നവകേരള സദസില്‍ പങ്കെടുത്ത മലപ്പുറത്തെ കോണ്‍ഗ്രസ് നേതാവിനെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു

മലപ്പുറം - നവകേരള സദസില്‍ പങ്കെടുത്ത കോണ്‍ഗ്രസ് നേതാവിനെ പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. മലപ്പുറം ഡി സി സി അംഗം എ പി മൊയ്തിനെതിരെയാണ്  പാര്‍ട്ടി നിര്‍ദേശത്തിന് വിരുദ്ധമായി പ്രവര്‍ത്തിച്ചതിനും പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കിയതിനും കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തത്. മലപ്പുറം ഡി സി സി പ്രസിഡന്റ് അഡ്വ. വി എസ് ജോയ് ആണ് സസ്‌പെന്‍ഡ് ചെയ്തുകൊണ്ടുള്ള കത്ത് നല്‍കിയത്. 
പാണക്കാട് ഹൈദരാലി ശിഹാബ് തങ്ങളുടെ മരുമകന്‍ ഹസീബ് സഖാഫ് തങ്ങളും ഇന്ന്  മലപ്പുറത്ത് നവകേരള സദസിന്റെ പ്രഭാത യോഗത്തില്‍ പങ്കെടുത്തിരുന്നു.
നവ കേരള സദസില്‍ പങ്കെടുത്ത മറ്റ് കോണ്‍ഗ്രസ്-ലീഗ് നേതാക്കളെയും കഴിഞ്ഞ ദിവസം സസ്പെന്‍ഡ് ചെയ്തിരുന്നു. കോഴിക്കോട് കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തംഗവും മുന്‍ പെരുവയല്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി പ്രസിഡന്റുമായ എന്‍ അബൂബക്കര്‍, താമരശേരിയില്‍ നവ കേരള സദസ്സില്‍ പങ്കെടുത്ത മുസ്ലിം ലീഗ് പ്രാദേശിക നേതാക്കളായ കൊടുവള്ളി മണ്ഡലം സെക്രട്ടറി യു. കെ ഹുസൈന്‍, മൊയ്തു മുട്ടായി എന്നിവരെയാണ് അന്വേഷണ വിധേയമായി നേരത്തെ സസ്പെന്‍ഡ് ചെയ്തത്.

Latest News