Sorry, you need to enable JavaScript to visit this website.

റിയാദിൽ യാത്രയ്ക്കിടെ സൗദി യുവതിയെ ആക്രമിക്കാൻ ശ്രമിച്ച ഡ്രൈവർക്ക് നാലു വർഷം തടവ്

റിയാദ് - കാറിൽ ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്നതിനിടെ സൗദി യുവതിയെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിക്കുകയും യുവതിയുടെ മൊബൈൽ ഫോണിലേക്ക് അശ്ലീല ഫോട്ടോകൾ അയച്ചുകൊടുക്കുകയും ചെയ്ത പാക്കിസ്ഥാനി ഡ്രൈവറെ റിയാദ് ക്രിമിനൽ കോടതി നാലു വർഷം തടവിന് ശിക്ഷിച്ചു. പ്രതിക്ക് 15,000 റിയാൽ പിഴ ചുമത്തിയിട്ടുമുണ്ട്. പാക്കിസ്ഥാനിയുടെ കാറിൽ സഞ്ചരിക്കുന്നതിനിടെ നാൽപതുകാരിയെ ഡ്രൈവർ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിക്കുകയും മൊബൈൽ ഫോൺ കൈക്കലാക്കുകയുമായിരുന്നു. 
വാട്‌സ് ആപ്പിൽ ബന്ധപ്പെട്ട് മൊബൈൽ ഫോൺ തിരികെ നൽകാൻ യുവതി ആവശ്യപ്പെട്ടെങ്കിലും പാക്കിസ്ഥാനി ഇതിന് തയാറായില്ല. അവിഹിതബന്ധത്തിന് സമ്മതിച്ചാൽ മാത്രമേ മൊബൈൽ ഫോൺ തിരികെ നൽകൂ എന്ന് പാക്കിസ്ഥാനി പറഞ്ഞു. അവിഹിതബന്ധത്തിലേർപ്പെടുന്നതിനു പകരം പണം നൽകാമെന്ന് വാഗ്ദാനം ചെയ്ത് പാക്കിസ്ഥാനി പിന്നീട് യുവതിയുടെ ഫോണിലേക്ക് സന്ദേശവും അയച്ചു. ഇതിനു ശേഷമാണ് വാട്‌സ് ആപ്പിലൂടെ യുവതിയുടെ ഫോണിലേക്ക് പ്രതി അശ്ലീല ഫോട്ടോകൾ അയച്ചത്. 
ഇതേ കുറിച്ച് യുവതി പോലീസിൽ പരാതിപ്പെടുകയായിരുന്നു. എന്നാൽ യുവതിയുടെ ഫോൺ താൻ തട്ടിയെടുത്തതല്ലെന്നും പരാതിക്കാരി മൊബൈൽ ഫോൺ കാറിൽ മറന്നുവെക്കുകയായിരുന്നെന്നും പാക്കിസ്ഥാനി ഡ്രൈവർ ഇംതിയാസ് വാദിച്ചു. മൊബൈൽ ഫോൺ തിരികെ ആവശ്യപ്പെട്ട് പരാതിക്കാരി തനിക്ക് ഫോൺ ചെയ്‌തെങ്കിലും താൻ തിരക്കിലാണെന്ന് മറുപടി പറയുകയായിരുന്നു. അബദ്ധത്തിലാണ് യുവതിയുടെ ഫോണിലേക്ക് അശ്ലീല ഫോട്ടോകൾ അയച്ചതെന്നും പാക്കിസ്ഥാനി വാദിച്ചു. താൻ പതിനാലു വർഷമായി സൗദിയിൽ കഴിയുന്നതായും പരാതിക്കാരിയെ ആഴ്ചയിൽ അഞ്ചു ദിവസം ജോലി സ്ഥലത്തേക്കും തിരിച്ചും താനാണ് കാറിൽ കൊണ്ടുപോകുന്നതെന്നും ഇതിന് ദിവസേന 60 റിയാലാണ് തനിക്ക് ലഭിക്കുന്നതെന്നും ഇംതിയാസ് പറഞ്ഞു. ഇരു വിഭാഗത്തിന്റെയും വാദങ്ങൾ കേട്ട് വിചാരണ പൂർത്തിയാക്കിയ കോടതി സൗദി യുവതിയുടെ മൊബൈൽ ഫോൺ പാക്കിസ്ഥാനി തട്ടിയെടുക്കുകയായിരുന്നെന്നും അവിഹിതബന്ധത്തിന് സമ്മതിപ്പിക്കുന്നതിന് ശ്രമിച്ച് മൊബൈൽ ഫോൺ തിരികെ നൽകുന്നതിന് യുവതിയുമായി പ്രതി വിലപേശൽ നടത്തിയതായും തെളിഞ്ഞതിനെ തുടർന്നാണ് ശിക്ഷ പ്രഖ്യാപിച്ചത്.
 

Latest News