Sorry, you need to enable JavaScript to visit this website.

കാൽക്കീഴിൽ പിടഞ്ഞ മനുഷ്യർ കളമശ്ശേരിയുടെ മഹാസങ്കടം

തിക്കിലും തിരക്കിലും  പെട്ടുള്ള അപകടങ്ങളിൽ ആന്തരിക രക്ത സ്രാവവും ശ്വാസതടസ്സവുമാണ് മരണ കാരണമാകുന്നത്. ആൾക്കൂട്ടത്തിനിടയിൽ വീണുപോയാൽ എഴുന്നേറ്റു വരിക പ്രയാസകരം.  വാരിയെല്ലുകൾ തകരാം, അവ സങ്കീർണമായ അവയവങ്ങളിലേക്ക് തുളച്ചു കയറും.

കളമശ്ശേരി കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്) കാമ്പസിൽ ടെക്‌ഫെസ്റ്റിലുണ്ടായ തിക്കിലും തിരക്കിലുംപെട്ട് നാല് വിദ്യാർഥികളാണ് ഇതെഴുതുമ്പോൾ ലഭിച്ച വിവരമനുസിരിച്ച് മരിച്ചത്.  72 പേർ പരിക്കേറ്റ് ആശുപത്രികളിലാണ്.  പലരുടെയും നില  ഗുരുതരം. സിവിൽ എൻജിനീയറിംഗ് രണ്ടാം വർഷ വിദ്യാർഥിയായ കൂത്താട്ടുകുളം സ്വദേശി അതുൽ തമ്പി, രണ്ടാം വർഷ ഇലക്ട്രോണിക്‌സ് എൻജിനീയറിംഗ് വിദ്യാർഥിനി നോർത്ത് പറവൂർ സ്വദേശി ആൻ റുഫ്ത, രണ്ടാം വർഷ എൻജിനീയറിംഗ് വിദ്യാർഥിനി താമരശ്ശേരി സ്വദേശി സാറ തോമസ്, ഇതര സംസ്ഥാന വിദ്യാർഥിയായ ജിതേന്ദ്ര ദാമു എന്നിവരാണ്  ശനിയാഴ്ച മരിച്ചത്. ഇവരിൽ ആൻ റിഫ്ത ചവിട്ടു നാടകവേദിയിലെ താരമായിരുന്നു. കുറുമ്പത്തുരുത്ത് യുവകേരള ചവിട്ടു നാടകവേദിയുടെ ആശാനായിരുന്ന പിതാവ് റോയ് ജോർജു കുട്ടിയുടെ വഴിയെ സഞ്ചരിച്ച മകൾ. രാജകുമാരിയുടെ വേഷം ചെയ്തിരുന്ന ആൻ റിഫ്ത ഇനി കൂട്ടുകാരുടെയും ബന്ധുജനങ്ങളുടെയും ഓർമയിലെ രാജകമാരിയായി ജീവിക്കും.  സംഭവ ദിവസം ഓഡിറ്റോറിയത്തിൽ നടക്കാനിരുന്ന നിഖിത ഗാന്ധിയുടെ  ഗാനമേളക്ക് തൊട്ടുമുമ്പാണ് നാടിന്റെ കണ്ണീരായി മാറിയ അപകടം.  വെൽവെറ്റ് ശബ്ദമെന്ന് നിരൂപകർ വിശേഷിപ്പിക്കറുള്ള നിഖിതയെ കേൾക്കാൻ ആളുകൾ എത്തുന്നത് സ്വാഭാവികം.  ഗേറ്റിന് പുറത്തുനിന്ന് നിനച്ചിരിക്കാതെ  തള്ളിക്കയറിയപ്പോൾ പടിക്കെട്ടിൽ പരിപാടി കണ്ടുനിന്ന വളണ്ടിയർമാരടക്കം പടിക്കെട്ടിലേക്ക് വീഴുകയായിരുന്നു. ഗേറ്റ് കടന്ന് എത്തിയവരുടെ തള്ളലിൽ മുഖമടച്ച് വീണും ചവിട്ടേറ്റുമാണ് ഇവർക്ക് പരിക്കേറ്റതും നാലുപേർ മരിച്ചതും. തിക്കിലും തിരക്കിലും  പെട്ടുള്ള അപകടങ്ങളിൽ ആന്തരിക രക്തസ്രാവവും ശ്വാസതടസ്സവുമാണ് മരണ കാരണമാകുന്നത്. ആൾക്കൂട്ടത്തിനിടയിൽ വീണുപോയാൽ എഴുന്നേറ്റു വരിക പ്രയാസകരം.  