Sorry, you need to enable JavaScript to visit this website.

ടിക്കറ്റ് നിരക്ക് കുറയ്ക്കാൻ സൗദിയ പദ്ധതികൾ ആവിഷ്‌കരിക്കുന്നു

ജിദ്ദ - ഭാവിയിൽ സ്വീകരിക്കാനിരിക്കുന്ന ചില പ്രവർത്തനങ്ങൾ ആഭ്യന്തര ടിക്കറ്റ് നിരക്കുകൾ കുറക്കാൻ സഹായിക്കുമെന്ന് സൗദിയ ഗ്രൂപ്പ് മാർക്കറ്റിംഗ് വിഭാഗം മേധാവി ഖാലിദ് താശ് പറഞ്ഞു. ഭാവിയിൽ ആഭ്യന്തര സർവീസുകൾക്ക് സൗദിയ വിമാനങ്ങൾക്കു പകരം സൗദിയക്കു കീഴിലെ ബജറ്റ് വിമാന സർവീസുകൾ ഉപയോഗപ്പെടുത്തും. നിലവിൽ ടിക്കറ്റ് നിരക്കിന്റെ 30 മുതൽ 40 ശതമാനം വരെ ഇന്ധന നിരക്ക് ഇനത്തിലാണ് ചെലവാകുന്നതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വർഷം സൗദിയ അടക്കുന്ന ഇന്ധന നിരക്ക് 70 ശതമാനം വരെ ഉയർന്നു. 
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ കൊല്ലം ടിക്കറ്റ് നിരക്കുകൾ കുറക്കാൻ ലക്ഷ്യമിട്ടുള്ള ഓഫറുകൾ മൂന്നിരട്ടി വർധിപ്പിച്ചിട്ടുണ്ട്. സൗദി അറേബ്യയുടെ ദേശീയദിനം പ്രമാണിച്ച് ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ ആഭ്യന്തര, അന്താരാഷ്ട്ര ടിക്കറ്റുകളിൽ ഓഫർ പ്രഖ്യാപിച്ചു. ഈ രണ്ടു മാസത്തിനിടെ കുറഞ്ഞ നിരക്കിൽ പത്തു ലക്ഷം ടിക്കറ്റുകൾ സൗദിയ വിൽപന നടത്തി. 
ഭക്ഷണം, ലഗേജ് എന്നിവ അടക്കമുള്ള അധിക സേവനങ്ങൾക്കിടയിൽ യാത്രക്കാർക്ക് വിശദമായ ചോയ്‌സ് ഉണ്ട് എന്നതാണ് ബജറ്റ് വിമാന സർവീസുകളുടെ പ്രത്യേകത. ലഗേജുകളും ഭക്ഷണവും മറ്റു അധിക സേവനങ്ങളുമില്ലാതെ ഒരു നഗരത്തിൽ നിന്ന് മറ്റൊരു നഗരത്തിലേക്ക് സഞ്ചരിക്കാൻ ബജറ്റ് വിമാന സർവീസുകൾ യാത്രക്കാരെ സഹായിക്കുന്നു. സൗദിയ ഗ്രൂപ്പിനു കീഴിലെ ബജറ്റ് വിമാന കമ്പനിയായ ഫ്‌ളൈ അദീലിനു കീഴിൽ നിലവിൽ 30 വിമാനങ്ങളുണ്ട്. സൗദി നഗരങ്ങളെ ബന്ധിപ്പിച്ച് ഫ്‌ളൈ അദീൽ സർവീസുകൾ നടത്തുന്നു.  
