Sorry, you need to enable JavaScript to visit this website.

മുസ്ലിം വനിതാ എം.എല്‍.എ സന്ദര്‍ശിച്ചു; ഗംഗാജലം തളിച്ച് ക്ഷേത്രം ശുദ്ധീകരിച്ചു

ലഖ്‌നൗ-ഉത്തര്‍പ്രദേശില്‍ മുസ്ലിം വനിതാ എം.എല്‍.എ സന്ദര്‍ശിച്ചതിനെ തുടര്‍ന്ന് ക്ഷേത്രം ഗംഗാജലം തളിച്ച് ശുദ്ധീകരിച്ചു. സമാജ് വാദി പാര്‍ട്ടി എം.എല്‍.എ സയ്യിദ ഖാത്തൂനാണ് സിദ്ധാര്‍ഥ് നഗര്‍ ജില്ലയിലെ ക്ഷേത്രം സന്ദര്‍ശിച്ചത്. പശുമാംസം കഴിക്കുന്ന മുസ്ലിം സന്ദര്‍ശിച്ചതോടെ ക്ഷേത്രം അശുദ്ധമായെന്നും ഇതുകൊണ്ടാണ് ഗംഗാജലം തളിച്ച് ശുദ്ധീകരിക്കേണ്ടിവന്നതെന്നും ബര്‍ഹ്‌നി ചാഫ പഞ്ചായത്ത് ചെയര്‍മാന്‍ ധര്‍മരാജ് വര്‍മ പറഞ്ഞു.
ഹിന്ദുത്വ സംഘടനാ പ്രവര്‍ത്തകരാണ് ഗംഗാജലം തളിച്ച് ശുദ്ധീകരിക്കണമെന്ന ആവശ്യവുമായി രംഗത്തുവന്നത്.  
സിദ്ധാര്‍ത്ഥ് നഗര്‍ ജില്ലയിലെ ബല്‍വ ഗ്രാമത്തിലെ സംയ മാതാ ക്ഷേത്രം അധികൃതരാണ് ഞായറാഴ്ച ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ എം.എല്‍.എയെ ക്ഷണിച്ചിരുന്നതെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
തിങ്കളാഴ്ച രാമകഥയ്ക്ക് ശേഷം പ്രാദേശിക പഞ്ചായത്ത് ചെയര്‍മാനും മറ്റ് ചില ഹിന്ദു സംഘടനാ അംഗങ്ങളും ക്ഷേത്രത്തിലെത്തി ഗംഗാജലം തളിക്കുകയും ഹനുമാന്‍ ചാലിസ ചൊല്ലുകയും ചെയ്തത്. ഡൊമാരിയഗഞ്ച് എംഎല്‍എക്കെതിരെ അവര്‍ മുദ്രാവാക്യം വിളിച്ചതായും പോലീസ് പറഞ്ഞു.
സംയ മാതാ മന്ദിര്‍ ഭക്തരുടെ വിശ്വാസ കേന്ദ്രമാണ്. പ്രാദേശിക എംഎല്‍എയുടെ അനാദരവോടെ ആളുകള്‍ ക്ഷേത്രത്തില്‍ തടിച്ചുകൂടിയിരുന്നു. അവര്‍ നോണ്‍വെജിറ്റേറിയനായതിനാലാണ് സന്ദര്‍ശനം ക്ഷേത്രത്തിന്റെ പവിത്രതയെ ബാധിച്ചത്- ബര്‍ഹ്‌നി ചാഫ ചെയര്‍മാന്‍ ധര്‍മ്മരാജ് വര്‍മ പറഞ്ഞു. സന്തോഷ് പാസ്വാന്‍, മിഥ്‌ലേഷ് പാണ്ഡെ, വിജയ് മദേശിയ, പ്രമോദ് ഗൗതം എന്നിവരുള്‍പ്പെടെയുള്ള വിവിധ ഹിന്ദുത്വ സംഘടനകളിലെ അംഗങ്ങള്‍ വര്‍മക്കൊപ്പമുണ്ടായിരുന്നു.

എല്ലാ മതങ്ങളെയും ബഹുമാനിക്കുന്നുവെന്നും ജനപ്രതിനിധിയായതിനാല്‍  ക്ഷേത്രമായാലും പള്ളിയായാലും ക്ഷണിച്ചാല്‍ പോകുമെന്നും സയ്യിദ ഖാത്തൂന്‍ സംഭവത്തോട് പ്രതികരിച്ചു.  തന്റെ എംഎല്‍എ പ്രാദേശിക വികസന ഫണ്ടില്‍ നിന്നാണ് വിവിധ ക്ഷേത്രങ്ങളുടെ പുനരുദ്ധാരണത്തിന് പണം നല്‍കിയതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ പരാതിയൊന്നും രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും സംഘര്‍ഷ സാധ്യത ഒഴിവാക്കാന്‍ പോലീസ് സംഘം പ്രദേശത്ത് പട്രോളിംഗ് നടത്തുന്നുണ്ടെന്നും ഡൊമാരിയഗഞ്ച് സര്‍ക്കിള്‍ ഓഫീസര്‍ സുജിത് കുമാര്‍ റായ് പറഞ്ഞു.
ഇതുമായി ബന്ധപ്പെട്ട് പരാതി ലഭിച്ചാല്‍ ഉചിതമായ നടപടി സ്വീകരിക്കുമെന്നും റായ് പറഞ്ഞു.
രാമകഥയ്ക്കായി പ്രാദേശിക ഗ്രാമവാസികള്‍ രൂപീകരിച്ച സംഘാടക സമിതിയാണ്  എസ്.പി നേതാവിനെ ക്ഷണിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംഘാടക സമിതി സെക്രട്ടറി ശ്രീകാന്ത് ശുക്ല, ക്ഷേത്രത്തിലെ പ്രധാന പൂജാരി പൂജാരി പ്രസാദ് എന്നിവരാണ് കമ്മിറ്റിയുടെ നേതൃത്വം വഹിക്കുന്നതെന്ന് പിടിഐ റിപ്പോര്‍ട്ടില്‍ പറയുന്നു.
സംഭവത്തെക്കുറിച്ച് അന്വേഷിക്കുകയും സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിക്കുകയും ചെയ്യുന്നുണ്ടെന്ന് സിദ്ധാര്‍ത്ഥ് നഗര്‍ പോലീസ് സൂപ്രണ്ട് അഭിഷേക് കുമാര്‍ അഗര്‍വാള്‍ പറഞ്ഞു.

 

Latest News