Sorry, you need to enable JavaScript to visit this website.

സൗദിയിൽ തൊഴിൽ അപകടങ്ങളിൽ 19 മരണം

ജിദ്ദ - ഈ വർഷം മൂന്നാം പാദത്തിൽ തൊഴിലിടങ്ങളിലുണ്ടായ അപകടങ്ങളിൽ 19 പേർ മരണപ്പെട്ടതായി ജനറൽ ഓർഗനൈസേഷൻ ഫോർ സോഷ്യൽ ഇൻഷുറൻസ് റിപ്പോർട്ട് വ്യക്തമാക്കുന്നു. ഇക്കൂട്ടത്തിൽ 17 പേർ സ്വകാര്യ മേഖല ജീവനക്കാരും രണ്ടു പേർ സർക്കാർ മേഖല ജീവനക്കാരുമാണ്. മൂന്നു മാസത്തിനിടെ സ്വകാര്യ മേഖലകളിൽ തൊഴിൽ പരിക്കുകൾ നേരിട്ട 1114 പേരുടെയും സർക്കാർ മേഖലയിലെ ഒരു ജീവനക്കാരന്റെയും പരിക്കുകൾ വൈകല്യങ്ങളൊന്നും കൂടാതെ പൂർണമായും ഭേദമായി. സ്വകാര്യ മേഖലയിൽ 375 പേരുടെയും സർക്കാർ മേഖലയിൽ ഏഴു പേരുടെയും പരിക്കുകൾ വൈകല്യങ്ങളോടെ ഭാഗികമായി ഭേദമായി. മൂന്നാം പാദാവസാനത്തെ കണക്കുകൾ പ്രകാരം തൊഴിൽ പരിക്കുകൾ നേരിട്ട 40 സർക്കാർ മേഖല ജീവനക്കാരും 5625 സ്വകാര്യ മേഖല ജീവനക്കാരും ചികിത്സയിലാണ്. 
മൂന്നാം പാദത്തിൽ ഏറ്റവുമധികം സ്വകാര്യ മേഖല തൊഴിലാളികൾ തൊഴിൽ അപകടങ്ങളിൽ മരണപ്പെട്ടത് റിയാദ് പ്രവിശ്യയിലാണ്. ഇവിടെ ആറു പേർ മരണപ്പെട്ടു. രണ്ടാം സ്ഥാനത്തുള്ള കിഴക്കൻ പ്രവിശ്യയിൽ മൂന്നു പേരും ജിദ്ദയിലും അൽഹസയിലും രണ്ടു പേർ വീതവും മക്ക, മദീന, തബൂക്ക് എന്നിവിടങ്ങളിൽ ഓരോരുത്തരും മരണപ്പെട്ടു. മറ്റു പ്രവിശ്യകളിൽ മൂന്നാം പാദത്തിൽ സ്വകാര്യ മേഖലയിൽ തൊഴിൽ അപകട മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല.  ഏറ്റവും കൂടുതൽ തൊഴിൽ പരിക്കുകൾ നേരിട്ടത് 35-39 പ്രായവിഭാഗത്തിൽ പെട്ടവർക്കാണ്. ഈ ഗണത്തിൽ പെട്ട 1223 പേർക്ക് തൊഴിൽ പരിക്കുകൾ നേരിട്ടു. 30-34 പ്രായവിഭാഗത്തിൽ പെട്ട 1114 പേർക്കും 25-29 പ്രായവിഭാഗത്തിൽ പെട്ട 1050 പേർക്കും 40-44 പ്രായവിഭാഗത്തിൽ പെട്ട 1030 പേർക്കം മൂന്നാം പാദത്തിൽ തൊഴിൽ പരിക്കുകൾ നേരിട്ടു. ശേഷിക്കുന്നവർ മറ്റു പ്രായവിഭാഗങ്ങളിൽ പെട്ടവരാണ്.  

Latest News