വ്യോമയാന മേഖലയിൽ ലാഭം തീർത്തും കുറവാണ്. ലോകത്തെ ഏറ്റവും മികച്ച വിമാന കമ്പനികൾ പത്തു ശതമാനം വരെയാണ് ലാഭം നേടുന്നത്. നിരവധി വിമാന കമ്പനികൾ ലാഭം കൈവരിക്കുന്നില്ല. നേരിട്ടുള്ള ലാഭമില്ലാതെ സാമ്പത്തിക വളർച്ചക്ക് സഹായിക്കുക എന്നതാണ് അത്തരം വിമാന കമ്പനികൾ വഹിക്കുന്ന പങ്ക്. പണപ്പെരുപ്പവും സപ്ലൈ ചെയിനുകളിൽ നേരിടുന്ന കാലതാമസവുമെല്ലാം ടിക്കറ്റ് നിരക്ക് ഉയരാൻ ഇടയാക്കുന്ന കാരണങ്ങളാണ്. 
സൗദിയക്കു വേണ്ടി പ്രശസ്ത സോഷ്യൽ മീഡിയ സെലിബ്രിറ്റി തയാറാക്കിയ പരസ്യം സാമൂഹികമാധ്യമങ്ങളിലുണ്ടാക്കിയ കോലാഹങ്ങൾ അവസാനിപ്പിക്കാൻ വേണ്ടിയാണ് സൗദിയ ആ പരസ്യം നീക്കം ചെയ്തത്. തന്റെ വ്യക്തിപരമായ അഭിപ്രായത്തിൽ ആ പരസ്യത്തിൽ തെറ്റുണ്ടായിരുന്നില്ല. സാങ്കേതികവിദ്യകളെ കുറിച്ച് പരിജ്ഞാനമില്ലാത്ത സൗദി പൗരന്മാരെ ഇകഴ്ത്തിക്കാട്ടുന്നതാണ് പരസ്യമെന്ന് ചിലർ തെറ്റിദ്ധരിക്കുകയായിരുന്നു.
2016 ൽ സൗദിയ വിമാനം പറത്തുന്നതിനിടെ പൈലറ്റ് മരണപ്പെട്ട സംഭവമുണ്ടായിരുന്നു. ദമാമിൽ നിന്ന് മദീയിലേക്കും മദീനയിൽ നിന്ന് ബീശയിലേക്കും ബീശയിൽ നിന്ന് റിയാദിലേക്കുമുള്ള വിമാനത്തിന്റെ ക്യാപ്റ്റനായ വലീദ് മുഹമ്മദ് ആണ് 30,000 അടി ഉയരത്തിലൂടെ വിമാനം പറക്കുന്നതിനിടെ കുഴഞ്ഞുവീണ് മരിച്ചത്. 38 കാരനായ വലീദ് മുഹമ്മദ് അവിവാഹിതനായിരുന്നു. ദമാമിൽ നിന്ന് മദീനയിലേക്കും മദീനയിൽ നിന്ന് ബീശയിലേക്കുമുള്ള സർവീസുകൾ താൻ പറത്താനും ബീശയിൽ നിന്ന് റിയാദിലേക്കുള്ള യാത്ര കോ-പൈലറ്റ് റാമി ജബ്ബാറ പറത്താനും യാത്രയുടെ തുടക്കത്തിൽ ക്യാപ്റ്റൻ വലീദ് മുഹമ്മദ് തീരുമാനിച്ചു. യാത്രാമധ്യേ 30,000 അടി മുകളിൽ വെച്ച് ക്യാപ്റ്റന് ശ്വസ തടസ്സം നേരിടുകയും കുഴഞ്ഞുവീണ് മരിക്കുകയുമായിരുന്നു. ഉടൻ തന്നെ ഇദ്ദേഹത്തെ കോക്പിറ്റിൽ നിന്ന് പുറത്തേക്ക് മാറ്റി. 
ക്യാപ്റ്റൻ മരണപ്പെട്ട കാര്യം യാത്രക്കാർ ആരും അറിഞ്ഞിരുന്നില്ല. ബിസിനസ് ക്ലാസിൽ മുൻനിരയിലെ സീറ്റിലുണ്ടായിരുന്ന ചില യാത്രക്കാർ മാത്രമാണ് സംഭവം അറിഞ്ഞത്. ഇവരോട് വിവരം മറച്ചുവെക്കാൻ ആവശ്യപ്പെട്ടു. 50 മിനിറ്റു നേരം ഇതേ സ്ഥിതി തുടർന്നു. 50 മിനിറ്റിനു ശേഷം കോ-പൈലറ്റ് വിമാനം സുരക്ഷിതമായി നിലത്തിറക്കുകയായിരുന്നെന്നും ഖാലിദ് താശ് പറഞ്ഞു.
 

Latest News