Sorry, you need to enable JavaScript to visit this website.

അബിഗേലിനെ തട്ടിക്കൊണ്ടു പോകാന്‍ മുമ്പും ശ്രമം നടന്നു- മുത്തശ്ശി

കൊല്ലം- മുമ്പും അബിഗേലിനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം നടന്നതായി മുത്തശ്ശി. 24-ാം തീയതിയാണ് കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം നടന്നത്. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ പോലീസ് നടത്തിയ അന്വേഷണത്തില്‍ മുത്തശ്ശിയുടെ സാന്നിദ്ധ്യം ദൗത്യത്തിന് തടസ്സമായതായി കണ്ടെത്തി. 
'എന്റെയടുത്തും പറഞ്ഞ് കുട്ടിയുടെ അമ്മയുടെ അടുത്തും പറഞ്ഞു. പോസ്റ്റിന്റെ അവിടെ ഒരു വെള്ള കാര്‍ കിടക്കുന്നു എന്നാണ് കുട്ടികള്‍ പറഞ്ഞത്. ഞങ്ങള്‍ പോകുമ്പോള്‍ നോക്കുന്നുണ്ട്. കാറില്‍ ഒന്നുരണ്ടുപേര്‍ ഇരിക്കുന്നതായും പറഞ്ഞു. അപ്പോള്‍ ഞാന്‍ പറഞ്ഞു ഇവിടെ എല്ലാ വീടുകളിലും വെള്ള കാര്‍ ഉണ്ട്. പ്രദേശത്ത് അങ്ങനെ ഭയപ്പെടേണ്ട സംഭവങ്ങള്‍ ഒന്നുമില്ല. ഇവിടെ ചുറ്റിലും ആളുകള്‍ ഉണ്ട് എന്നൊക്കെ പറഞ്ഞ് അവര്‍ക്ക് ധൈര്യം നല്‍കുകയാണ് ചെയ്തത്'- മുത്തശ്ശി മാധ്യമങ്ങളോട് പറഞ്ഞു.
അതിനിടെ, ഓയൂരില്‍ നിന്ന് ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന ഒരാളുടെ രേഖാചിത്രം പൊലീസ് പുറത്തുവിട്ടു. പാരിപ്പള്ളിയിലെ കടയുടമയായ സ്ത്രീയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് രേഖാചിത്രം തയാറാക്കിയത്. 
ഇയാള്‍ കുട്ടിയുടെ വീട്ടിലേക്ക് ഫോണ്‍ചെയ്തത് കടയുടമയായ സ്ത്രീയുടെ ഫോണില്‍ നിന്നായിരുന്നു. ഒരു സ്ത്രീയും മറ്റൊരു പുരുഷനും ഇയാള്‍ക്കൊപ്പമുണ്ടായിരുന്നുവെന്നും, ഇരുവരും ഓട്ടോയിലാണ് ഇവര്‍ കടയില്‍ വന്നതെന്നും ഇവര്‍ പോലീസിനോട് പറഞ്ഞു. പോലീസ് പുറത്തുവിട്ട രേഖാ ചിത്രത്തിലുള്ള ആള്‍ക്കൊപ്പം വന്ന സ്ത്രീയാണ് കുട്ടിയുടെ മാതാവിനെ വിളിച്ച് മോചനദ്രവ്യം ആവശ്യപ്പെട്ടത്. 
ഏഴരയോടെ കട അടയ്ക്കാന്‍ നേരത്താണ് ഒരു പുരുഷനും സ്ത്രീയും എത്തിയത്. ഫോണ്‍ എടുത്തിട്ടില്ല, എന്തൊക്കെ സാധനങ്ങള്‍ വേണമെന്ന് ചോദിക്കട്ടെയെന്ന് പറഞ്ഞാണ് സ്ത്രീ മൊബൈല്‍ ചോദിച്ചത്. അവര്‍ ഫോണ്‍ വിളിച്ച് കൊണ്ട് അല്‍പ്പം ദൂരം മാറി നിന്നു. ഈ സമയത്ത് പുരുഷന്‍ ബിസ്‌ക്കറ്റ്, റെസ്‌ക്ക്, തേങ്ങ എന്നിവ വാങ്ങി. സാധനങ്ങള്‍ പൊതിഞ്ഞ് കൊണ്ടിരിക്കുമ്പോഴേക്കും സ്ത്രീ ഫോണ്‍ തിരിച്ചു തന്നു. പുരുഷന്‍ മാസ്‌ക് ധരിച്ചിട്ടില്ലായിരുന്നു. യുവതി ഷാള്‍ ഉപയോഗിച്ച് തല മറച്ചിരുന്നു. പുരുഷന് അത്യാവശ്യം പൊക്കമുള്ള 50 വയസ് തോന്നിക്കുന്ന ഒരാളാണ്. സ്ത്രീക്ക് ഏകദേശം 35 വയസ് തോന്നിക്കും. കടയുടെ അല്‍പ്പം മുന്നിലാണ് ഓട്ടോ നിര്‍ത്തിയത്. സ്ത്രീയെയും പുരുഷനെയും മാത്രമാണ് കണ്ടത്. മൂന്നാമത്തെയാളെ കണ്ടിട്ടില്ലെന്നും''- പാരിപ്പള്ളിയിലെ കടയുടമയായ സ്ത്രീ മാധ്യമങ്ങളോട് പറഞ്ഞു. 

Latest News