Sorry, you need to enable JavaScript to visit this website.

നവകേരള സദസ് വേദിയായ കോട്ടയത്തെ  സ്‌കൂള്‍ കെട്ടിടം ഇടിച്ചുനിരത്തി

കോട്ടയം- നവകേരള സദസിനായി മാനന്തവാടിയില്‍ സ്‌കൂളിന്റെ മതില്‍ തകര്‍ത്തതിന് പിന്നാലെ കോട്ടയത്ത് സ്‌കൂള്‍ കെട്ടിടം ഇടിച്ചുനിരത്തി. കോട്ടയം പൊന്‍കുന്നം സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പഴയ കെട്ടിടമാണ് പൊളിച്ചത്. നവകേരള സദസിനായി പന്തല്‍ ഇടാനാണ് കെട്ടിടം പൊളിച്ചത്. ഡിസംബര്‍ 12നാണ് പൊന്‍കുന്നത്ത് നവകേരള സദസ് സംഘടിപ്പിച്ചിരിക്കുന്നത്. 
വര്‍ഷങ്ങളായി ഉപയോഗിക്കാതെ കിടന്നിരുന്ന കെട്ടിടമാണ് പൊളിച്ചതെന്നും ഇതിന് നവകേരള സദസുമായി ബന്ധമില്ലെന്നുമാണ് ജില്ലാ പഞ്ചായത്ത് നല്‍കുന്ന വിശദീകരണം. കെട്ടിടത്തിന് ഫിറ്റ്നെസ് സര്‍ട്ടിഫിക്കറ്റ് ഇല്ലെന്നും പഞ്ചായത്ത് വ്യക്തമാക്കുന്നു. കെട്ടിടം പൊളിക്കാനുള്ള തീരുമാനം പെട്ടെന്നുണ്ടായതല്ലെന്നും വൃക്ഷങ്ങള്‍ വെട്ടിമാറ്റുന്നതുമായി ബന്ധപ്പെട്ട് വനംവകുപ്പിന്റെ വാല്യുവേഷന്‍ നടപടികള്‍ തീരാനുള്ള കാലതാമസമാണ് നടപടികള്‍ വൈകാന്‍ കാരണമായതെന്നും അധികൃതര്‍ പറയുന്നു. അതേസമയം, മാനന്തവാടി സര്‍ക്കാര്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പൊളിച്ച മതില്‍ പുനര്‍നിര്‍മിക്കാത്തതില്‍ വലിയ പ്രതിഷേധം ഉയരുകയാണ്. മന്ത്രിമാര്‍ സഞ്ചരിക്കുന്ന ബസ് ഇറക്കുന്നതിനായാണ് മതില്‍ പൊളിച്ചത്. സംഭവത്തില്‍ വിമര്‍ശനവുമായി പ്രതിപക്ഷം അടക്കം രംഗത്തെത്തിയിരിക്കുകയാണ്. മതില്‍ ഉടന്‍ പുനര്‍നിര്‍മിക്കുമെന്ന് സ്ഥലം എം എല്‍ എ വ്യക്തമാക്കിയിട്ടുണ്ട്. ഈ മാസം 23നായിരുന്നു മാനന്തവാടിയില്‍ നവകേര സദസ് സംഘടിപ്പിച്ചത്.
മാനന്തവാടി സ്‌കൂളില്‍ നവകേരള സ്‌കൂളിനായി ഒരുക്കിയ താത്കാലിക ശൗചാലയ കുഴികള്‍ മൂടിയില്ലെന്നും പരാതി ഉയരുന്നുണ്ട്. സ്‌കൂള്‍ ഗ്രൗണ്ടിലാണ് ദിവസങ്ങളായി ശുചീകരിക്കാത്ത നിലയില്‍ ശൗചാലയ കുഴികളുള്ളത്. നവകേള സദസിന്റെ പുറകിലായാണ് താത്കാലിക ശൗചാലയങ്ങള്‍ ഒരുക്കിയത്. ഉന്നത ഉദ്യോഗസ്ഥരും മന്ത്രിമാരുമടക്കം ശൗചാലയം ഉപയോഗിക്കുകയും ചെയ്തിരുന്നു.

Latest News