Sorry, you need to enable JavaScript to visit this website.

'കാതൽ' സിനിമ ഉയർത്തുന്ന സാമൂഹിക പ്രശ്‌നം

കേരളത്തിലെ ലൈംഗിക ന്യൂനപക്ഷങ്ങൾ ഏറെക്കാലം അദൃശ്യരായിരുന്നു. പലരും രാജ്യത്തെ വൻനഗരങ്ങളിലായിരുന്നു. പലരും തങ്ങളുടെ അസ്തിത്വം മറച്ചുവെച്ചായിരുന്നു ഇവിടെ ജീവിച്ചത്. എന്നാലിന്നവരിൽ വലിയൊരു വിഭാഗം പിറന്ന മണ്ണിൽ മറ്റുള്ളവരെ പോലെ മനുഷ്യരായി ജീവിക്കാനുള്ള പോരാട്ടത്തിലാണ്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നടക്കുന്ന വിമത ലൈംഗിക പ്രസ്ഥാനങ്ങളുടെ ചുവടുപിടിച്ചാണ് കേരളത്തിൽ ലൈംഗിക ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾക്കു വേണ്ടി പ്രവർത്തിക്കുന്ന സംഘടനകളുണ്ടായത്. അതിന്റെ ഫലമായി പല കൂട്ടായ്മകളും കേരളത്തിൽ ഉടലെടുത്തു.

 

'കാതൽ' എന്ന സിനിമ ഏറെ ചർച്ചാവിഷയമായിരിക്കുകയാണല്ലോ. ക്വിയർ വിഭാഗങ്ങളുടെ പ്രശ്‌നങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. ചിലരൊക്കെ മമ്മൂട്ടിയെ പോലുള്ള താരം അഭിനയിക്കുന്നു എന്നതാണ് സിനിമയെ ഏറെ ശ്രദ്ധേയമാക്കാനുള്ള പ്രധാന കാരണം. ചിലരൊക്കെ അഭിപ്രായ ഭിന്നത പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും ഭൂരിഭാഗം വരുന്ന എൽ. ജി. ബി. ടി. ക്യു വിഭാഗങ്ങൾ സിനിമയെ സ്വാഗതം ചെയ്യുന്നു. പലയിടത്തും അവർ കേക്കു മുറിച്ചും പാട്ടു പാടിയും നൃത്തം ചെയ്തും സിനിമയെ ആഘോഷിക്കുകയാണ്. ലാൽ ജോസും ദിലീപും ചേർന്ന് രൂപം കൊടുത്ത ചാന്തുപൊട്ട് എന്ന സിനിമ തങ്ങളുടെ മനസ്സിൽ സൃഷ്ടിച്ച മുറിവ് ഒരു പരിധി വരെ ഉണക്കാൻ ഈ സിനിമയിലൂടെ ജിയോബേബിക്കും മമ്മൂട്ടിക്കും കഴിഞ്ഞതായാണ് ക്വിയർ സമൂഹത്തിലെ ഭൂരിഭാഗവും അഭിപ്രായപ്പെടുന്നത്.

തീർച്ചയായും ചാന്തുപൊട്ടിൽ നിന്ന് കാതലിലെത്തുമ്പോൾ ക്വിയർ മനുഷ്യരോട് കേരളീയ സമൂഹത്തിനുള്ള മനോഭാവത്തിൽ കുറെ മാറ്റങ്ങളെല്ലാം വന്നിട്ടുണ്ട്. അതിനാലാണ് സിനിമയിലും ഈ മാറ്റം വരുന്നത്. അപ്പോഴും അവർ ദൈനംദിനം നേരിടുന്ന അവഹേളനങ്ങൾക്കും വിവേചനങ്ങൾക്കും കാര്യമായ കുറവു വന്നിട്ടുണ്ടെന്നു പറയാനാകില്ല. ആദ്യമായി ട്രാൻസ്‌ജെൻഡർ പോളിസി പ്രഖ്യാപിച്ചതിന്റെ പേരിൽ കേരളം ട്രാൻസ് സൗഹൃദ സംസ്ഥാനമാണെന്ന അവകാശവാദം നിരന്തരമായി കേൾക്കുന്നതാണ്. എന്നാൽ ഔപചാരികമായി എന്തു പ്രഖ്യാപിച്ചാലും അതിന്റെ അന്തഃസത്ത പൂർണമായും അധികാരികളും ജനങ്ങളും ഉൾക്കൊള്ളുന്നില്ലെങ്കിൽ പ്രയോജനമുണ്ടാകില്ല. അതിനുദാഹരണമാണ് ഈ വിഷയത്തിൽ കേരളം. ട്രാൻസ് മനുഷ്യരോടുള്ള സമീപനത്തിൽ  മിക്കവാറും സംസ്ഥാനങ്ങളേക്കാൾ എത്രയോ പിറകിലാണ് ഇപ്പോഴും കേരളം. അന്തസ്സോടെ ജീവിക്കാൻ കഴിയാത്തതിനാൽ തന്നെ എത്രയോ ട്രാൻസ് മനുഷ്യരാണ് ഇപ്പോഴും സംസ്ഥാനത്ത് ജീവനൊടുക്കുന്നത്. 

