Sorry, you need to enable JavaScript to visit this website.

കോൺഗ്രസിന്റെ ലിറ്റ്മസ് ടെസ്റ്റ് തെലങ്കാന

തെലങ്കാനയിൽ കൂടി വിജയിക്കാനായാൽ 2024 ലോക്‌സഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ കുറിച്ചുള്ള പ്രതീക്ഷകളുയരുമെന്നതിൽ സംശയമില്ല. കോൺഗ്രസിന് ഇതൊരു ലിറ്റ്മസ് ടെസ്റ്റാണ്. കോൺഗ്രസ് എന്ന പ്രസ്ഥാനത്തിന് രാജ്യത്ത് തുടർന്നും പ്രസക്തിയുണ്ടോയെന്ന് തെളിയിക്കാനുള്ള  അവസരം. 

 


പുതിയ സംസ്ഥാനങ്ങളിലൊന്നാണ് തെലങ്കാന. എന്നാൽ ഇന്ത്യൻ രാഷ്ട്രീയത്തിൽ ഏറെ പ്രാധാന്യമുള്ളതും. വിഭജിക്കുന്നതിന് മുമ്പ് ആന്ധ്രാ പ്രദേശ് കോൺഗ്രസിന്റെ ദക്ഷിണേന്ത്യയിലെ ശക്തിദുർഗമായിരുന്നു. തെന്നിന്ത്യയിലെ പ്രധാന മെട്രോ നഗരങ്ങളിലൊന്നായ ഹൈദരാബാദാണ് തലസ്ഥാനം. ഈ നൂറ്റാണ്ടിന്റെ തുടക്കത്തിൽ കർണാടക തലസ്ഥാനവുമായി ഇന്ത്യയുടെ ഐടി ഹബായി മാറാൻ മത്സരിച്ച നഗരം. തെലുങ്ക് സിനിമ വ്യവസായ കേന്ദ്രമായ ഹൈദരാബാദ് രാജ്യത്തെ സെലിബ്രിറ്റികളുടെയും അതിസമ്പന്നരുടെയും  വാസസ്ഥലം കൂടിയാണ്. ദേശീയ രാഷ്ട്രീയത്തിൽ പല  നാടകീയ മുഹൂർത്തങ്ങൾക്കും സാക്ഷ്യം വഹിച്ച സ്ഥലം. ബി.ജെ.പി നേതാവ് എ.ബി. വാജ്‌പേയി ആദ്യം പ്രധാന മന്ത്രിയായ വേളയിൽ അദ്ദേഹത്തിന് ഭരിക്കാനുള്ള ഭൂരിപക്ഷമില്ലായിരുന്നു. ഐക്യമുന്നണിയുടെ പിന്തുണ ഉറപ്പിച്ചാണ് അദ്ദേഹം കസേര ഉറപ്പിച്ചത്. ഇതിനായി വാജ്‌പേയി കരുനീക്കം നടത്തിയത് ഹൈദരാബാദ് കേന്ദ്രീകരിച്ചായിരുന്നു. ബംഗളൂരു പോലെയാണ് ഹൈദരാബാദും. രണ്ടു നഗരങ്ങളിലും പുതിയ തലമുറ ആധുനിക ജീവിത രീതി പിന്തുടരുന്നു. 92 ന് ശേഷം ജനിച്ച യുവത്വത്തിന് വർഗീയതയിൽ വലിയ താൽപര്യമില്ലെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. 
ദേശീയ രാഷ്ട്രീയത്തിൽ തിരിച്ചുവരവിന്റെ പാതയിലാണ് കോൺഗ്രസ് എന്നാണ് അവകാശ വാദം. ഇപ്പോൾ നടക്കുന്ന അഞ്ചു സംസ്ഥാനങ്ങളിലും കോൺഗ്രസ് ജയിച്ചാൽ അത്ഭുതപ്പെടേണ്ടതില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകരിൽ ചിലർ വിലയിരുത്തുന്നത്. കർണാടക നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് വിജയക്കൊടി പാറിച്ച് ഏറെയായിട്ടില്ല. ഇതിന്റെ ചുവടു പിടിച്ച് അയൽ സംസ്ഥാനത്ത് കൂടി വിജയിക്കാനായാൽ 2024 ലോക്‌സഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ കുറിച്ചുള്ള പ്രതീക്ഷകളുയരുമെന്നതിൽ സംശയമില്ല.  കോൺഗ്രസിന് ഇതൊരു ലിറ്റ്മസ് ടെസ്റ്റാണ്. കോൺഗ്രസ് എന്ന പ്രസ്ഥാനത്തിന് രാജ്യത്ത് തുടർന്നും പ്രസക്തിയുണ്ടോയെന്ന് തെളിയിക്കാനുള്ള  അവസരം. 
