Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കേരളത്തിലെ ആദ്യ സൗജന്യ എ.ഐ ഗ്രാഫിക് പ്രോസസിംഗ് യൂനിറ്റുമായി ടിങ്കർസ്‌പേസ്

വിദ്യാർത്ഥികൾക്ക് നിർമിത ബുദ്ധി അധിഷ്ഠിത ആദ്യ സൗജന്യ ഗ്രാഫിക് പ്രോസസിംഗ് യൂനിറ്റ് (ജിപിയു) ടിങ്കർസ്‌പേസിൽ ആരംഭിച്ചു. ടിങ്കർഹബ് ഫൗണ്ടേഷൻ കൊച്ചിയിൽ നടത്തിയ ദി ഫർദർ 2023 ജനറേറ്റീവ് എഐ സമ്മേളനത്തിലായിരുന്നു ഈ പ്രഖ്യാപനം. എല്ലാവർക്കും ടെക്‌നോളജി എന്ന പ്രമേയത്തിൽ പ്രവർത്തിക്കുന്ന ടിങ്കർ സ്‌പേസ് ഒരുക്കിയ സമ്മേളനത്തിൽ വിദ്യാർത്ഥികൾ, പ്രൊഫഷണലുകൾ തുടങ്ങിയവർ ജെനറേറ്റീവ് എഐയെക്കുറിച്ച് കൂടുതലറിയാൻ എത്തിയിരുന്നു.
എൻവിഡ എഡിഎ ലവ്‌ലേസ് ആർക്കിടെക്ചറിലാണ് അത്യാധുനിക രീതിയിൽ തയാറാക്കിയിരിക്കുന്ന ജിപിയു ഒരുക്കിയിരിക്കുന്നത്. 20 ജിബി ഗ്രാഫിക്‌സ് മെമ്മറി, മൂന്നാം തലമുറ ആർടി കോർസ്, നാലാം തലമുറ ടെൻസർ കോർസ്, നെക്സ്റ്റ് ജെൻ സിയുഡിഎ കോർസ് എന്നിവ ഇതിലുണ്ട്. ആർടിഎക്‌സ് 4000 എസ്എഫ്എഫ് എന്ന ഈ സംവിധാനം എഐ, ഗ്രാഫിക്‌സ് തുടങ്ങിയവയിൽ മികച്ച സേവനം വാഗ്ദാനം ചെയ്യുന്നു.
തുടക്കത്തിൽ വീഡിയോ ഗെയിമിനു വേണ്ടി രൂപകൽപന ചെയ്തിരുന്ന ജിപിയു സംവിധാനം ഇന്ന് നിർമിത ബുദ്ധി, മെഷീൻ ലേണിംഗ് എന്നിവയിൽ വളരെ ഫലപ്രദമാണ്. സങ്കീർണമായ ഗണനത്തിലും വലിയ ഡാറ്റാബേസ് കൈകാര്യം ചെയ്യുന്നതിലും ഏറെ നിർണായകമാണിത്. നാച്വറൽ ലാംഗ്വേജ് പ്രോസസിംഗ്, ഇമേജ് റെക്കഗ്‌നിഷൻ എന്നിവയിലെല്ലാം ജിപിയു പ്രയോജനപ്പെടുന്നു. പരീക്ഷണത്തിനും വിജ്ഞാന സമ്പാദനത്തിനുമായി അതിശക്തമായ ജിപിയു എളുപ്പത്തിൽ ലഭിക്കുകയെന്നത് കേരളത്തിന്റെ പശ്ചാത്തലത്തിൽ വളരെ പ്രധാനമാണെന്ന് ടിങ്കർഹബ് ബോർഡ് പ്രസിഡന്റും ക്ലസ്റ്റർഡെവി സഹസ്ഥാപകനുമായ സനീം പെരിങ്കടക്കാട്ട് പറഞ്ഞു. സൗജന്യവും പൊതുജനത്തിന് ലഭ്യവുമായ ആദ്യ ജിപിയു എന്ന രീതിയിൽ ഇത് ചരിത്രത്തിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.
വിദ്യാഭ്യാസ സമത്വത്തിനും സാങ്കേതിക ജനാധിപത്യത്തിനും സൗജന്യ ജിപിയു സുപ്രധാന കാൽവയ്പാണെന്ന് ടിങ്കർഹബിലെ എഐ ഗവേഷകൻ സിറിൽ സെബാസ്റ്റ്യൻ പറഞ്ഞു. നിർമിത ബുദ്ധിയിലും ഗവേഷണത്തിലും അടുത്ത തലമുറ സംവിധാനങ്ങൾ ഇതിലുൾപ്പെടുത്തിയിരിക്കുന്നു.
നൂതനത്വവും പ്രായോഗിക വിജ്ഞാനവും നേടുന്നതിൽ കേരളം കാട്ടുന്ന പ്രതിബദ്ധതയുടെ ഉദാഹരണമാണ് ഫർദർ സമ്മേളനത്തിന്റെ പരിണതഫലം. സാങ്കേതിക വിദഗ്ധർ, പ്രൊഫഷണലുകൾ എന്നിവർക്ക് വിജ്ഞാനത്തിനും പ്രായോഗിക പരിശീലനത്തിനും ഇത് ഏറെ സഹായിക്കും. കളമശ്ശേരിയിലെ ടിങ്കർസ്‌പേസിൽ നടന്ന ഫർദർ സമ്മേളനത്തിൽ 150 ലേറെ നിർമിത ബുദ്ധി ഡെവലപർമാരാണ് പങ്കെടുത്തത്. ഇതിനു പുറമെ വിദ്യാർത്ഥികൾ, പ്രൊഫഷണലുകൾ, ഗവേഷകർ, പൊതുജനങ്ങൾ തുടങ്ങിയവരും പങ്കെടുത്തു. അഭിരാമി സുകുമാരൻ (ഗൂഗിൾ), പ്രസന്ന നായർ (ഐഡിയ ട്രൈബ്), അൽപൻ റാവൽ (വാധ്വാനി എഐ) തുടങ്ങിയ പ്രമുഖരും സൈലം എഐ, കേരള ഡിജിറ്റൽ സർവകലാശാല, കേന്ദ്ര സർവകലാശാല കേരളം, ഇൻഫോസിസ് തുടങ്ങിയ സ്ഥാപനങ്ങളുടെ പ്രതിനിധികളും പങ്കെടുത്തു. നിർമിത ബുദ്ധിയിലെ പുത്തൻ പ്രവണതകൾ, ഭാവി സാങ്കേതികവിദ്യ, അവസരങ്ങൾ തുടങ്ങിയവയെക്കുറിച്ച് സദസ്സിന് ഇവർ പുതിയ ഉൾക്കാഴ്ച പകർന്നു.

Latest News