Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ദളിത് വിദ്യാർഥിയെ ജയിലിലടച്ച സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു

കാസർകോട് -  ഹൈദരാബാദ് സർവകലാശാലയിൽ ജാതി വിവേചനത്തിനിരയായതിനെ തുടർന്ന് ആത്മഹത്യ ചെയ്ത രോഹിത് വെമുലയുടെ സഹപാഠിയായിരുന്ന ദളിത് വിദ്യാർഥിയെ പെരിയ കേന്ദ്രസർവകലാശാലയിലുണ്ടായ നിസാരമായ സംഭവത്തിന്റെ പേരിൽ ജാമ്യമില്ലാ കുറ്റം ചുമത്തി ജയിലിലടച്ച സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു. 
പെരിയ കേന്ദ്ര സർവകലാശാലയിലെ ഗവേഷണ വിദ്യാർഥിയായ തെലങ്കാന ഖമ്മം സ്വദേശി നാഗരാജുവിനെയാണ് ജാമ്യമില്ലാ കുറ്റം ചുമത്തി ജയിലിലടച്ചിരിക്കുന്നത്. 
കേന്ദ്രസർവകലാശാലയിലെ അഗ്‌നിശമന ഉപകരണത്തിന്റെ ഗ്ലാസ് തകർത്തതിനാണ് അധികൃതരുടെ നിർബന്ധത്തിന് വഴങ്ങി ബേക്കൽ പോലീസ് നാഗരാജുവിനെതിരെ കേസെടുത്തത്. ഗ്ലാസ് തകർന്നതിനെ തുടർന്ന് നിസാര തുകയുടെ നഷ്ടമാണ് സംഭവിച്ചത്. ഈ തുക വിദ്യാർഥിയിൽനിന്നു ഈടാക്കാമെന്നിരിക്കെ അധികൃതർ നാഗരാജുവിനെതിരെ പോലീസിൽ പരാതി നൽകുകയായിരുന്നു. ജാമ്യം നൽകാവുന്ന കേസായിട്ടുകൂടിയും ജാമ്യമില്ലാത്ത വകുപ്പ് ചുമത്തിയതോടെ വിദ്യാർഥിയെ കോടതി റിമാന്റ് ചെയ്തു. ഇതോടെ ശക്തമായ പ്രതിഷേധവുമായി വിദ്യാർത്ഥികൾ രംഗത്തുവന്നിരിക്കുകയാണ്.

നാഗരാജുവിനെതിരായ കേസ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഇന്നലെ രാവിലെ കേന്ദ്ര സർവകലാശാലയിൽ എസ്.എഫ്.ഐ, എ.ഐ.വൈഎഫ് തുടങ്ങിയ വിദ്യാർഥി സംഘടനകളും വിദ്യാർഥികളെ പ്രതിനിധീകരിക്കുന്ന മറ്റു സംഘടനകൾ സംയുക്തമായും പ്രൊ വൈസ് ചാൻസലറുടെ ഓഫീസിലേക്ക് മാർച്ച് നടത്തി. നാഗരാജുവിനെതിരായ നടപടി പിൻവലിക്കണമെന്നും ഹോസ്റ്റലിൽ തിരിച്ചെടുക്കണമെന്നും പ്രതിഷേധ പ്രകടനങ്ങൾ നടത്തിയ വിദ്യാർഥികൾ ആവശ്യപ്പെട്ടു. വിദ്യാർഥി സമരം കേന്ദ്രസർവകലാശാലയിൽ സംഘർഷാവസ്ഥ സൃഷ്ടിച്ചതോടെ പ്രശ്‌നത്തിൽ പോലീസും ഇടപെട്ടു. 
തുടർന്ന് സർവകലാശാല അധികൃതരും വിദ്യാർഥിസംഘടനകളും പോലീസ് സാന്നിധ്യത്തിൽ വിഷയം ചർച്ച ചെയ്തു. ബേക്കൽ സി.ഐ വി.കെ. വിശ്വംഭരൻ, എസ്.ഐ കെ.പി. വിനോദ്കുമാർ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. നിസ്സാര തെറ്റിന്റെ പേരിൽ ദളിത് വിദ്യാർഥിയെ ജയിലിലടച്ചത് സർവകലാശാല അധികൃതരുടെ ആസൂത്രിത നീക്കത്തിന്റെ ഭാഗമാണെന്നും മാതാവിന്റെ മരണത്തെ തുടർന്നുണ്ടായ മാനസികാസ്വാസ്ഥ്യംമൂലമാണ് നാഗരാജു അഗ്‌നിശമന ഉപകരണത്തിന്റെ ഗ്ലാസ് പൊട്ടിച്ചതെന്നും സഹപാഠികൾ പറയുന്നു. 

നാഗരാജിനെതിരെ യൂണിവേഴ്‌സിറ്റി അധിക്യതർ നൽകിയ പരാതി പിൻവലിച്ച് യൂണിവേഴ്‌സിറ്റി ന്യൂനപക്ഷ ദളിത് ബഹുജൻ വേട്ട അവസാനിപ്പിക്കണമെന്ന് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ആവശ്യപ്പെട്ടു. സെൻട്രൽ യൂണിവേഴ്‌സിറ്റി നിരന്തരമായി നടത്തുന്ന ദളിത്-പിന്നോക്ക-ന്യൂനപക്ഷ വേട്ടയുടെ ഒടുവിലത്തെ ഉദാഹരണമാണ് നാഗരാജിന്റെ അറസ്റ്റെന്ന് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് കുറ്റപ്പെടുത്തി. ഉന്നത കലാലയങ്ങളിൽ നിന്ന് ദളിത് മുസ്ലിം വിദ്യാർത്ഥികളെ ഉന്മൂലനം ചെയ്യുക എന്ന സംഘ് പരിവാർ അജണ്ടയുടെ ഭാഗമായി വേണം രോഹിത് വെമുലയുടെ സഹപാഠി കൂടിയായ നാഗരാജിന്റെ അറസ്റ്റ്. 
ആളുകളെ ഒറ്റതിരിഞ്ഞ് ആക്രമിച്ച് കൊല്ലപെടുത്തുന്ന സംഘ് പരിവാർ ആൾക്കൂട്ട കൊലയുടെ ആക്കാദമിക രൂപമാണ് സെൻട്രൽ യൂണിവേഴ്‌സിറ്റി നടപ്പാക്കുന്നതെന്നും ഫ്രറ്റേണിറ്റി ഭാരവാഹികൾ പറഞ്ഞു. ജയിലിൽ കഴിയുന്ന നാഗരാജിനെ ജില്ലാ നേതാക്കൾ സന്ദർശിച്ചു.
സംഭവത്തിൽ നാഗരാജു മാപ്പപേക്ഷ നൽകിയിരുന്നില്ലെന്നും നാശനഷ്ടം വരുത്തിയതിയതിനാണ് പോലീസിൽ പരാതി നൽകിയതെന്നും അതിക്രമം കാണിക്കുന്നവർ ആരായാലും നടപടി എടുക്കേണ്ടിവരുമെന്നും ആണ് കേന്ദ്രസർവകലാശാല രജിസ്ട്രാർ പറയുന്നത്. 

 

Latest News