തെലങ്കാന നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ഇത്തവണ വലിയ വിജയ പ്രതീക്ഷയാണ് വെച്ചുപുലർത്തുന്നത്. തെരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തിയ പല  സർവേകളിലും കോൺഗ്രസിന് വിജയം പ്രവചിക്കുന്നുണ്ട്. കോൺഗ്രസ് അധികാരത്തിൽ എത്തിയാൽ ആര് മുഖ്യമന്ത്രിയാകും എന്ന തരത്തിലുള്ള ചർച്ചകളും സംസ്ഥാനത്ത് ശക്തമായി ഉയർന്നു വന്നത് ശ്രദ്ധേയമാണ്. കോൺഗ്രസിന്റെ ഏറ്റവും പുതിയ വീഡിയോ പരസ്യത്തിൽ നിറഞ്ഞു നിൽക്കുന്നത് ടി പി സി സി അധ്യക്ഷൻ രേവന്ത് റെഡ്ഡിയും ലെജിസ്ലേറ്റീവ് പാർട്ടി നേതാവ് ഭട്ടി വിക്രമർക്കയുമാണ്. പാർട്ടി അധികാരത്തിൽ വന്നാൽ മുഖ്യമന്ത്രിയാകാൻ ഏറ്റവും സാധ്യതയും ഈ രണ്ട് പേർക്കാണ്. ഒരു മുഖ്യമന്ത്രി സ്ഥാനാർത്ഥിക്ക് വേണ്ട എല്ലാ യോഗ്യതയുമുള്ള നേതാവാണ് ബട്ടി. മാല സമുദായത്തിൽ നിന്നുള്ള ദളിത് നേതാവായ അദ്ദേഹം ഹൈദരാബാദ് സെൻട്രൽ യൂനിവേഴ്സിറ്റിയിൽ നിന്നുള്ള ബിരുദധാരിയാണ്. ഡെപ്യൂട്ടി സ്പീക്കർ, വിപ്പ്, അസംബ്ലി ഫ്ളോർ ലീഡർ എന്നീ നിലകളിൽ സേവനമനുഷ്ഠിച്ച പരിചയ സമ്പന്നനാണ്.  മികച്ച പ്രതിഛായയുള്ള വിവാദങ്ങളിൽ പെടാത്ത നേതാവുമാണ്.
 ആന്ധ്രാ ബാങ്കിന്റെ ഡയറക്ടറായിരുന്ന ഭട്ടി മധീരയിൽ നിന്ന് (2009, 2014, 2018) മൂന്ന് തവണ നിയമസഭ തെരഞ്ഞെടുപ്പിൽ വിജയിച്ചു. അതിന് മുമ്പ് എം എൽ സിയായിരുന്നു. അദ്ദേഹത്തിന്റെ മൂത്ത സഹോദരൻ ഭട്ടി അനന്തരാമുലു അവിഭക്ത ആന്ധ്രാപ്രദേശിലെ കോൺഗ്രസ് അധ്യക്ഷനായിരുന്നു. മറ്റൊരു സഹോദരൻ മല്ലു രവി എംപിയുമായിരുന്നു. ഭട്ടി വൈ എസ് രാജശേഖര റെഡ്ഡി സ്‌കൂൾ നേതാവാണ്. അവിഭക്ത ആന്ധ്രാപ്രദേശിലെ മുൻ മുഖ്യമന്ത്രിയായിരുന്നു രാജശേഖര റെഡ്ഡിയുടെ വിശ്വസ്തനായ ഭട്ടി അദ്ദേഹവുമായി വളരെ അടുത്ത ബന്ധം പുലർത്തിപ്പോന്നു.  കോൺഗ്രസ് ഹൈക്കമാൻഡുമായും മികച്ച ബന്ധമാണ് ഇദ്ദേഹത്തിനുള്ളത്. പാർട്ടിയുടെ മാറുന്ന കാറ്റും സംസ്‌കാരവും ഉൾക്കൊണ്ട് കോൺഗ്രസിനുള്ളിൽ അതുല്യനായ നേതാവായി രേവന്ത് റെഡ്ഡിയും  നിലയുറപ്പിച്ചിട്ടുണ്ട്. ആറ് വർഷം മുമ്പ് മാത്രമാണ് അദ്ദേഹം പാർട്ടിയിൽ ചേർന്നതെങ്കിലും സംസ്ഥാന ഘടകത്തിന്റെ വർക്കിംഗ് പ്രസിഡന്റും എംപിയും തെലങ്കാന കോൺഗ്രസ് പ്രസിഡന്റുമായി  അതിവേഗം വളരുകയായിരുന്നു.
