Sorry, you need to enable JavaScript to visit this website.

നവകേരള സദസ്സും പ്രതിഷേധങ്ങളും

നവകേരള സദസ്സ് ബഹിഷ്‌കരിക്കുക എന്ന യു.ഡി.എഫ് നിലപാട് അംഗീകരിക്കാവുന്നതല്ല. ഒരു സർക്കാർ പരിപാടിയെ പാർട്ടി പരിപാടിയാക്കാൻ വിട്ടുകൊടുക്കാതെ സജീവമായി ഇടപെടുകയായിരുന്നു പ്രതിപക്ഷം ചെയ്യേണ്ടിയിരുന്നത്. അതുവഴി ആയിരങ്ങളുടെ മുന്നിൽ വെച്ച് സർക്കാരിനെ രൂക്ഷമായി വിമർശിക്കാനുള്ള അവസരം ലഭിക്കുമായിരുന്നു. മാത്രമല്ല, എന്തൊക്കെ പറഞ്ഞാലും തങ്ങളുടെ പ്രശ്‌നങ്ങൾ പരിഹരിക്കപ്പെടുമെന്നു കരുതി പരാതികളുമായി എത്തുന്നവർക്കു മുന്നിൽ വാതിലടക്കുന്നതും ഉചിതമല്ല. പ്രതിപക്ഷ എം എൽ എമാരുടെ മണ്ഡലത്തിൽ ഈ സമീപനം വിപരീതമായ ഫലമുണ്ടാക്കാനാണ് സാധ്യത. ഐക്യവും സമരവും ഒന്നിച്ചു നടത്തുന്ന പ്രതിപക്ഷത്തെയാണ് ജനാധിപത്യ സംവിധാനത്തിൽ ആവശ്യം. 
 

വളരെ മോശപ്പെട്ട ഒരവസ്ഥയിലേക്കാണ് കേരള രാഷ്ട്രീയം നീങ്ങിക്കൊണ്ടിരിക്കുന്നതെന്ന് ഉറപ്പിക്കാവുന്ന സംഭവ വികാസങ്ങളാണ് അനുദിനം പുറത്തു വന്നുകൊണ്ടിരിക്കുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് ആസന്നമായതുമായി ബന്ധപ്പെട്ടാണ് കാര്യങ്ങൾ കൂടുതൽ കൂടുതൽ വഷളാകുന്നത്. കഴിഞ്ഞ തവണത്തെ വൻ പരാജയം ഇപ്പോഴും വേട്ടയാടുന്ന എൽ.ഡി.എഫിന്, പ്രത്യേകിച്ച് സി.പി.എമ്മിനു അതു തന്നെ ഇക്കുറി ആവർത്തിച്ചാൽ ഉയർന്നു വരിക നിലനിൽപിന്റെ പ്രശ്‌നമാണ്. 
തുടർച്ചയായി രണ്ടു തവണ നിയമസഭയിലേക്കു പരാജയപ്പെട്ട യു.ഡി.എഫിനാകട്ടെ കഴിഞ്ഞ തവണ വിജയം യാദൃഛികമായിരുന്നില്ല എന്നുറപ്പിച്ച്, പിന്നാലെ വരുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ വിജയിക്കാനായില്ലെങ്കിൽ ഭാവി വളരെ മോശമായിരിക്കും. ഇക്കാരണങ്ങൾ കൊണ്ടാണ് ഇരുകൂട്ടരും സ്‌പോർട്‌സ്മാൻ സ്പിരിറ്റെല്ലാം ഉപേക്ഷിച്ച് ഇപ്പോൾ തന്നെ അങ്കത്തട്ടിലിറങ്ങി നൈതികമല്ലാത്ത രീതിയിൽ പോരാട്ടം ആരംഭിച്ചിരിക്കുന്നത്. 
