റിയാദ് - വാണിജ്യ വഞ്ചനാ കേസില്‍ വിദേശികളായ തൊഴിലാളികളെ വാണിജ്യ മന്ത്രാലയ സംഘം പിടികൂടി. ദക്ഷിണ റിയാദിലെ ഫൈസലിയ ഡിസ്ട്രിക്ടിലെ വെയര്‍ഹൗസ് കേന്ദ്രീകരിച്ചാണ് നിയമ ലംഘകര്‍ വാണിജ്യ വഞ്ചന നടത്തിയിരുന്നത്. സര്‍ക്കാര്‍ സബ്‌സിഡി നിരക്കില്‍ വിതരണം ചെയ്യുന്ന മൈദ ശേഖരിച്ച് വ്യാജ ട്രേഡ് നെയിമുകള്‍ രേഖപ്പെടുത്തിയ പാക്കറ്റുകളില്‍ നിറച്ച് വില്‍ക്കുകയാണ് നിയമ ലംഘകര്‍ ചെയ്തിരുന്നത്.
ആരോഗ്യ വ്യവസ്ഥകള്‍ക്ക് നിരക്കാത്ത നിലക്ക് മൈദ ചാക്ക് ശേഖരം സൂക്ഷിച്ചതായും ഇത് മൈദയില്‍ പ്രാണിവ്യാപനത്തിന് ഇടയാക്കിയതായും സംഘത്തിന്റെ കേന്ദ്രത്തില്‍ നടത്തിയ പരിശോധനയില്‍ വ്യക്തമായി. ഇവിടെ കണ്ടെത്തിയ മുഴുവന്‍ മൈദ ശേഖരവും അധികൃതര്‍ പിടിച്ചെടുത്തു. മാനവശേഷി, സാമൂഹിക വികസന മന്ത്രാലയവുമായും സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റിയുമായും ജനറല്‍ ഫുഡ് സെക്യൂരിറ്റി അതോറിറ്റിയുമായും സഹകരിച്ച് വാണിജ്യ മന്ത്രാലയം വെയര്‍ഹൗസ് അടപ്പിച്ചു. നിയമ വിരുദ്ധ സ്ഥാപനം ബിനാമിയായാണ് വിദേശികള്‍ നടത്തിയിരുന്നതെന്ന് സംശയിച്ച് വിശദമായി ചോദ്യം ചെയ്ത് നിയമാനുസൃത നടപടികള്‍ സ്വീകരിക്കുന്നതിന് വെയര്‍ഹൗസ് ഉടമയെ വാണിജ്യ മന്ത്രാലയം വിളിപ്പിച്ചിട്ടുണ്ട്.
വ്യാജ ട്രേഡ് നെയിമുകള്‍ പതിച്ച, മൈദ നിറക്കാനുള്ള 1,500 കാലി കീസുകളും മൈദ നിറച്ച 10 കിലോയുടെ 100 കീസുകളും ഉപയോഗ തീയതി രേഖപ്പെടുത്താനുള്ള ഉപകരണങ്ങളും തുലാസുകളും മൈദ നിറച്ച ശേഷം കീസുകള്‍ തുന്നാനുള്ള ഉപകരണവും മറ്റും വെയര്‍ഹൗസില്‍ കണ്ടെത്തി.