രണ്ടു തവണ ടിഡിപി എംഎൽഎ ആയിരുന്ന വ്യക്തി കൂടിയാണ് രേവന്ത്. പാർട്ടിക്കുള്ളിലെ സ്വന്തം ഗ്രൂപ്പുകാരെ പ്രോത്സാഹിപ്പിക്കുകയും ടിഡിപിയിൽ നിന്ന് വന്ന നേതാക്കൾക്ക് വലിയ പരിഗണന നൽകുന്നുവെന്ന ആരോപണവും ഇദ്ദേഹത്തിനെതിരെയുണ്ട്.  എന്നിരുന്നാലും പാർട്ടിയിൽ വലിയ പിന്തുണയുള്ള നേതാവാണ് രേവന്ത്, പ്രത്യേകിച്ച് യുവാക്കൾക്കിടയിൽ. ഇന്ത്യ സ്വതന്ത്രയായ കാലം മുതൽ കോൺഗ്രസിന്റെ നട്ടെല്ലായി കണക്കാക്കപ്പെടുന്ന, മികച്ച സ്വാധീനമുള്ള റെഡ്ഡി സമുദായത്തിൽ നിന്നുള്ള നേതാവാണ് എന്നതും അദ്ദേഹത്തിന് അനുകൂല ഘടകമാണ്.  നാളെയാണ് തെലങ്കാന തെരഞ്ഞെടുപ്പ്. 119 അംഗ തെലങ്കാന നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് വ്യാഴാഴ്ച  നടക്കും. വോട്ടെണ്ണൽ മറ്റു നാല് സംസ്ഥാനങ്ങൾക്കൊപ്പം ഡിസംബർ മൂന്നിനും. 
കെ. ചന്ദ്രശേഖർ റാവുവിന്റെ ഭാരത് രാഷ്ട്ര സമിതിക്ക് ചില തിരിച്ചടികൾ കിട്ടുന്നുണ്ട്.  വ്യവസ്ഥകൾ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടി ഋതു ബന്ധു പദ്ധതിക്ക് കീഴിൽ കർഷകർക്ക് റാബി വിളകൾക്കുള്ള ധനസഹായം വിതരണം ചെയ്യാൻ തെലങ്കാന സർക്കാരിന് നൽകിയ അനുമതി തെരഞ്ഞെടുപ്പ് കമ്മീഷൻ തിങ്കളാഴ്ച പിൻവലിച്ചിരുന്നു. പരസ്യ പ്രഖ്യാപനം നടത്തി സംസ്ഥാനത്തെ മന്ത്രി പെരുമാറ്റച്ചട്ടം ലംഘനം നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് അനുമതി പിൻവലിച്ചത്. ചില കാരണങ്ങളാൽ മാതൃക പെരുമാറ്റച്ചട്ട കാലയളവിൽ റാബി ഗഡു വിതരണം ചെയ്യാൻ കെ സി ആറിന്റെ നേതൃത്വത്തിലുള്ള തെലങ്കാന സർക്കാരിന് തെരഞ്ഞെടുപ്പ് പാനൽ അനുമതി നൽകിയിരുന്നു.  എന്നാൽ ചട്ടം ലംഘിച്ചതിന് പിന്നാലെ തെരഞ്ഞെടുപ്പ് ചട്ടകാലത്ത് പണം വിതരണം ചെയ്യരുതെന്ന് സംസ്ഥാനത്തോട് ആവശ്യപ്പെടുകയായിരുന്നു. 
ബി ആർ എസിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്ന് കോൺഗ്രസ് ഞായറാഴ്ച മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷനോട് അഭ്യർത്ഥിച്ചിരുന്നു. ബി ആർ എസ് നേതാക്കൾ വോട്ടർമാരെ സ്വാധീനിക്കാനുള്ള ഉപകരണമായി ഇ സിയുടെ അംഗീകാരത്തെ ഉപയോഗിക്കുകയാണെന്ന് സി ഇ സി രാജീവ് കുമാറിന് അയച്ച കത്തിൽ കോൺഗ്രസ് ആരോപിക്കുകയും ചെയ്തു. 