ഫലസ്തീൻ വിഷയവുമായി ബന്ധപ്പെട്ടാണ് ഇരുകൂട്ടരുടെയും നിലപാടില്ലായ്മയുടെയും കക്ഷിരാഷ്ട്രീയ താൽപര്യങ്ങളുടെയും ചിത്രം വ്യക്തമായും പുറത്തു വന്നത്. ഫലസ്തീൻ ജനതയോട് ഐക്യപ്പെട്ട് മുസ്‌ലിം ലീഗ് തുടക്കം തന്നെ രംഗത്തു വന്നു. അത് സ്വാഭാവികമാണ്. വളരെ വൈകിയാണ് ആദ്യം സി.പി.എമ്മും പിന്നാലെ കോൺഗ്രസും രംഗത്തു വന്നത്. ഇരുകൂട്ടരും വലിയ രീതിയിൽ തന്നെ ഫലസ്തീൻ ഐക്യദാർഢ്യ റാലി സംഘടിപ്പിച്ചു. എന്നാൽ സൂക്ഷ്മപരിശോധനയിൽ കാണാൻ കഴിയുക എന്താണ്? കേരളത്തിൽ വരാൻ പോകുന്ന തെരഞ്ഞെടുപ്പുകളുമായി ബന്ധപ്പെട്ട കക്ഷിരാഷ്ട്രീയ താൽപര്യങ്ങളാണ് ഫലസ്തീനേക്കാൾ ഇരുകൂട്ടരുടെയും താൽപര്യം എന്നു തന്നെ. 
ലീഗിനെ മൊത്തമായോ ഭാഗികമായോ എൽ.ഡി.എഫിലേക്ക് ചാടിക്കാനാവുമോ എന്നാണ് കുറെ കാലമായി സി.പി.എം ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ലീഗ് വർഗീയ പാർട്ടിയാണെന്ന സമീപകാല നിലപാടു പോലും അതിനായി തിരുത്തി. 
ജില്ല ബാങ്ക് വിഷയം തുടങ്ങി പല വിഷയങ്ങളിലും ലീഗിനെ പ്രീതിപ്പെടുത്താൻ ശ്രമിക്കുകയാണ് സി.പി.എം. അതിലൂടെ ലീഗും കോൺഗ്രസും തമ്മിൽ ഭിന്നത രൂക്ഷമാക്കാനും ലീഗിനുള്ളിൽ തന്നെ പ്രശ്‌നങ്ങളുണ്ടാക്കാനുമാണ് ശ്രമം. അതിന്റെ ഭാഗമായി തന്നെയാണ് പെട്ടെന്നു ഫലസ്തീൻ ഐക്യദാർഢ്യ റാലി പ്രഖ്യാപിച്ചതും ലീഗിനെ അതിലേക്കു ക്ഷണിച്ചതും. കുറച്ചുദിവസം രാഷ്ട്രീയ ആകാംക്ഷ സൃഷ്ടിച്ചെങ്കിലും ഒരിക്കൽ കൂടി ലീഗ് കോൺഗ്രസിനൊപ്പമെന്നു പ്രഖ്യാപിച്ചു. 
തീർച്ചയായും ലീഗിനുള്ളിൽ വലിയ അഭിപ്രായ വ്യത്യാസത്തിനു അതു കാരണമായി എന്നത് വ്യക്തം. ലീഗ് എത്തിയില്ലെങ്കിലും സി.പി.എം തന്ത്രം പാതി വിജയിച്ചു എന്നു തന്നെ പറയാം. 
ഇത്തരമൊരു സാഹചര്യത്തിൽ കോൺഗ്രസിനു മിണ്ടാതിരിക്കാനാവില്ലല്ലോ. അഖിലേന്ത്യ തലത്തിൽ ഫലസ്തീന് അനുകൂലമായി നിലപാടെടുത്തു എന്നൊക്കെ പറയുമ്പോഴും സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പുകൾ നടക്കുന്ന വേളയിൽ  അതുമായി ബന്ധപ്പെട്ട് ഒരു പരിപാടി സംഘടിപ്പിക്കാനുള്ള  ധൈര്യമൊന്നും കോൺഗ്രസിനില്ല എന്നു വ്യക്തം. എന്നാൽ കേരളത്തിലെ സംഭവ വികാസങ്ങൾ റാലി നടത്താതിരിക്കാനാവില്ല എന്ന അവസ്ഥയിലേക്ക് അവരെ എത്തിച്ചു. ലീഗിൽ സി.പി.എം സൃഷ്ടിച്ച പ്രശ്‌നങ്ങളും ശശി തരൂർ ലീഗ് റാലിയിൽ നടത്തിയ ഹമാസ് പരാമർശവും ആര്യാടൻ  ഷൗക്കത്തുമായി ബന്ധപ്പെട്ട വിഷയങ്ങളും മറികടക്കാൻ അതല്ലാതെ മറ്റൊരു മാർഗവും ഉണ്ടായിരുന്നില്ല. എന്തായാലും ലീഗ് നേതാക്കളെയും സാമുദായിക നേതാക്കളെയുമെല്ലാം അണിനിരത്തി താൽക്കാലികമായെങ്കിലും മുഖം രക്ഷിക്കാൻ അവർക്കു കഴിഞ്ഞു. 
