Sorry, you need to enable JavaScript to visit this website.

വിദ്വേഷ പരാമര്‍ശം; കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെ രണ്ടാഴ്ചത്തേക്ക് നടപടി പാടില്ലെന്ന് ഹൈക്കോടതി

കൊച്ചി- വിദ്വേഷ പരാമര്‍ശത്തില്‍ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെ രണ്ടാഴ്ചത്തേക്ക് അറസ്റ്റ് ഉള്‍പ്പടെയുള്ള നടപടികള്‍ പാടില്ലെന്ന് ഹൈക്കോടതി നിര്‍ദ്ദേശം. കളമശ്ശേരി സ്‌ഫോടനത്തിന് പിന്നാലെ മതവിദ്വേഷം വളര്‍ത്തുന്ന പരാമര്‍ശം നടത്തിയെന്ന പരാതിയില്‍ കേന്ദ്രമന്ത്രിക്കെതിരെ രണ്ട് എഫ്. ഐ. ആറുകള്‍ ഫയല്‍ ചെയ്തിരുന്നു. ഈ എഫ്. ഐ. ആറുകള്‍ ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് സി. എസ് ഡയസ് സിംഗിള്‍ ബെഞ്ചിന്റെ നടപടി. 

സാമൂഹ മാധ്യമങ്ങളിലൂടെ മതസ്പര്‍ധ വളര്‍ത്താന്‍ ശ്രമിച്ചെന്നാണ് എഫ്. ഐ. ആര്‍. എന്നാല്‍ വിദ്വേഷപരാമര്‍ശങ്ങള്‍ നടത്തിയിട്ടില്ലെന്ന് രാജീവ് ചന്ദ്രശേഖറിന് വേണ്ടി ഹാജരായ സുപ്രിം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ മഹേഷ് ജെത്മലാനി വാദിച്ചു. ഹര്‍ജി ഡിസംബര്‍ 14ന് വീണ്ടും പരിഗണിക്കും.

കോണ്‍ഗ്രസ് നേതാവ് പി. സരിന്‍ നല്‍കിയ പരാതിയിലാണ് കലാപത്തിനായി പ്രകോപനമുണ്ടാക്കല്‍, മതസ്പര്‍ദ്ധ വളര്‍ത്തല്‍, ക്രമസമാധാനം തകര്‍ക്കല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് രാജീവ് ചന്ദ്രശേഖറിനെതിരെ രണ്ടാമത്തെ കേസെടുത്തത്. എറണാകുളം സെന്‍ട്രല്‍ പോലീസാണ് ജാമ്യമില്ലാ വകുപ്പ് ചുമത്തിയത്. 

കേന്ദ്രമന്ത്രിക്കെതിരെ കെ. പി. സി. സിയില്‍ നിന്നുള്‍പ്പെടെ പൊലീസിന് പരാതി ലഭിച്ചിരുന്നു. സ്ഫോടനവുമായി ബന്ധപ്പെട്ട് വിദ്വേഷ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. സംസ്ഥാന വ്യാപകമായി ഇതുവരെ 18ലധികം ഇത്തരം കേസുകള്‍ രജിസ്റ്റര്‍ ചെയ്‌തെന്നാണ് വിവരം.

കളമശ്ശേരി സ്ഫോടനത്തില്‍ ഹമാസിനെ അടക്കം ബന്ധപ്പെടുത്തിയായിരുന്നു മന്ത്രിയുടെ പ്രതികരണം. ഈ പരാമര്‍ശത്തെ രൂക്ഷമായ ഭാഷയില്‍ മുഖ്യമന്ത്രി വിമര്‍ശിച്ചു. കൊടുംവിഷമെന്നായിരുന്നു പിണറായി വിജയന്റെ പ്രതികരണം. വിഷാംശമുള്ളവര്‍ എപ്പോഴും ആ വിഷം ചീറ്റിക്കൊണ്ടിരിക്കും. ഈ മന്ത്രിയുടെ ചുവടുപിടിച്ച് കൂടെയിരിക്കുന്നവരും പ്രസ്താവനകള്‍ കൊടുത്തിട്ടുണ്ട്. പക്ഷേ, ഇദ്ദേഹം ഒരു മന്ത്രിയാണ്. ആ സ്ഥാനത്തിരിക്കുന്ന ഒരാള്‍ അന്വേഷണ ഏജന്‍സികളോട് സാധാരണ ഗതിയിലുള്ള ആദരവെങ്കിലും കാണിക്കണം. പ്രത്യേകമായ ചിലരെ ലക്ഷ്യം വച്ചു കൊണ്ടുള്ള പ്രചാരണ രീതികളാണ് ഈ വിഭാഗം സ്വീകരിക്കുന്നത്. അത് അവരുടെ വര്‍ഗീയ നിലപാടിന്റെ ഭാഗമാണ്. വര്‍ഗീയ നീക്കങ്ങളുടെ ഭാഗമായി ആരെങ്കിലും തെറ്റിദ്ധരിക്കപ്പെട്ടാല്‍ ശക്തമായ നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കിയിരുന്നു.

Latest News