തിരുവനന്തപുരം-ഏഴു ഭൂഖണ്ഡങ്ങളിലെയും ഉയരംകൂടിയ കൊടുമുടികള്‍ കീഴടക്കുകയെന്ന ലക്ഷ്യവുമായി മുന്നേറുന്ന മലയാളി യുവാവ് ശൈഖ് ഹസന്‍ ഖാന്‍ അന്റാര്‍ട്ടിക്കയിലെ വിന്‍സണ്‍ പര്‍വതത്തിലേക്ക്. 36 കാരനും കേരള സര്‍ക്കാര്‍ ജീവനക്കാരനും പന്തളം സ്വദേശിയുമായ ഹസന്‍ ഖാന്‍ കയറുന്ന അഞ്ചാമത്തെ ഏറ്റവും ഉയര്‍ന്ന കൊടുമുടിയാണിത്.
കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുകയും ലോകസമാധാനം പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നതാണ് പര്യവേഷണത്തിന്റെ മുദ്രാവാക്യമെന്ന് ഹസന്‍ ഖാന്‍ പിടിഐയോട് പറഞ്ഞു.
ഏഴ് ഭൂഖണ്ഡങ്ങളിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടികള്‍ കീഴടക്കാനുള്ള ശ്രമത്തില്‍, ഇതുവരെ, എവറസ്റ്റ് (ഏഷ്യ), ദെനാലി പര്‍വ്വതം (വടക്കേ അമേരിക്ക), കിളിമഞ്ചാരോ പര്‍വ്വതം (ആഫ്രിക്ക), മൗണ്ട് എല്‍ബ്രസ് (യൂറോപ്പ്) എന്നീ നാല് കൊടുമുടികള്‍ അദ്ദേഹം കയറിയിട്ടുണ്ട്.
ഡിസംബര്‍ ആദ്യം അന്റാര്‍ട്ടിക്കയിലെ വിന്‍സണ്‍ പര്‍വ്വതം കയറാനുള്ള പര്യവേഷണം ആരംഭിക്കും. 15 ദിവസത്തിനകം യാത്ര പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് പൂര്‍ത്തിയായതിനുശേഷം ഹിമാലയത്തിന് പുറത്തുള്ള ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ അര്‍ജന്റീനയിലെ മൗണ്ട് അക്കോണ്‍കാഗ്വ കയറുകയാണ് ലക്ഷ്യം-അദ്ദേഹം പറഞ്ഞു.
പന്തളം സ്വദേശിയായ ഹസന്‍ ഖാന്‍ കേരള സര്‍ക്കാര്‍ ജോലിയില്‍ നിന്ന് അവധിയിയെടുത്താണ് പര്‍വതം കയറുന്നത്.
വിന്‍സണ്‍ അന്റാര്‍ട്ടിക്കയിലെ വലിയ പര്‍വതനിരയാണെന്നും ഭൂമിയിലെ ഏറ്റവും തണുപ്പുള്ള സ്ഥലങ്ങളിലൊന്നായ ദക്ഷിണധ്രുവത്തില്‍ നിന്ന് ഏകദേശം 1,200 കിലോമീറ്റര്‍ അകലെയാണെന്നും അദ്ദേഹം പറഞ്ഞു.
അടുത്ത വര്‍ഷം ചിലിയിലെ ഒജെസ് ഡെല്‍ സലാഡോ കയറാനും ശ്രമിക്കുമെന്ന് ഖാന്‍ പറയുന്നു. ചിലിയിലെ ഏറ്റവും ഉയര്‍ന്ന കൊടുമുടിയും ലോകത്തിലെ ഏറ്റവും ഉയര്‍ന്ന സജീവമായ അഗ്‌നിപര്‍വ്വതവുമാണ് ഇത്.
അടുത്ത സുഹൃത്തുക്കളുടെ സഹായം സഹായം സ്വീകരിച്ചുകൊണ്ടാണ് യാത്രകള്‍ ക്രമീകരിക്കുന്നത്. ആവശ്യമുള്ളപ്പോള്‍ സമൂഹം എല്ലായ്‌പ്പോഴും ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ സഹായിക്കുന്നമെന്ന് ഹസന്‍ ഖാന്‍ ഉറച്ചു വിശ്വസിക്കുന്നു.
കഴിഞ്ഞ വര്‍ഷം എവറസ്റ്റ് കൊടുമുടി കയറുമ്പോള്‍ ഖാന്‍ ഓക്‌സിജന്‍ തീര്‍ന്നിരുന്നു.
ശരീരം പതുക്കെ മരവിപ്പിക്കാന്‍ തുടങ്ങിയപ്പോള്‍ മരണത്തോടടുത്ത അനുഭവം ഉണ്ടായി. പുതിയ ഓക്‌സിജന്‍ സിലിണ്ട് ലഭിക്കുന്നതുവരെ 20 മിനിറ്റോളം മരണത്തെ മുഖാമുഖം കണ്ടു- അദ്ദേഹം പറഞ്ഞു.
പത്തനംതിട്ട ജില്ലയിലെ പന്തളം പൂഴിയക്കാട് കൂട്ടംവെട്ടിയില്‍ അലി അഹമ്മദ് ഖാെന്റയും ഷാഹിദ ഖാെന്റയും മൂത്ത മകനാണ് െശെഖ് ഹസന്‍ ഖാന്‍.
കുരമ്പാല സെന്റ് തോമസ് സ്‌കൂളിലും പന്തളം എന്‍.എസ്.എസ് സ്‌കൂളിലുമാണ് പഠിച്ചത്. ബിടെക് പഠനശേഷം പത്തനംതിട്ട പോസ്റ്റല്‍ ഡിവിഷനില്‍ പോസ്റ്റല്‍ അസിസ്റ്റന്റായി ജോലിനോക്കി. 2015ല്‍ സെക്രട്ടറിയേറ്റില്‍ ധനകാര്യ വകുപ്പില്‍ അസിസ്റ്റന്റായി പ്രവേശിച്ചു. ജോലിയോടൊപ്പം യു.പി.എസ്.ഇ സിവില്‍ സര്‍വിസ് പരീക്ഷക്ക് തയാറെടുപ്പുകള്‍ നടത്തിക്കൊണ്ടിരുന്നു. ദല്‍ഹി കേരള ഹൗസില്‍ അസിസ്റ്റന്റ് ലെയ്‌സണ്‍ ഓഫിസറായി നിയമിതനായതോടെയാണ് ജീവിതം സ്വാഭാവിക താളം കണ്ടെത്തിയതെന്ന് ഹസന്‍ ഖാന്‍ പറയുന്നു. അവധിദിവസങ്ങളില്‍ സ്ഥിരം യാത്ര ചെയ്തുകൊണ്ടിരുന്നു.