അപ്പോഴും അധിനിവേശത്തിനെതിരായ ആത്മാർത്ഥമായ നിലപാടാണോ ഇരു പാർട്ടികളുടെയും എന്ന ചോദ്യം അവശേഷിക്കുകയാണ്. ആണെങ്കിൽ രണ്ടു കൊല്ലത്തേക്കടുക്കുന്ന ഉെക്രെനിലെ റഷ്യൻ അധിനിവേശത്തിനെതിരെയും സി.പി.എമ്മും കോൺഗ്രസും ഒരിക്കലെങ്കിലും പ്രതികരിക്കുമായിരുന്നല്ലോ. 
ഏറെ കൊട്ടിഘോഷിച്ചു നടക്കുന്ന നവകേരള സദസ്സുമായി ബന്ധപ്പെട്ടും ഇരു പാർട്ടികളുടെയും ഇരുമുന്നണികളുടെയും നിലപാടുകൾ ജനാധിപത്യ സംവിധാനത്തിന് അനുയോജ്യമാണെന്നു കരുതാനാവില്ല. ഏറെ കൊട്ടിഘോഷിക്കപ്പെടുകയും വിമർശിക്കപ്പെടുകയും ചെയ്ത മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ജനസമ്പർക്ക പരിപാടിയിൽ തന്നെ സർക്കാർ ജീവനക്കാർ ചെയ്യേണ്ട കാര്യങ്ങളാണ് മുഖ്യമന്ത്രി ചെയ്യുന്നതെന്നും അവരെക്കൊണ്ട് ചെയ്യിക്കുകയാണ് വേണ്ടതെന്നും മറിച്ച്, നടക്കുന്നത് ഫ്യൂഡൽ കാലത്തെ ഓർമിപ്പിക്കുന്നതാണെന്നും വിമർശനമുയർന്നിരുന്നു. അതിൽ കുറെ ശരിയുണ്ടുതാനും. ആ വിമർശനങ്ങൾ ഇപ്പോഴും ശരിയാണ്. 
എന്നാൽ നവകേരള സദസ്സ്, ജനസമ്പർക്ക പരിപാടിയേക്കാൾ വിമർശനത്തിന് അർഹമാണ്. എന്തൊക്കെ പറഞ്ഞാലും ജനാധിപത്യത്തിൽ മുഖ്യമന്ത്രി ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന്, അവരോട് നേരിൽ സംസരിച്ച്, പരാതികൾ കൈപ്പറ്റി പരിഹാരത്തിനു ശ്രമിക്കുന്നതിൽ പോസിറ്റിവ് ആയ ഒരു വശമുണ്ട്. മാത്രമല്ല, അത് വൻതുക ചെലവഴിച്ച് നടന്ന ഒരാഘോഷവുമായിരുന്നില്ല. എന്നാൽ ഇപ്പോൾ നടക്കുന്നതോ? ഇവിടെ മുഖ്യമന്ത്രിയോ മന്ത്രിമാരോ ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്നില്ല. മറിച്ച് കാണുന്നത്, ക്ഷണിക്കപ്പെട്ട, വിമർശനമൊന്നും ഉന്നയിക്കില്ല എന്നുറപ്പുള്ള കുറച്ചു പേരെ മാത്രം. പിന്നെ നടക്കുന്നത് ആയിരങ്ങളെ അഭിസംബോധന ചെയ്തുള്ള കക്ഷിരാഷ്ട്രീയ പ്രസംഗങ്ങളാണ്. അതു കേൾക്കാനായി നിർബന്ധപൂർവം കുടുംബശ്രീക്കാർ മുതൽ എൽ.കെ.ജി കുട്ടികളെ വരെ നിർബന്ധപൂർവം കൊണ്ടുവരുന്നു. രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി നിലനിൽക്കുമ്പോഴും വൻതുക ചെലവാക്കുന്നു. അതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നടക്കം നിർബന്ധ പിരിവെടുക്കുന്നു.കൊട്ടിഘോഷിക്കുന്ന ഈ പരിപാടിയിൽ ജനങ്ങളുടെ പരാതികൾ ഏൽപിക്കുന്നത് സർക്കാർ ജീവനക്കാരെ തന്നെയാണ്. പിന്നെന്തിനാണ് മന്ത്രിസഭ ചലിക്കുന്നത്? 
