ണി കണക്കാക്കാൻ തുടങ്ങി. ഞാൻ നാലോ അഞ്ചോ വാക്കുകൾ പറഞ്ഞു. അത് തെലുങ്കിൽ ഏഴോ മറ്റോ ആവുമെന്ന് കരുതി. എന്നാൽ ചിലപ്പോൾ അദ്ദേഹമത് 25ഉം 30ഉം വരേ വാക്കുകളാക്കി. ഞാൻ വളരെ ഉദാസീനമായി പറഞ്ഞ വാക്കുകൾ അദ്ദേഹം വളരെ ആവേശഭരിതമാക്കി അവതരിപ്പിച്ചു. ഞാൻ ആവേശത്തോടെ ചില കാര്യങ്ങൾ പറഞ്ഞപ്പോൾ സദസ്സ് നിശബ്ദമായതും കണ്ടു. ഞാൻ എല്ലാം പുഞ്ചിരിയോടെ നിരീക്ഷിക്കുകയായിരുന്നു. പക്ഷേ, എന്റെ ഈ സുഹൃത്ത് (സമദാനി) ഒരു നല്ല പരിഭാഷകനാണ്. അതുകൊണ്ട് അത്തരം പ്രശ്‌നങ്ങളുണ്ടാവില്ലെന്നും നിറഞ്ഞ കൈയടിക്കിടെ രാഹുൽ വ്യക്തമാക്കി.
കോഴിക്കോട് കടവ് റിസോർട്ടിൽ നടന്ന പ്രകാശന ചടങ്ങിൽ പുസ്തകത്തിന്റെ ആദ്യ കോപ്പി മുസ്‌ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി ഏറ്റുവാങ്ങി. മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ അധ്യക്ഷത വഹിച്ചു. മനോരമ ബുക്‌സ് എഡിറ്റർ ഇൻ ചാർജ് തോമസ് ഡൊമനിക് ആമുഖ പ്രഭാഷണം നടത്തി. മാധ്യമപ്രവർത്തക നിഷ പുരുഷോത്തമൻ പുസ്തകം പരിചയപ്പെടുത്തി. എ.ഐ.സി.സി ജനറൽസെക്രട്ടറി കെ.സി വേണുഗോപാൽ എം.പി, എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ, കെ.പി.സി.സി മുൻ പ്രസിഡന്റ് കെ മുരളീധരൻ എ.പി, ലീഗ് ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീർ എം.പി, എം.കെ രാഘവൻ എം.പി, പി.കെ ബഷീർ എം.എൽ.എ തുടങ്ങിയവർ സംസാരിച്ചു.
ഒമാൻ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രീസ് അംഗം അബ്ദുൽ ലത്തീഫ് ഉപ്പള സീതി ഹാജി കുടുംബത്തിന്റെ ഉപഹാരം രാഹുൽ ഗാന്ധിക്ക് സമർപ്പിച്ചു. പുസ്തകം തയ്യാറാക്കിയ നിഷ പുരുഷോത്തമനും ആനന്ദ് ഗംഗനുമുള്ള ഉപഹാരങ്ങൾ സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ സമ്മാനിച്ചു. പി.എം.എ സലാം, കെ.പി.എ മജീദ് എം.എൽ.എ, അഡ്വ. ഹാരിസ് ബീരാൻ, പി.കെ ഷംസുദ്ദീൻ, പി.കെ അബ്ദുൽ കരീം തുടങ്ങിയവർ സംബന്ധിച്ചു.