വാരിയെല്ലുകൾ തകരാം, അവ സങ്കീർണമായ അവയവങ്ങളിലേക്ക് തുളച്ചു കയറും. അതിശക്തമായ ആന്തരിക രക്തസ്രാവമാണ് ഇത്തരം അപകടങ്ങൾ വരുത്തിവെക്കുന്നതെന്ന് ആരോഗ്യ രംഗത്തെ പരിചിതർ പറയുന്നു. വീണുകിടക്കുമ്പോൾ ശ്വസിക്കുന്നത് നിലത്തെ കടുത്ത പൊടിയായിരിക്കും. പരിപാടി നടന്ന വേദിയിൽ അകത്തേക്ക് കടക്കാനുള്ള സംവിധാനമല്ലാതെ പുറത്തേക്കുള്ള വഴിയൊന്നുമുണ്ടായിരുന്നില്ല. വിദ്യാർഥികളല്ലാത്ത ആളുകളും അകത്തേക്ക് കടന്നതാണ് കാരണം എന്നാണ് കോളേജധികൃതർ പറയുന്നത്. ഇതുപോലുള്ള പരിപാടികൾക്ക് ഇക്കാലത്ത് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. മൂന്നിലധികം കൊല്ലമായി കോവിഡ് കാരണം ഇതുപോലുള്ള പരിപാടികൾ നടന്നിരുന്നില്ല. അതുകൊണ്ട് തന്നെ കാണാനെത്തുന്നവരുടെ ആവേശം എല്ലാ ഇടങ്ങളിലും ഇരട്ടിയാകും. ചെറിയ പരിപാടികളിൽ പോലും ഇപ്പോൾ ആളുകൾക്ക് അമിതാവേശമാണ്.  ആരും വരുംവരായ്കളൊന്നും നോക്കാറില്ല.  പലരും  ഇത്തിരി ബോധം വന്നു തുടങ്ങിയ  പ്രായത്തിൽ ആദ്യം കാണുന്ന പരിപാടി പോലുമായിരിക്കും ഇതൊക്കെ. എങ്ങനെ വേണം ആസ്വാദനം  എന്ന് ഒരെത്തും പിടിയും കിട്ടാത്തവർ. ഇതുപോലുള്ള ഘട്ടങ്ങളിൽ നല്ല ഉപദേശം നൽകാൻ പോലീസിലെയും ഫയർ ഫോഴ്‌സിലെയുമൊക്കെ പരിശീലനം നേടിയ ഉദ്യോഗസ്ഥർക്ക് സാധിക്കും. അതിനാണ് പോലീസ് അനുമതി വാങ്ങണം എന്ന വ്യവസ്ഥ. പ്രസംഗകനും മൈക്ക് ഓപറേറ്ററും മാത്രമുള്ള  വീപ്പകുറ്റി യോഗങ്ങൾക്ക് പോലും പോലീസ് അനുമതി ആവശ്യമായ നാടാണ് കേരളം.  കുസാറ്റിലെ പരിപാടിക്ക് പോലീസ് അനുമതി ഉണ്ടായിരുന്നോ? 
പോലീസ് എന്തു ചെയ്യാനാണ് എന്നൊക്കെ ചോദിക്കുന്നത് വെറുതെയാണ്. എങ്ങനെ ഇത്തരം ഘട്ടങ്ങൾ നേരിടണമെന്ന് അവർക്കറിയാം. ഒരിക്കൽ തിരുവനന്തപുരത്തെ ഒരു സ്റ്റേഡിയവുമായി ബന്ധപ്പെട്ട ഒരു ചോദ്യത്തിന് അന്നത്തെ പോലീസ് ഓഫീസറായിരുന്ന യൂസുഫ് കുഞ്ഞ് പറഞ്ഞ മറുപടി ഓർക്കുന്നു- അത്തരം ഘട്ടത്തിൽ ഗേറ്റ് പൂട്ടുക അത്ര തന്നെ എന്നായിരുന്നു യൂസുഫ് കുഞ്ഞിന്റെ മറുപടി. കളമശ്ശേരിയിലെ  സംഭവ  സ്ഥലം സന്ദർശിച്ച എ.ഡി.ജി.പി എം.ആർ. അജിത് കുമാർ പറയുന്നത് പരിപാടി നടക്കുമ്പോൾ പറയത്തക്ക തിരക്കൊന്നും ഉണ്ടായിരുന്നില്ലെന്നാണ്. മഴ പെയ്തപ്പോൾ അപ്രതീക്ഷിതമായി ആളുകൾ ഇരച്ചു കയറി എന്നാണദ്ദേഹം പറയുന്നത്. നിരന്തര മഴ മുന്നറിയിപ്പുള്ള ഘട്ടത്തിൽ ഈ പറഞ്ഞത് ഒരു ന്യായമേ അല്ല.  