നിങ്ങളുടെ മുന്നിലെ ഓരോ ഫയലിനു പിന്നിലും ഓരോ ജീവിതമുണ്ടെന്ന് ഇടക്കിടെ മുഖ്യമന്ത്രി പറയുമ്പോഴും പരാതികൾ ഭൂരിഭാഗവും ചുവപ്പുനാടയിലാണ്. പരാതികളുടെ എണ്ണം ചൂണ്ടിക്കാട്ടി സദസ്സ് വൻ വിജയമാണെന്നു അവകാശപ്പെടുമ്പോൾ സത്യത്തിൽ പുറത്തുവരുന്നത് മലയാളികളുടെ സമകാലിക ജീവിത ദുരിതങ്ങളാണെന്നതാണ് മറച്ചുവെക്കുന്നത്. ഈ പരാതികളും പതിവുപോലെ കെട്ടിക്കിടക്കുമെന്നു കരുതാം. മറുവശത്താകട്ടെ, പ്രതിഷേധിക്കാനുള്ള ജനാധിപത്യ അവകാശം പോലും നിഷേധിച്ച്, പ്രതിഷേധിക്കുന്നവരെ പാർട്ടി പ്രവർത്തകരെ വിട്ട് ക്രൂരമായി മർദിച്ച്, വീണ്ടും മർദിക്കാനാഹ്വാനം കൊടുത്താണ് മന്ത്രിസഭ ചലിക്കുന്നത്. സർക്കാർ പരിപാടിയാണെന്നു അവകാശപ്പെടുമ്പോഴാണ് പോലീസിനു പകരം പാർട്ടി പ്രവർത്തകർ തന്നെ തെരുവിൽ അഴിഞ്ഞാടുന്നത്. സർക്കാർ പരിപാടിയാണെന്നു പറയുമ്പോൾ തന്നെ സർക്കാരുമായി ബന്ധമില്ലാത്ത സിപിഎം നേതാക്കൾ വേദിയിലിരിക്കുന്നതും സംസാരിക്കുന്നതും കാണുന്നു. 
ഇതൊക്കെയാണെങ്കിലും നവകേരള സദസ്സ് ബഹിഷ്‌കരിക്കുക എന്ന യു.ഡി.എഫ് നിലപാട് അംഗീകരിക്കാവുന്നതല്ല. ഒരു സർക്കാർ പരിപാടിയെ പാർട്ടി പരിപാടിയാക്കാൻ വിട്ടുകൊടുക്കാതെ സജീവമായി ഇടപെടുകയായിരുന്നു പ്രതിപക്ഷം ചെയ്യേണ്ടിയിരുന്നത്. അതുവഴി ആയിരങ്ങളുടെ മുന്നിൽ വെച്ച് സർക്കാരിനെ രൂക്ഷമായി വിമർശിക്കാനുള്ള അവസരം ലഭിക്കുമായിരുന്നു. 
മാത്രമല്ല, എന്തൊക്കെ പറഞ്ഞാലും തങ്ങളുടെ പ്രശ്‌നങ്ങൾ പരിഹരിക്കപ്പെടുമെന്നു കരുതി പരാതികളുമായി എത്തുന്നവർക്കു മുന്നിൽ വാതിലടക്കുന്നതും ഉചിതമല്ല. പ്രതിപക്ഷ എം എൽ എമാരുടെ മണ്ഡലത്തിൽ ഈ സമീപനം വിപരീതമായ ഫലമുണ്ടാക്കാനാണ് സാധ്യത. ഐക്യവും സമരവും ഒന്നിച്ചുനടത്തുന്ന പ്രതിപക്ഷത്തെയാണ് ജനാധിപത്യ സംവിധാനത്തിൽ ആവശ്യം. എന്നാൽ ജനങ്ങളുടെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനേക്കാൾ വരും തെരഞ്ഞെടുപ്പുകളെ ലക്ഷ്യം വെക്കുന്ന സമീപനം തന്നെയാണ് ഭരണപക്ഷത്തെ പോലെ പ്രതിപക്ഷവും സ്വീകരിച്ചത് എന്നു പറയാതിരിക്കാനാവില്ല. 

Latest News