കൊല്ലം - കേരളത്തിലെ മുഴുവൻ സംവിധാനങ്ങളും എന്റെ കുഞ്ഞിനുവേണ്ടി ഒരേ മനസ്സോടെ ചലിച്ചതിൽ പറഞ്ഞറിയിക്കാനാകാത്ത നന്ദിയുണ്ടെന്ന് കൊല്ലം ഓയൂർ പൂയംകുളത്തു നിന്നും തട്ടിക്കൊണ്ടുപോയി 20 മണിക്കൂറുകൾക്കു ശേഷം കണ്ടെത്തിയ ആറ് വയസ്സുകാരി അബിഗേലിയുടെ പിതാവ് റെജി പറഞ്ഞു.
സംഭവം അറിഞ്ഞതു മുതൽ പോലീസും മാധ്യമങ്ങളും ഭരണസംവിധാനങ്ങളും കേരളീയർ ഒന്നടങ്കം ജാഗ്രതയോടെ സ്വന്തം കുഞ്ഞിനെ പോലെയാണ് ഒരുമിച്ച് നിന്ന് തിരഞ്ഞത്. ഒരു പോറൽ പോലും ഏൽക്കാതെ കുഞ്ഞിനെ തിരിച്ചുകിട്ടാൻ സഹായിച്ച എല്ലാവരോടും ഒരുപാട് നന്ദിയിട്ടുണ്ട്. കക്ഷിരാഷ്ട്രീയത്തിന് അതീതമായി എല്ലാവരും കൂടെ നിന്നു. ആരെയും മാറ്റിനിർത്താനില്ല. മുഖ്യമന്ത്രിയും മന്ത്രിമാരും പ്രതിപക്ഷ നേതവുമെല്ലാം നേരിട്ട് വിളിച്ച് സംസാരിച്ചു. മാധ്യമങ്ങളും തുടക്കം തൊട്ടേ കണ്ണും നാവും തുറന്ന് കൂടെനിന്നു. പോലീസും ശക്തമായ ധൈര്യം തന്ന് കൂടെ നിന്നു. ഇന്ന് ഉച്ചയായപ്പോഴേക്കും ഞാൻ തളർന്ന് പ്രതീക്ഷയില്ലെന്ന് വിചാരിച്ചു. അപ്പോഴും പോലീസ് ഉദ്യോഗസ്ഥർ ധൈര്യം പകർന്നു. എല്ലാവരോടും നന്ദി. സംഭവത്തിൽ വ്യക്തിപരമായി ആരെയും സംശയമില്ലെന്നും പക്ഷേ ഇതിന് പിന്നിലെ കറുത്ത കരങ്ങളെ കണ്ടെത്തണമെന്നും റെജി ചൂണ്ടിക്കാട്ടി.
ചൊവ്വാഴ്ച ഉച്ചയ്ക്ക് 1.30-ഓടെയാണ് കുട്ടിയെ ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ച നിലയിൽ നാട്ടുകാർ കണ്ടെത്തിയത്. തുടർന്ന് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. പ്രതികൾക്കായി പോലീസ് തിരച്ചിൽ ഊർജിതമായി തുടരുകയാണ്.