ഭൂരിപക്ഷത്തിനും ശക്തരായവർക്കുമുള്ളതാണ് ജീവിതം, ന്യൂനപക്ഷങ്ങൾക്കും ദുർബ്ബലർക്കുമുള്ളതല്ല എന്ന പൊതുബോധം തന്നെയാണ് പ്രധാന പ്രശ്നം. കഴിവുള്ളവർ അതിജീവിക്കുമെന്ന തിയറിയൊന്നും സാമൂഹിക ജീവിതത്തിനു ബാധകമല്ല. ന്യൂനപക്ഷങ്ങളും ദുർബലരുമൊക്കെ എങ്ങനെ ജീവിക്കുന്നു എന്നതിലാണ് ഒരു നാടിന്റെ പുരോഗതി മനസ്സിലാക്കാനാകുക. സർക്കാർ ട്രാൻസ്ജെൻഡേഴ്സിന് അഡ്മിഷനൊരുക്കിയപ്പോൾ മഹാരാജാസിൽ പ്രവേശനം നേടിയവരിൽ ഒരാൾ, കേരളത്തിലെ ആദ്യ ട്രാൻസ്ജെൻഡർ ബോഡി ബിൽഡർ ആയി കഠിനാധ്വാനത്തിലൂടെ മിസ്റ്റർ തൃശൂരും മിസ്റ്റർ കേരള പട്ടവും നേടിയ ഒരാൾ, ഇന്റർനാഷണൽ ബോഡി ബിൽഡിംഗ് ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത ഒരാൾ, ആക്ടിവിസ്റ്റായ ഒരാൾ, ഒരുപാട് സുഹൃദ് വലയം.. ഇതെല്ലാമായിരുന്ന പ്രവീൺ എന്ന ട്രാൻസ്മാൻ പോലും അതിജീവിക്കാനാവതെ ഏതാനും മാസം മുമ്പ് ആത്മഹത്യ ചെയ്തത് വലിയ വാർത്തയായിരുന്നല്ലോ. അധിക്ഷേപങ്ങളും പരിഹാസങ്ങളും പലവിധം സഹിച്ചാണ് താൻ ജീവിക്കുന്നതെന്ന് പലവട്ടം പ്രവീൺ പറഞ്ഞിരുന്നു. 'തോറ്റുകൊടുക്കാൻ മനസ്സില്ല എന്ന ആത്മവിശ്വാസത്തോടെ തന്നെ മുന്നോട്ട് പോകുന്നു. ഞാൻ എപ്പോഴും പറയാറുള്ളതുപോലെ ഇതൊരു തുടക്കം മാത്രം ആണ്.. ഇനിയും ഒരുപാട് ദൂരം സഞ്ചരിക്കാൻ ഉണ്ട്... ' എന്നൊക്കെ സമൂഹത്തോട് വിളിച്ചു പറഞ്ഞ വ്യക്തിയായിരുന്നു പ്രവീൺ. ഈ സാഹചര്യത്തലാണ് കാതൽ എന്ന സിനിമ പോലും ഒരു പ്രതീക്ഷയാകുന്നത്. 

കേരളത്തിലെ ലൈംഗിക ന്യൂനപക്ഷങ്ങൾ ഏറെക്കാലം അദൃശ്യരായിരുന്നു. പലരും രാജ്യത്തെ വൻനഗരങ്ങളിലായിരുന്നു. പലരും തങ്ങളുടെ അസ്തിത്വം മറച്ചുവെച്ചായിരുന്നു ഇവിടെ ജീവിച്ചത്. എന്നാലിന്നവരിൽ വലിയൊരു വിഭാഗം പിറന്ന മണ്ണിൽ മറ്റുള്ളവരെ പോലെ മനുഷ്യരായി ജീവിക്കാനുള്ള പോരാട്ടത്തിലാണ്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നടക്കുന്ന വിമത ലൈംഗിക പ്രസ്ഥാനങ്ങളുടെ ചുവടുപിടിച്ചാണ് കേരളത്തിൽ ലൈംഗിക ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾക്കു വേണ്ടി പ്രവർത്തിക്കുന്ന സംഘടനകളുണ്ടായത്. അതിന്റെ ഫലമായി പല കൂട്ടായ്മകളും കേരളത്തിൽ ഉടലെടുത്തു. ഇവരോടൊപ്പം ഒരു കൂട്ടം സാമൂഹ്യ പ്രവർത്തകരും എഴുത്തുകാരുമാണ് കേരളത്തിലെ ലൈംഗിക ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളുമായി ബന്ധപ്പെട്ട ചർച്ചകൾ മുഖ്യധാരയിലേക്കെത്തിക്കുന്നത്. വസ്തുതാന്വേഷണ പഠനങ്ങൾ, ലിംഗനീതിയുമായി ബന്ധപ്പെട്ട ചർച്ചകൾ, സംവാദങ്ങൾ, സെമിനാറുകൾ, ചലച്ചിത്ര മേളകൾ, സമുദായാംഗങ്ങളുമായുള്ള കൂടിക്കാഴ്ചകളും പങ്കുവെക്കലുകളും, പ്രൈഡ്, റാലികൾ, പ്രതിഷേധ പ്രകടനങ്ങൾ തുടങ്ങി നൂറുകണക്കിനു പരിപാടികൾ അതിനായി സംഘടിപ്പിച്ചു. ഇപ്പോഴുമവ തുടരുന്നുണ്ട്. പക്ഷേ പ്രതീക്ഷിച്ച ഫലം ഉണ്ടാകുന്നില്ല. 

