ബൈറ്റ് ഡാന്‍സിന്റെ ഗെയിമിങ് വിഭാഗത്തില്‍ കൂട്ടപ്പിരിച്ചുവിടല്‍

കൊച്ചി- ബൈറ്റ്ഡാന്‍സിന്റെ ഗെയ്മിങ് ഡിവിഷനായ നുവേഴ്‌സില്‍ പിരിച്ചുവിടല്‍ തുടങ്ങി. ഗെയ്മിങ് വിങ് രണ്ട് വര്‍ഷത്തെ പ്രവര്‍ത്തനത്തിനു ശേഷം പ്രവര്‍ത്തനങ്ങള്‍ ഗണ്യമായി കുറയ്ക്കുകയാണെന്ന് ബൈറ്റ്ഡാന്‍സ് വക്താവ് അറിയിച്ചു. ടിക്ടോകിന്റെ മാതൃകമ്പനിയാണ് ബൈറ്റ് ഡാന്‍സ്. 

ഗെയിമിങ് ബിസിനസ് പുനഃക്രമീകരിക്കാനുള്ള വെല്ലുവിളി നിറഞ്ഞ തീരുമാനമാണ് കമ്പനി സ്വീകരിച്ചതെന്നാണ് വക്താവ് പറഞ്ഞത്. ലോകത്തിലെ ഏറ്റവും വലിയ ഗെയ്മിങ് വിപണിയായ ചൈനയില്‍ കോവിഡ് സമയത്ത് മൊബൈല്‍ ഗെയ്മിങ്ങിന്റെ ആവശ്യം കുതിച്ചുയര്‍ന്നപ്പോഴാണ് ബൈറ്റ്ഡാന്‍സ് ആ രംഗത്തേക്ക് പ്രവേശിച്ചത്. അക്കാലയളവില്‍ 400 കോടി ഡോളറിന്റെ ഇടപാടില്‍ ഷാങ്ഹായ് ആസ്ഥാനമായുള്ള ഗെയ്മിങ് സ്റ്റുഡിയൊ മൂണ്‍ടോണ്‍ ടെക്‌നോളജിയെ ബൈറ്റ്ഡാന്‍സ് ഏറ്റെടുത്തിരുന്നു. എന്നാല്‍ കോവിഡിന് ശേഷം കൂടുതല്‍ ആവശ്യക്കാര്‍ ഇല്ലാതിരുന്നതും എതിരാളികളായ ടെന്‍സെന്റ്, നെറ്റ് ഈസ് എന്നിവയില്‍ നിന്നുള്ള കടുത്ത മത്സരവും ബൈറ്റ്ഡാന്‍സിന് വെല്ലുവിളിയായി. 

പുതിയ റിപ്പോര്‍ട്ടുകളനുസരിച്ച് ബൈറ്റ്ഡാന്‍സ് നടന്നുകൊണ്ടിരിക്കുന്ന ഗെയ്മിങ് പ്രൊജക്റ്റുകള്‍ നിര്‍ത്തലാക്കാനും നിലവിലുള്ള ഗെയ്മിങ് ശീര്‍ഷകങ്ങള്‍ നുവേഴ്‌സിനുള്ളില്‍ നിന്ന് വില്‍ക്കാനും സാധ്യതയുണ്ട്.

Latest News