Sorry, you need to enable JavaScript to visit this website.

അവസാന പാറ നീക്കം ചെയ്തു, എനിക്കവരെ  ആദ്യം കാണാന്‍ കഴിഞ്ഞു- മുന്ന ഖുറേഷി

ഡെറാഡൂണ്‍-ഉത്തരകാശിയില്‍നിന്നും ആ ശുഭവാര്‍ത്ത എത്തി. ഉത്തരകാശിയില്‍ നിര്‍മാണത്തിലിരുന്ന തുരങ്കത്തില്‍ കുടുങ്ങിയ 41 തൊഴിലാളികളെയും പുറത്തെത്തിച്ചു. ചൊവ്വാഴ്ച വൈകിട്ട് 7.05-ഓടെ ആരംഭിച്ച രക്ഷാദൗത്യത്തിന്റെ അവസാനഘട്ടം ഒന്നരമണിക്കൂറില്‍ വിജയം കണ്ടു, മുഴുവന്‍ തൊഴിലാളികളും പുറത്തെത്തിച്ചു.
തുരങ്കത്തിന് പുറത്ത് സജ്ജമാക്കി നിര്‍ത്തിയ ആംബുലന്‍സില്‍ തൊഴിലാളികളെ ആശുപത്രിയിലേക്ക് മാറ്റി. ആദ്യത്തെ കുറച്ച് തൊഴിലാളികളെ സ്‌ട്രെച്ചറിലാണ് പുറത്തെത്തിച്ചത്. എല്ലാ തൊഴിലാളികളും ആരോഗ്യവാന്മാരാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമിയും കേന്ദ്രമന്ത്രി വി.കെ. സിങ്ങും ചേര്‍ന്നാണ് പുറത്തെത്തിയ തൊഴിലാളികളെ സ്വീകരിച്ചത്.
ദല്‍ഹിയില്‍നിന്നുള്ള റാറ്റ് മൈനര്‍, മുന്ന ഖുറേഷിയാണ് തൊഴിലാളികളുടെ അടുത്തേക്ക് ആദ്യമെത്തിയതെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. അവസാനത്തെ പാറ ഞാനാണ് നീക്കം ചെയ്തത്. എനിക്ക് അവരെ കാണാന്‍ കഴിഞ്ഞു. തുടര്‍ന്ന് ഞാന്‍ മറുവശത്തേക്ക് ചെന്നു. അവര്‍ ഞങ്ങളെ കെട്ടിപ്പിടിക്കുകയും എടുത്തുയര്‍ത്തുകയും ചെയ്തു. രക്ഷിക്കാനെത്തിയതിന് അവര്‍ നന്ദി അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂര്‍ ഞങ്ങള്‍ തുടര്‍ച്ചയായി ജോലി ചെയ്യുകയായിരുന്നു. എനിക്ക് എന്റെ സന്തോഷം പ്രകടിപ്പിക്കാനാകുന്നില്ല. ഞാന്‍ എന്റെ രാജ്യത്തിനുവേണ്ടിയാണിത് ചെയ്തത്. അവര്‍ (കുടുങ്ങിയ തൊഴിലാളികള്‍) ഞങ്ങള്‍ക്ക് നല്‍കിയ ബഹുമാനം എനിക്ക് എന്റെ ജീവിതത്തില്‍ മറക്കാന്‍ കഴിയില്ല, മുന്നയെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
തൊഴിലാളികള്‍ പുറത്തെത്തിയതിന് പിന്നാലെ പ്രദേശവാസികള്‍ മധുരവിതരണം നടത്തി. നവംബര്‍ 12-ന് പുലര്‍ച്ചെ നാലുമണിയോടെയാണ് ബ്രഹ്മകമല്‍-യമുനോത്രി ദേശീയപാതയില്‍ നിര്‍മാണത്തിലിരുന്ന തുരങ്കത്തിന്റെ ഒരുഭാഗം തകര്‍ന്നുവീണ് തൊഴിലാളികള്‍ ഉള്ളില്‍ കുടുങ്ങിയത്. ഉടന്‍ സ്ഥലത്തെത്തിയ രക്ഷാപ്രവര്‍ത്തകസംഘം തൊഴിലാളികള്‍ക്ക് പൈപ്പമാര്‍ഗത്തിലൂടെ ഭക്ഷണം, വെള്ളം, മരുന്ന് തുടങ്ങിയവ എത്തിച്ചു നല്‍കി. ഓക്‌സിജനും പൈപ്പ് മാര്‍ഗം തൊഴിലാളികള്‍ക്ക് എത്തിച്ചു നല്‍കിയിരുന്നു.

Latest News