Sorry, you need to enable JavaScript to visit this website.

ഇക്കാര്യങ്ങള്‍ ഉറപ്പാക്കിയില്ലെങ്കില്‍ ആരോഗ്യ  ഇന്‍ഷറന്‍സ് ക്ലെയിം നിരസിച്ചേക്കാം

കൊച്ചി- അത്യാവശ്യമായ മെഡിക്കല്‍ സാഹചര്യങ്ങളില്‍ സാമ്പത്തിക പരിരക്ഷ ഉറപ്പാക്കാന്‍ ആരോഗ്യ ഇന്‍ഷുറന്‍ വളരെയേറെ പ്രധാനമാണ്. അടിയന്തിര സാഹചര്യത്തില്‍ ഇന്‍ഷുറന്‍സ് കമ്പനി നിങ്ങളുടെ മെഡിക്കല്‍ ക്ലെയിം നിരസിക്കുന്ന സാഹചര്യമുണ്ടാവുകയാണെങ്കില്‍ അത് നിങ്ങള്‍ക്ക് വലിയ ബുദ്ധിമുട്ടാകും സൃഷ്ടിക്കുക. പോളിസിബസാറിന്റെ കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ 75 ശതമാനത്തോളം മെഡിക്കല്‍ ക്ലെയിമുകള്‍ നിരസിക്കപ്പെടുന്നതായാണ് റിപ്പൊര്‍ട്ട്. മെഡിക്കല്‍ ഇന്‍ഷുറന്‍സിനെ പറ്റി കൃത്യമായ ധാരണയില്ലാത്തതാണ് ഇതിന് ഒരു കാരണം.
നിലവിലുള്ള അസുഖത്തിനുള്ള കവറേജ് ലഭിക്കാനായി പോളിസി എടുത്ത ശേഷം കുറച്ച് കാലം കാത്തിരിക്കേണ്ടതായി വരും. എന്നാല്‍ ഈ കാലയളവ് അവസാനിക്കുന്നതിന് മുന്‍പ് തന്നെ പലരും ഇന്‍ഷുറന്‍സ് ക്ലെയിം ചെയ്യാറുണ്ട്. 18 ശതമാനത്തോളം ക്ലെയിമുകള്‍ ഇന്‍ഷുറന്‍സ് കമ്പനി നിരസിക്കുന്നതിന്റെ കാരണമിതാണ്. പരിരക്ഷയില്ലാത്ത അസുഖങ്ങള്‍ക്കുള്ള അപേക്ഷ സമര്‍പ്പിക്കുന്നത് മൂലമാണ് 25 ശതമാനത്തോളം ക്ലെയിമുകള്‍ നിരസിക്കപ്പെടുന്നത്.
4.5 ശതമാനം ക്ലെയിമുകള്‍ തെറ്റായ രീതിയില്‍ അപേക്ഷ സമര്‍പ്പിക്കുന്നത് മൂലം നിരസിക്കപ്പെടുന്നതാണ്. അതേസമയം വിശദമായ വിവരങ്ങള്‍ തേടിയുള്ള ഇന്‍ഷുറന്‍സ് കമ്പനികളുടെ അന്വേഷണത്തിന് മറുപടി നല്‍കാതെയിരുന്നാലും ക്ലെയിം നിരസിക്കപ്പെടാം. 16 ശതമാനം അപേക്ഷകളും ഇങ്ങനെ തള്ളപ്പെടുന്നു. ആവശ്യമില്ലാതെ ആശുപത്രിയില്‍ തങ്ങി ക്ലെയിം ഫയല്‍ ചെയ്യുന്നതും അപേക്ഷ നിരസിക്കാന്‍ കാരണമാകുന്നുണ്ട്.
ഇന്‍ഷുറന്‍സ് ക്ലെയിമുകള്‍ നിരസിക്കുന്നത് ഒഴിവാക്കാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക-
ആദ്യമായി ചികിത്സ തേടുന്നതിന് മുന്‍പ് ഇന്‍ഷുറന്‍സ് കമ്പനി എന്തെല്ലാം ചിലവുകളാണ് കവര്‍ ചെയ്യുന്നതെന്ന് കൃത്യമായി മനസിലാക്കുക. പേര്, വിലാസം,പോളിസി നമ്പര്‍ എന്നിവയുള്‍പ്പടെ എല്ലാ വ്യക്തിഗത വിവരങ്ങളും ക്ലെയിം ഫോമില്‍ നല്‍കിയിട്ടുണ്ടോ എന്നത് ഉറപ്പ് വരുത്തണം.
മെഡിക്കല്‍ ബില്ലുകള്‍,കുറിപ്പടികള്‍ തുടങ്ങി എല്ലാ മെഡിക്കല്‍ റെക്കോര്‍ഡുകളും മെഡിക്കല്‍ ക്ലെയിമുമായി ബന്ധപ്പെട്ട രേഖകളും സൂക്ഷിക്കുക. ക്ലെയിമുകള്‍ ഉടനടി തന്നെ സമര്‍പ്പിക്കുവാന്‍ ശ്രദ്ധിക്കുക. ചില ചികിത്സയ്ക്കോ നടപടി ക്രമങ്ങള്‍ക്കോ മുന്‍കൂര്‍ അംഗീകാരം ആവശ്യമെങ്കില്‍ അത് ഉറപ്പാക്കുക. ക്ലെയിം നിരസിക്കപ്പെട്ടാല്‍ അതിനുള്ള കാാരണങ്ങള്‍ പഠിക്കുകയും അര്‍ഹമായ കവറേജാണെങ്കില്‍ അപ്പീല്‍ കൊടുക്കുകയും ചെയ്യുക.

Latest News