വീട്ടിൽ നിന്നേ തുടങ്ങുന്ന വിവേചനങ്ങളും അതിക്രമങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും തൊഴിലിടങ്ങളിലും ആശുപത്രികളിലും പൊതുയിട ങ്ങളിലുമെല്ലാം നിലനിൽക്കുന്ന സാമൂഹ്യ ചുറ്റുപാടിലാണ് ലൈംഗിക ന്യൂനപക്ഷങ്ങൾക്ക് കേരളത്തിൽ ജീവിക്കേണ്ടി വരുന്നത്. ആരോഗ്യകരമായ ലൈംഗിക വിദ്യാഭ്യാസത്തിന്റെ അഭാവം, കേരളീയ സമൂഹത്തിൽ പൊതുവെ നിലനിൽക്കുന്ന സ്ത്രീവിരുദ്ധവും ആൺകോയ്മയിലധിഷ്ഠിതമായ യാഥാസ്ഥിതിക ധാരണകൾ, ലൈംഗികതയെക്കുറിച്ചുള്ള മിഥ്യാധാരണകൾ ഇവയൊക്കെ ഇവർക്കെതിരായുള്ള വിവേചനങ്ങൾക്ക് പശ്ചാത്തലമാകുന്നു. നിയമങ്ങളെക്കുറിച്ചുള്ള അജ്ഞത മൂലവും അല്ലാതെയും പലപ്പോഴും നിയമപാലകരുടെ വരെ സദാചാര പോലീസിംഗിന് ഇവർ ഇരകളാവേണ്ടി വരുന്ന സാഹചര്യങ്ങളും കുറവല്ല. 
ആഗോള തലത്തിൽ അംഗീകരിക്കപ്പെട്ടിരിക്കുന്ന മുഴുവൻ മനുഷ്യാവകാശങ്ങളും ഭിന്ന ലിംഗക്കാർക്കും ലഭ്യമാകുക തന്നെ വേണം. അതിനായി നിയമപരമായിത്തന്നെ എല്ലാ വിവേചനങ്ങളും അവസാനിപ്പിക്കണം. നിയമം നടപ്പാക്കാൻ ശക്തമായ നടപടികളും വേണം. ബലാൽസംഗവുമായി ബന്ധപ്പെട്ട നിയമങ്ങളിൽ ഇവരെ പരാമർശിക്കുന്നതേയില്ല എന്നതും പ്രധാനമാണ്. ട്രാൻസ്‌ജെൻഡർ വിഭാഗത്തിൽ പെട്ടവരെ സീരിയലുകളിലും സിനിമകളിലും ഉൾപ്പെടെ മോശമായി ചിത്രീകരിക്കുന്നത് കുറ്റമാക്കുന്ന നിയമം കൊണ്ടുവരണം. എല്ലാറ്റിനുമുപരിയായി ഇന്നത്തെ അവസ്ഥയിൽ ജനപ്രതിനിധികളായി ഇവർ തെരഞ്ഞെടുക്കപ്പെടാൻ സാധ്യത കുറവായതിനാൽ ജനപ്രതിനിധി സഭകളിൽ ഇവരുടെ പ്രതിനിധികളെ നോമിനേറ്റ് ചെയ്യണം.  തൊഴിലിലും വിദ്യാഭ്യാസത്തിലും  സംവരണം വേണം. ആരോഗ്യകരമായ ലൈംഗിക വിദ്യാഭ്യാസം ലഭിക്കുന്നതിന് ലൈംഗികത, ലിംഗഭേദങ്ങൾ എന്നിവയെക്കുറിച്ചുള്ള അറിവുകൾ ഹൈസ്‌കൂൾ, ഹയർ സെക്കണ്ടറി തലങ്ങളിൽ ജീവശാസ്ത്ര പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്തണം. ഗവൺമെന്റ് ജോലികളുമായി ബന്ധപ്പെട്ടും ഉപരിപഠനവുമായി ബന്ധപ്പെട്ടുമുള്ള ഫോമുകളിലും പരീക്ഷകളിലും ക്വിയർ വിഭാഗങ്ങളിൽ പെടുന്നവർക്ക് പ്രത്യേക സംവരണം നൽകണം തുടങ്ങിയ ആവശ്യങ്ങളും ഈ രംഗത്തുള്ളവർ ഉന്നയിക്കുന്നുണ്ട്. അതിനോട് ക്രിയാത്മക സമീപനമാണ് നാം സ്വീകരിക്കേണ്ടത്. 

Latest News