കൊല്ലം - ഓയൂരിലെ ആറുവയസുകാരിയായ കുട്ടിയെ തട്ടിക്കൊണ്ടുപോയി ഉപേക്ഷിച്ച സംഘത്തിലെ പ്രതിയെന്ന് സംശയിക്കുന്ന സ്ത്രീയുടെ ചിത്രം പുറത്തുവിട്ടു. കുട്ടി പറഞ്ഞ വിവരങ്ങളും തട്ടിക്കൊണ്ടുപോയ സംഘാംഗങ്ങൾ സാധനങ്ങൾ വാങ്ങിയ കടയുടമയുമായി സംസാരിച്ചതിന്റെയും അടിസ്ഥാനത്തിൽ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പോലീസ് രേഖാചിത്രം തയ്യാറാക്കിയത്. 30-ഓളം സ്ത്രീകളുടെ ചിത്രങ്ങൾ കുട്ടിയെ കാണിച്ചെങ്കിലും ഇവയൊന്നും കുട്ടി തിരിച്ചറിഞ്ഞിരുന്നില്ല.
പ്രതികൾക്കായി പോലീസ് തിരച്ചിൽ ഊർജിതമായി തുടരുകയാണ്. ഡി.ഐ.ജി നിശാന്തിനിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം ഏകോപിപ്പിക്കുന്നത്. കുട്ടിയെ ആദ്യം തട്ടിക്കൊണ്ടുപോയത് വർക്കല ഭാഗത്തേക്കാണെന്നാണ് സൂചന. ഒന്നിലധികം സ്ത്രീകൾ സംഘത്തിലുണ്ടോയെന്നും അന്വേഷണസംഘത്തിന് സംശയമുണ്ട്. കുട്ടിയിപ്പോൾ ഗവ. വിക്ടോറിയ ആശുപത്രിയിൽ നിരീക്ഷണത്തിലാണ്. കുട്ടിയുടെ ആരോഗ്യസ്ഥിതി പൂർണമായും പരിശോധിച്ച ശേഷം ഇന്ന് ഡിസ്ചാർജ് ചെയ്യാനും സാധ്യതയുണ്ട്. കുട്ടിയെ സ്വീകരിക്കാനായി നാടും സ്‌കൂളുമെല്ലാം കാത്തിരിക്കുകയാണ്. അതിനിടെ, പ്രതികളെക്കുറിച്ചും മറ്റുമുള്ള കൂടുതൽ തെളിവെടുപ്പിനായി അന്വേഷണ സംഘത്തിനും കുഞ്ഞിനെ ആവശ്യമുണ്ട്.