 സംസ്ഥാനത്തെ ഏറ്റവും വലിയ ആൾക്കൂട്ടമെത്തുന്ന ഇടങ്ങളിൽ കൃത്യമായ പോലീസ് വിന്യാസമാണ് കാര്യങ്ങൾ എളുപ്പമാക്കുന്നതെന്ന് ആരും സമ്മതിക്കും.  എന്നാൽ അടച്ചിട്ട ഇടങ്ങളിലും ഓഡിറ്റോറിയത്തിലും പൊതുമാർഗ നിർദ്ദേശത്തിന്റെ പ്രസക്തിയാണ് കുസാറ്റ് ദുരന്തം വഴിെവക്കുന്നതെന്നാണ് കേരള സർക്കാർ ഇപ്പോൾ തിരിച്ചറിയുന്നത്.  ഇതിന്റെ പേരിൽ ഇനിയെന്തെല്ലാം നിയന്ത്രണങ്ങൾ വരുമെന്ന് കാത്തിരുന്നു കാണാം.  കുസാറ്റിൽ  ഉപഗേറ്റുകൾ അടച്ചിട്ട അവസ്ഥയിൽ തുറന്നിട്ട ഏക ഗേറ്റിന് അൽപം മുന്നിലെങ്കിലും ബാരിക്കേഡ് വെച്ച് നിയന്ത്രിച്ചിരുന്നെങ്കിൽ വലിയ ദുരന്തം ഒഴിവാക്കാമായിരുന്നില്ലേ?  ഇങ്ങനെയൊരു നിയന്ത്രണത്തിന് പോലീസിനല്ലാതെ മറ്റാർക്കാണ് കഴിയുക. 
നിശ്ചിത സമയത്തെ ആൾക്കൂട്ട നിയന്ത്രണം പാളിയതിലെ ഗുരുതര വീഴ്ച തുറന്നു കാട്ടപ്പെട്ടതോടെ ഓഡിറ്റോറിയങ്ങളിലെ പ്രവർത്തനങ്ങളിൽ പൊതു മാർഗ നിർദേശത്തിനാണ് സംസ്ഥാന സർക്കാർ നീക്കം. ഏതാണ്ട് ഒരു വർഷം  മുമ്പ് (2022 ഓഗസ്റ്റ് 21 ) സമാന സ്വഭാവത്തിലുള്ള അപകടം കോഴിക്കോട്ട് നടക്കുകയുണ്ടായി. മരണം നടന്നില്ല എന്നത് മാത്രമാണ് അന്നത്തെ ഭാഗ്യം. വെള്ളിമാട് കുന്ന് ജെ.ഡി.ടി ഇസ്‌ലാം കോളേജ് ആർട്‌സ് ആന്റ് സയൻസ് സംഘടിപ്പിച്ച സംഗീത പരിപാടിക്കിടെ സംഘർഷമുണ്ടായപ്പോൾ ആളുകൾ തിക്കിത്തിരക്കുകയായിരുന്നു. 70 ലധികം പേർക്കായിരുന്നു  പരിക്ക്. ഇവിടെയും തിരക്ക് നിയന്ത്രിക്കാൻ ആവശ്യത്തിന് പോലീസുണ്ടായിരിന്നില്ല.
സ്‌ഫോടന ദുരന്തം നടന്ന് ഒരു മാസം തികയുന്നതിന് മുമ്പ് നടന്ന  ദുരന്തം കളമശ്ശേരിയെ മാത്രമല്ല നാടിനെയാകെ നടുക്കിയിരിക്കയാണ്. ഒക്‌ടോബർ 29 നായിരുന്നു കളമശ്ശേരി സംറ കൺവെൻഷൻ സെന്ററിൽ യഹോവ സാക്ഷികളുടെ പരിപാടിക്കിടെ ബോംബ് സ്‌ഫോടനമുണ്ടായി ആളുകൾ മരിച്ചത്. ആ സംഭവത്തിലെ മരണം ഇതുവരെ ഏഴായിട്ടുണ്ട്. രക്ഷിതാക്കളുടെ മാത്രമല്ല, നാടിന്റെയും പ്രതീക്ഷയായി മാറേണ്ടവരെയാണ് നാടിന് നഷ്ടമായിരിക്കുന്നത്. മറ്റൊന്ന് സംഭവിക്കുന്നതു വരെ മാത്രമാണ് ഇത്തരം കാര്യങ്ങൾ മനുഷ്യർ ഓർക്കുന്നത്. ശ്രദ്ധ എന്നത് ഉപനിഷത്തിലെ  ഒരു പ്രധാന അധ്യായമാണ്. ശ്രീരാമകൃഷ്ണ ആശ്രമം അത് ചെറിയ പുസ്തകമായി പ്രസിദ്ധീകരിച്ചതോർക്കുന്നു. ശ്രദ്ധ വ്യക്തികൾക്ക് മാത്രമല്ല സ്ഥാപനം നടത്തുന്നവർക്കും രാജ്യം  ഭരിക്കുന്നവർക്കും വേണം. ശ്രദ്ധക്കുറവ് കാരണം ഇതു പോലൊരു സംഭവം ഇനിയുണ്ടാകരുത് -അതാകട്ടെ കളമശ്ശേരിയുടെ പാഠം.

  

Latest News