തെലങ്കാനയിൽ കോൺഗ്രസിന് ഡി എം കെ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രതിപക്ഷ സഖ്യമായ ഇന്ത്യ മുന്നണിയെ പ്രതിനിധീകരിച്ച് മത്സരിക്കുന്ന കോൺഗ്രസ് പാർട്ടിയുടെ സ്ഥാനാർത്ഥികൾക്ക് പൂർണ പിന്തുണ നൽകാൻ തെലങ്കാനയിലെ എല്ലാ ഡി എം കെ പ്രവർത്തകരോടും അഭ്യർത്ഥിക്കുന്നതായി പാർട്ടി അധ്യക്ഷനും തമിഴ്‌നാട് മുഖ്യമന്ത്രിയുമായ എംകെ സ്റ്റാലിൻ പ്രസ്താവനയിലൂടെ അറിയിക്കുകയായിരുന്നു.
സംസ്ഥാനത്ത് ചന്ദ്രശേഖർ റാവു (കെ സി ആർ) നയിക്കുന്ന ഭാരത് രാഷ്ട്ര സമിതിയും കോൺഗ്രസും ബി ജെ പിയും തമ്മിൽ കടുത്ത മത്സരമാണ് നടക്കുന്നത്. ഡി എം കെ തെലങ്കാനയിൽ വലിയ സ്വാധീന ശക്തിയല്ലെങ്കിലും ഹൈദരാബാദ് നഗരത്തിൽ ഉൾപ്പെടെ നിരവധി തമിഴ് വംശജരുണ്ട്. ഇവർക്കിടയിൽ ഡി എം കെ പ്രവർത്തകർ പ്രവർത്തിക്കുന്നുണ്ട്. ചെറുതെങ്കിലും ശക്തമായ ത്രികോണ മത്സരം നടക്കുന്ന മണ്ഡലങ്ങളിൽ ഈ പിന്തുണ കോൺഗ്രസിന് നിർണായകമായി മാറുമെന്നാണ് വിലയിരുത്തൽ.
കർണാടകയിലേത് പോലെയല്ലെങ്കിലും കേന്ദ്രം ഭരിക്കുന്ന ബി ജെ പിയുടെ ദേശീയ നേതാക്കൾ തുടർച്ചയായി സംസ്ഥാനത്ത് പ്രചാരണം നടത്താനെത്തിയതും ശ്രദ്ധേയമായി.  കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോഡി വീണ്ടുമെത്തി. തെലങ്കാനയിലെ ജനങ്ങൾക്ക് രണ്ട് പ്രധാന പ്രവർത്തനങ്ങൾ ചെയ്യാനുണ്ടെന്ന് മോഡി ഓർമപ്പെടുത്തി. ഒന്ന് ബി ആർ എസിനെ അധികാരത്തിൽ നിന്ന് പുറത്താക്കണം, രണ്ടാമത്തേത് അഴിമതിക്കാരായ കോൺഗ്രസ് അധികാരത്തിൽ വരുന്നത് തടയണം. ആന്ധ്രാപ്രദേശിലെ തിരുപ്പതി വഴിയാണ് മോഡിയെത്തിയത്. 140 കോടി ഇന്ത്യക്കാർക്ക് വേണ്ടി പ്രാർഥിച്ചുവെന്ന് പ്രധാനമന്ത്രി മോഡി തിരുപ്പതി ക്ഷേത്ര ദർശനത്തിന് ശേഷം  പറഞ്ഞുവെങ്കിലും മറ്റു പല നേതാക്കളും പതിവു പല്ലവികൾ ആവർത്തിച്ചുകൊണ്ടിരിക്കുകയാണ്. കോൺഗ്രസ് ജയിച്ചാൽ കൃഷിക്കാരന് പ്രതിമാസം 15,000 രൂപ പെൻഷൻ നൽകുമെന്ന് പറയുന്നതൊക്കെ മനസ്സിലാക്കാം. ബി.ജെ.പി നേതാവും കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ അമിത് ഷാ തെലങ്കാനയിലെ പ്രചാരണത്തിനിടെ പറഞ്ഞത് ബി.ജെ.പിക്ക് സംസ്ഥാന ഭരണം ലഭിക്കുന്ന പക്ഷം നാല് ശതമാനം വരുന്ന മുസ്‌ലിം സംവരണമൊഴിവാക്കി അത് മറ്റേതെങ്കിലും  വിഭാഗങ്ങൾക്ക് നൽകുമെന്നാണ്. അമിത് ഷാ ഇതു പറഞ്ഞപ്പോൾ മറ്റൊരു കേന്ദ്ര മന്ത്രി പറഞ്ഞത് ഞങ്ങൾ ജയിച്ചാൽ ഹൈദരാബാദിന്റെ പേര് ഭാഗ്യ നഗർ എന്നാക്കി പുനർനാമകരണം ചെയ്യുമെന്നാണ്. ഇതിനുള്ള ഭാഗ്യം ഹൈദരാബാദികൾക്കില്ലെന്നാണ് സൂചന. 

Latest News