Sorry, you need to enable JavaScript to visit this website.

സൗദി അറേബ്യക്കെതിരെ ഇസ്രായിലിന്റെ പ്രതികാരം

ടെല്‍അവീവ്- ഇസ്രായില്‍ യുദ്ധം അവസാനിപ്പിക്കാനും ദ്വിരാഷ്ട്ര നിര്‍ദേശത്തിലൂടെ ഫലസ്തീന്‍ പ്രശ്‌നം പരിഹരിക്കാനുമുള്ള നയതന്ത്ര നീക്കം ഊര്‍ജിതമാക്കിയ സൗദി അറേബ്യയോട് ഇസ്രായിലിന്റെ പ്രതികാരം. എക്‌സ്‌പോ 2030 ലോക മേളക്ക് ആതിഥേയത്വം വഹിക്കാനുള്ള സൗദി അറേബ്യയുടെ ശ്രമത്തിനുള്ള പിന്തുണ പിന്‍വലിക്കാന്‍ ഇസ്രായില്‍ തീരുമാനിച്ചതായി കാന്‍ പബ്ലിക് ബ്രോഡ്കാസ്റ്റര്‍ റിപ്പോര്‍ട്ട് ചെയ്തു.
ഗാസയിലെ യുദ്ധത്തെച്ചൊല്ലി ഇസ്രായിലിനെതിരെ സൗദി തുടരുന്ന രൂക്ഷമായ വിമര്‍ശനങ്ങള്‍ക്കിടയിലാണ് ഈ തീരുമാനം. സൗദി അറേബ്യയുമായി നയതന്ത്ര ബന്ധം സ്ഥാപിക്കാന്‍ ഇസ്രായില്‍ ശ്രമം തുടങ്ങിയ കഴിഞ്ഞ വര്‍ഷം എക്‌സ്‌പോ 2030ന് സൗദി അറേബ്യയെ പിന്തുണക്കുമെന്ന് ഇസ്രായില്‍ വ്യക്തമാക്കിയിരുന്നു.
എന്നാല്‍ ഗാസയിലെ ഇസ്രായില്‍ ആക്രമണത്തെ രൂക്ഷമായി വിമര്‍ശിച്ച് സൗദി അറേബ്യയും അതിന്റെ നേതാക്കളും അറബ് ലോകത്തോടൊപ്പം ചേര്‍ന്നു. ജൂത രാഷ്ട്രത്തിനെതിരെ ആയുധ ഉപരോധം ഏര്‍പ്പെടുത്താന്‍ അന്താരാഷ്ട്ര സമൂഹത്തോട് ആഹ്വാനം ചെയ്തു.
സൗദി അറേബ്യയെ പിന്തുണയ്ക്കുന്നതിനുപകരം എക്‌സ്‌പോ 2030 ന് ആതിഥേയത്വം വഹിക്കാനുള്ള ഇറ്റലിയുടെ ശ്രമത്തെ പിന്തുണക്കാനാണ് ഇസ്രായില്‍ തീരുമാനിച്ചിരിക്കുന്നതെന്ന് കാന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

 

Latest News